ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പെട്ടെന്നുള്ള ചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വടക്കൻ കേരളത്തിൽ മാത്രം ഒരു ഡസനോളം ഇത്തരം ‘മിന്നൽ ചുഴലികൾ’ ഉണ്ടായി. 51.4 കോടി രൂപയുടെ നാശനഷ്ടമാണ് കെഎസ്ഇബിക്കു മാത്രം ഉണ്ടായത്. വീടുകൾ തകർന്നതും മരം വീണതുമായുള്ള മറ്റു നാശനഷ്ടങ്ങളുണ്ടായെങ്കിലും കൃത്യമായ കണക്കില്ല. ഈ കാലവർഷം ആരംഭിച്ചതോടെയാണ് സംസ്ഥാനത്താകെ മിന്നൽ ചുഴലികൾ വർധിച്ചത്. ഇന്നലെ പുലർച്ചെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാഴം മലപ്പുറം, തൃശൂർ, കണ്ണൂർ ജില്ലകളിലും, ചൊവ്വ പത്തനംതിട്ട, കൊല്ലം, കാസർകോട്, വയനാട് ജില്ലകളിലും മിന്നൽ ചുഴലിക്കാറ്റുണ്ടായി. 

എന്നാൽ ഇത്തരത്തിൽ കുറഞ്ഞ സമയത്തുണ്ടാവുന്ന അതിതീവ്ര കാറ്റിനെ കാലാവസ്ഥാ വകുപ്പ് പ്രത്യേകം വിവരശേഖരണത്തിൽ ഉൾപ്പെടുത്തുന്നില്ല. തീവ്രതയനുസരിച്ച് പ്രത്യേക വിവരശേഖരണം ഇല്ലാത്തതിനാൽ വേണ്ടത്ര മുന്നറിയിപ്പുകളോ സുരക്ഷാ നിർദേശങ്ങളോ നൽകാനാവുന്നുമില്ല. കണ്ണൂർ പിണറായിയിൽ അടുത്തിടെ സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വെറും സെക്കൻഡുകൾ നീണ്ടുനിന്ന ഈ പ്രതിഭാസം റഡാറുകളുടെയോ കാലാവസ്ഥ കേന്ദ്രങ്ങളുടെയോ ശ്രദ്ധയിൽ വന്നില്ല. 20 മീറ്റർ വീതിയിലും 100–200 മീറ്റർ നീളത്തിലുമാണ് മിന്നൽ ചുഴലിക്കാറ്റ് ഉണ്ടായത്. 

ഇത്തരത്തിലുണ്ടാകുന്ന കാറ്റിന് ദൈർഘ്യം കുറവാണെങ്കിലും ആഘാതം വലുതായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കേരളത്തിലെ അന്തരീക്ഷ താപനിലയിലുണ്ടായ വർധനയാണ് ചെറു ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്നതെന്നും മഴയില്ലാത്തപ്പോൾ പ്രതലം വേഗം ചൂടേറുകയും മഴ ചെയ്യുമ്പോൾ അന്തരീക്ഷം തണുത്ത് മർദവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നതാണ് മഴയോടൊപ്പം പെട്ടെന്ന് ചുഴലിക്കാറ്റുകൾ ഉണ്ടാവാൻ കാരണമെന്നും വിദഗ്ധർ പറയുന്നു. സാധാരണ ചുഴലിക്കാറ്റുമായി ബന്ധമില്ലാത്ത പ്രതിഭാസമാണ് മിന്നൽ ചുഴലി. അതിശക്തമായ ഇടിമിന്നലിനോ പേമാരിക്കോ അകമ്പടിയായ‍ി വീശുന്നവയാണു അവ. എന്നാൽ, പകൽ നല്ല വെയിലും ഇളംകാറ്റുമുള്ള ചൂട‍ൻ അന്തരീക്ഷത്തിൽ പോലും ഇവ അപ്രതീക്ഷിതമായി ആഞ്ഞു വീശാം. 

സെക്കൻഡുകൾ മുതൽ 2 മിനിറ്റ് വരെ മാത്രമാണു ദൈർഘ്യം. എങ്കിലും മണിക്കൂറിൽ 80 മുതൽ 180 കിലോമീറ്റർ വരെ വേഗത്തിലാഞ്ഞടിക്കാൻ കഴിയും. സാധാരണ ചുഴലിയുടെ ഉദ്ഭവം, ഗതി എന്നിവയൊക്കെ  പ്രവചിക്കാൻ കഴിയും. എന്നാൽ മിന്നൽ ചുഴലിയുടെ വരവും പോക്കും അപ്രതീക്ഷിതമായിരിക്കും. കാറ്റിന്റെ വികാസം പ്രാപിക്കൽ, തീവ്രത, നീണ്ടുനിൽക്കുന്ന സമയം, രൂപം കൊള്ളുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് മിന്നൽ ചുഴലിക്ക് ഘടനാപരമായോ ചലനാത്മകമായോ ചുഴലിക്കാറ്റുമായി സാമ്യമില്ല. അതേസമയം, സംസ്ഥാനത്തു വർധിക്കുന്ന ഇവയെ മിന്നൽ ചുഴലി  എന്നു പറയുന്നത് കൃത്യമല്ലെന്നും സാധാരണ ചുഴലിക്കാറ്റിനെക്കാൾ ശക്തി കുറഞ്ഞതാണ് കേരളത്തിലുണ്ടാകുന്ന കാറ്റെന്നും  പഠനം നടത്തിയ ശേഷമേ  ഇത്തരം മാറ്റങ്ങളെക്കുറിച്ച് പറയാനാകു എന്നും ഐഎംഡി ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു.

English Summary:

Kerala Suffers Rs 51.4 Crore Loss as Lightning Tornadoes Strike North Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com