കർക്കടക വാവുബലി തർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് നഗരത്തിലും പരിസരത്തും ഗതാഗത ക്രമീകരണം
Mail This Article
തിരുവനന്തപുരം ∙ കർക്കടക വാവുബലി തർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് രാത്രി പത്തു മുതൽ നാളെ ഉച്ചയ്ക്ക് 12 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. തിരുവല്ലം ജംക്‌ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംക്‌ഷൻ വരെയുള്ള റോഡിൽ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി.
വാഹനങ്ങൾ തിരിഞ്ഞു പോകണം
വിഴിഞ്ഞം ഭാഗത്തു നിന്നു തിരുവല്ലത്തേക്കുള്ള ഗുഡ്സ്, ഹെവി വാഹനങ്ങൾ ഇന്ന് അർധ രാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്നു തിരിഞ്ഞു ബാലരാമപുരം ഭാഗത്തേക്കു പോകണം. ചാക്ക ഭാഗത്തു നിന്നു വിഴിഞ്ഞത്തേക്കു പോകുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ ഈഞ്ചക്കലിൽ നിന്നു തിരിഞ്ഞ് അട്ടക്കുളങ്ങര- കിള്ളിപ്പാലം - പാപ്പനംകോട് വഴി പോകണം. കരുമം ഭാഗത്തു നിന്ന് തിരുവല്ലം ക്ഷേത്രം ജംക്‌ഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവല്ലം എൽപിഎസ് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പാച്ചല്ലൂർ ഭാഗത്തേക്ക് പോകണം. ബിഎൻവി സ്കൂൾ മുതൽ പാച്ചല്ലൂർ വരെയുള്ള റോഡിൽ പാച്ചല്ലൂർ ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിച്ചിട്ടുള്ളൂ. വണ്ടിത്തടം ഭാഗത്ത് നിന്ന് തിരുവല്ലത്തേക്കു വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു വാഴമുട്ടം - ബൈപാസ് റോഡ് വഴി തിരുവല്ലത്തേക്കു പോകണം.
ഇവിടെ പാർക്ക് ചെയ്യാം
ബലി തർപ്പണത്തിന് 4 ചക്ര വാഹനങ്ങളിൽ എത്തുന്നവർ ബൈപാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപം സർവീസ് റോഡിലെ പാർക്കിങ് ഗ്രൗണ്ടുകളിലും ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കുമരിച്ചന്ത മുതൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് വരെ ഇരുവശത്തുമുള്ള ബൈപാസ് റോഡിൽ ഇടത് വശം ചേർത്തും തിരുവല്ലം ഹൈവേയിലെ 'യു' ടേൺ മുതൽ വാഴമുട്ടം ഭാഗത്തേക്ക് ബൈപാസ് റോഡിന്റെ ഇടതുവശം ചേർത്തും 4 ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇരു ചക്ര വാഹനങ്ങൾ വേങ്കറ ക്ഷേത്രം സർവീസ് റോഡിലെ പ്രത്യേക പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. തിരുവല്ലം ഹൈവേയിലെ 'യു' ടേൺ മുതൽ ടോൾ ഗേറ്റ് വരെ സർവീസ് റോഡിൽ ഇടതു വശം ചേർത്തും, സ്റ്റുഡിയോ ജംൿഷൻ മുതൽ പാച്ചല്ലൂർ മോസ്ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും, ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
പാർക്കിങ് നിയന്ത്രണം
∙ കുമരിച്ചന്ത – കോവളം ബൈപാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് ജംക്‌ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ.
∙ വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലി കടവ് വരെയുള്ള സർവീസ് റോഡ്.
∙ തിരുവല്ലം ജംക്‌ഷൻ - പരശുരാമ ക്ഷേത്ര റോഡ്
∙ തിരുവല്ലം ജംക്‌ഷൻ മുതൽ ബിഎൻവി സ്കൂൾ വരെയുള്ള റോഡ്.
∙ തിരുവല്ലം എൽപി സ്കൂൾ ജംക്‌ഷൻ മുതൽ സ്റ്റുഡിയോ ജംക്‌ഷൻ വരെയുള്ള റോഡ്. ഈ സ്ഥലങ്ങളിൽ ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.