പിതൃപുണ്യം തേടി; സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ
Mail This Article
ശിവഗിരി
വർക്കല∙ കർക്കടക വാവിനോട് അനുബന്ധിച്ച് വിവിധ സ്നാന ഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനു വിപുലമായ ഒരുക്കങ്ങൾ. പിതൃക്കൾക്കു ബലിതർപ്പണത്തിനു ശിവഗിരി മഠത്തിലും ഒരുക്കങ്ങൾ പൂർത്തിയായി. ശനി പുലർച്ചെ മുതൽ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റു വൈദികരും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ശാരദാമഠത്തിന് സമീപം അന്നക്ഷേത്രത്തിലെ വിശാലമായ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. വഴിപാടു കൗണ്ടറിൽ കൂടുതൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിനും ഉച്ച സമയത്തെ ഗുരുപൂജാ പ്രസാദത്തിനും വഴിപാടു കൗണ്ടറിൽ നിന്നുള്ള ടോക്കണുമായി എത്തിയാൽ മതിയാകും.
ഗുരുപൂജയ്ക്കൊപ്പം മഹാഗുരുപൂജ സമർപ്പിക്കാനും സൗകര്യമുണ്ട്. ഗുരുപൂജ പ്രസാദം അന്നദാനത്തിനു കാർഷികവിളകളോ പലവ്യജ്ഞനങ്ങളോ സമർപ്പിക്കാൻ താൽപര്യമുള്ളവർക്കു അതിനും സൗകര്യമുണ്ട്. ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, കുന്നുംപാറക്ഷേത്രം, ആലുവ അദ്വൈതാശ്രമം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, പൊങ്ങണംകാടു ആശ്രമം, പഴഞ്ഞി ഗുരുപ്രഭാവാശ്രമം എന്നിവിടങ്ങളിലും ബലിതർപ്പണം ഉണ്ടായിരിക്കുമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
അരുവിപ്പുറം
നെയ്യാറ്റിൻകര ∙ ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ പ്രതിഷ്ഠയാൽ പ്രസിദ്ധമായ അരുവിപ്പുറം ക്ഷേത്രത്തിൽ കർക്കടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. നാളെ പുലർച്ചെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കും.
ഒറ്റത്തവണ 500 പേർക്ക് ബലിതർപ്പണം നടത്താൻ സൗകര്യമുണ്ട്. ക്ഷേത്ര വളപ്പിലും നെയ്യാർ നദിക്കരയിലും പ്രത്യേകം ബാരിക്കേഡുകൾ നിരത്തിയാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. വനിതാ പൊലീസ് അടക്കം സേനയെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാനും വലിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ പ്രത്യേക നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. നദിക്കരയിൽ ഫയർ ഫോഴ്സിന്റെ സേവനം ഉറപ്പു വരുത്തും. ആംബുലൻസ് സൗകര്യത്തോടെ ആരോഗ്യ വകുപ്പും സുസജ്ജമാകും.
പുവമ്പാറ ക്ഷേത്രം
ആറ്റിങ്ങൽ∙ പൂവമ്പാറ ശിവഭദ്രാ ദേവി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി 7 മുതലും ശനിയാഴ്ചയും ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുളിയ്ക്കച്ചിറ ക്ഷേത്രം
പോത്തൻകോട് ∙ വാവറ പുളിയ്ക്കച്ചിറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണം നാളെ രാവിലെ 5ന് തുടക്കമാകും. കൊപ്പം വാരണകുടത്തുമന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികനാകും. ഒരേസമയം 100 പേക്ക് ബലിതർപ്പണവും തിലഹോമവും നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അയണിഊട്ട് തമ്പുരാൻ ക്ഷേത്രം
ബാലരാമപുരം∙ പുതിച്ചൽ അയണി ഊട്ട്തമ്പുരാൻ ക്ഷേത്രത്തിൽ 3ന് രാവിലെ 5 മുതൽ കർക്കടക വാവുബലി തർപ്പണത്തിനും തിലഹോമത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് മേൽശാന്തി ഭജഗോവിന്ദം സുധി പോറ്റിയും വെൺപകൽ ഷാജിയും കാർമികത്വം വഹിക്കും. അംഗ പരിമിതർക്കും മുതിർന്നവർക്കും ഇരുന്ന് ബലിയിടുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെങ്കൽ മഹേശ്വരം
നെയ്യാറ്റിൻകര ∙ ചെങ്കൽ മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. കാഞ്ഞിരമൂട്ടു കടവിൽ നാളെ പുലർച്ചെ 4.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. മഠാധിപതിയുടെ നേതൃത്വത്തിൽ ഒട്ടേറെ ആചാര്യന്മാർ പിതൃതർപ്പണങ്ങൾക്കു നേതൃത്വം നൽകും. ഒരേ സമയം നൂറോളം പേർക്ക് പങ്കെടുക്കാം. സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേകം സർവീസ് നടത്തും. ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മഠാധിപതി അറിയിച്ചു.
വലിയകട്ടയ്ക്കാൽ മഹാദേവ ക്ഷേത്രം
ആര്യനാട്∙ കോട്ടയ്ക്കകം വലിയകട്ടയ്ക്കാൽ മഹാദേവ ക്ഷേത്രം ആറാട്ട് കടവിൽ 3ന് പുലർച്ചെ 5:30 മുതൽ കുളപ്പട ശ്രീധരൻ പോറ്റിയുടെ കാർമികത്വത്തിൽ ബലിതർപ്പണം നടക്കും.
നെയ്യാറിനു തീരത്തെ ക്ഷേത്രങ്ങൾ
കാട്ടാക്കട ∙ നെയ്യാറിന്റെ തരത്തെ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നായ മാറനല്ലൂർ അരുവിക്കര ധർമശാസ്താ ക്ഷേത്രത്തിൽ ഇക്കുറി വിപുലമായ ഒരുക്കങ്ങൾ . സ്ത്രീകൾ,കുട്ടികൾ,മുതിർന്നവർ,അംഗ പരിമിതർ എന്നിവർക്ക് പ്രത്യേക സംവിധാനം ഒരുക്കും. രാവിലെ 3.30മുതൽ ബലിതർപ്പണം തുടങ്ങും. ക്ഷേത്ര പരിസരത്തിനു പുറമെ നെയ്യാറിന്റെ തീരത്ത് 5 തർപ്പണ കേന്ദ്രമുണ്ട്. ഒരേ സമയം 1200 പേർക്ക് ബലിതർപ്പണത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു രാവിലെ മുതൽ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കും.
∙ ചെമ്പനാകോട് ഹനുമാൻ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നെയ്യാർ മാടത്താന്നി കടവിൽ ബലിതർപ്പണത്തിനു സൗകര്യം ഒരുക്കും. തിലഹോമത്തിനുള്ള സൗകര്യം ഉണ്ട്. രാവിലെ 5.30ന് ബലിതർപ്പണം തുടങ്ങും.
∙ കാട്ടാക്കട മൊളിയൂർ മഹാദേവർ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബലിതർപ്പണം രാവിലെ 5മുതൽ നടക്കും. തില ഹോമവും ഉണ്ട്.
∙ പ്ലാവൂർ കമുകിൻകുഴി അനന്തമൂർത്തി ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ ക്ഷേത്ര തന്ത്രി പത്മനാഭൻ പോറ്റിയുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
∙ കൂവളശ്ശേരി മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 5 മണിമുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം ഉണ്ണികൃഷ്ണൻ പോറ്റി,വിഷ്ണു പോറ്റി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ആറ്റിൻപുറം ദുർഗാദേവി ക്ഷേത്രം
നെടുമങ്ങാട്∙ ആറ്റിൻപുറം ദുർഗാദേവി ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപ്പണവും തിലഹോമവും ക്ഷേത്ര ബലിക്കടവിൽ 3 ന് രാവിലെ 4.30 മുതൽ നടക്കുക. ചടങ്ങുകൾ ക്ഷേത്ര മേൽശാന്തി ബിനീഷ് വിനായക് പോറ്റിയുടെ കാർമികത്വത്തിലാണ് നടക്കുക.
കരുപ്പൂര് ഭദ്രകാളി ക്ഷേത്രം
നെടുമങ്ങാട്∙ കരുപ്പൂര് ഭദ്രകാളി ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപ്പണം 3 ന് രാവിലെ 5 മണി മുതൽ പ്രദീപ് നാരായണന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.
മീൻമുട്ടി ഉമാമഹേശ്വര ക്ഷേത്രം
നന്ദിയോട് മീൻമുട്ടി ഉമാമഹേശ്വര ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പുലർച്ചെ 5 മണിമുതൽ നടക്കുന്ന ചടങ്ങുകൾക്ക് ശ്രീകാര്യം അരുൺപോറ്റി, വെമ്പായം രഞ്ജിത് പോറ്റി, വലിയമല വിജിത് പോറ്റി എന്നിവർ കാർമികത്വം വഹിക്കും
പുലിയൂർ ക്ഷേത്രം
നന്ദിയോട് പുലിയൂർ മഹാദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര കടവിൽ ബലിതർപ്പണവും തിലഹോമവും നടക്കും. അരുമന വിഷ്ണുപോറ്റി കാർമികത്വം വഹിക്കും
ഉടയൻപാറ ക്ഷേത്രം
പൊട്ടൻചിറ ഉടയൻപാറതമ്പുരാൻകാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പുലർച്ചെ 4മുതൽ 11 മണിവരെ ബലിതർപ്പണവും തിലഹോമവും നടക്കും. ക്ഷേത്ര തന്ത്രി മണിമംഗലം അരവിന്ദ് ഭാസ്കർ കാർമികത്വം വഹിക്കും.
കുട്ടത്തിക്കരിക്കകം ക്ഷേത്രം
പെരിങ്ങമ്മല കുട്ടത്തികരിക്കകം ദുർഗാ ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര കടവിൽ പിതൃതർപ്പണം തിലഹോമം എന്നിവ നടക്കും. പുലർച്ചെ 4.30മുതൽ 10മണി വരെ നടക്കുന്ന ചടങ്ങുകൾക്ക് സപ്താഹ ആചാര്യൻ വയലഅരവിന്ദാക്ഷൻ, കോട്ടുക്കൽ മഹേശ്വരൻ പോറ്റി എന്നിവർ കാർമികത്വം വഹിക്കും.
വെമ്പ് ക്ഷേത്രം
നന്ദിയോട് വെമ്പ് ഭൂതത്താൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പുലർച്ചെ 4മണിമുതൽ ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. കല്ലിയോട് ശ്രീരുദ്രാമഠം ഗൗതമൻ ഉണ്ണികൃഷ്ണൻ കാർമികത്വം വഹിക്കും
കുന്നിൽ മേലാങ്കോട് ക്ഷേത്രം
പെരിങ്ങമ്മല ടിബിജി ജംക്ഷൻ കുന്നിൽ മേലാങ്കോട് ദേവീക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ചിപ്പൻചിറ ഇരുമ്പ് പാലം കടവിൽ പുലർച്ചെ 4മുതൽ ബലിതർപ്പണം നടക്കും. മേൽശാന്തി രാജേഷ് പോറ്റി കാർമികത്വം വഹിക്കും
പേരയം ക്ഷേത്രം
നന്ദിയോട് പേരയം ആയിരവില്ലി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര കടവിൽ ബലിതർപ്പണം നടക്കും. മേൽശാന്തി വൈക്കം ത്യാഗരാജൻ പോറ്റി കാർമികത്വം വഹിക്കും.
സത്രക്കുഴി ക്ഷേത്രം
പാലോട് സത്രക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ആറ്റുകടവിൽ ബലിതർപ്പണം നടക്കും. സുന്ദരേശൻ ജ്യോത്സ്യർ മുഖ്യ കാർമികത്വം വഹിക്കും.
ഇരുമ്പ് പാലം ത്രിവേണി സംഗമം
ആർഎസ്എസ് ജവാഹർക്കോളനി ശാഖയുടെ നേതൃത്വത്തിൽ ചിപ്പൻചിറ ഇരുമ്പ്പാലം ത്രിവേണി സംഗമത്തിൽ പിതൃതർപ്പണം തിലഹഹോമം എന്നിവ നടക്കും. കോഴിക്കോട് ഭാരതീയ ധർമപ്രചാര സഭ ജോത്സ്യർ സ്വരാജ് ശാന്തി കാർമികത്വം വഹിക്കും.
സൂര്യകാന്തി കടവിൽ
ചെറ്റച്ചൽ∙ വാമനപുരം നദിയിലെ വിതുര ചെറ്റച്ചൽ സൂര്യകാന്തി കടവിൽ ശനിയാഴ്ച പുലർച്ചെ 4 മുതൽ ബല തർപ്പണത്തിന് സൗകര്യം ഉണ്ടാകും. ചെറ്റച്ചൽ മേലാംകോട് ദേവീ ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ചടങ്ങുകൾ. തിലഹവനത്തിനും സൗകര്യമുണ്ടാകും. മേൽശാന്തി സരീഷ് പോറ്റി കാർമികത്വം വഹിക്കും.
വർക്കലയിൽ ഗതാഗത നിയന്ത്രണം
വർക്കല ∙ കർക്കടകവാവു ബലിയോടനുബന്ധിച്ചു വർക്കലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മുതൽ മുതൽ ശനിയാഴ്ച ഉച്ചവരെയാണ് നിയന്ത്രണം. പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽ നിന്നും പാപനാശത്തേക്കു വരുന്ന ബസുകൾ വർക്കല, പുന്നമൂട്, കൈരളി നഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെപ്പോകണം.
കാപ്പിൽ ഭാഗത്ത് നിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്മുക്കിൽ നിന്നും വലത്തേക്കു തിരിഞ്ഞ് മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്. അയിരൂർ, നടയറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നടയറ നിന്നും ഇടത്തേക്ക് തിരിഞ്ഞ് എസ്എൻ കോളജ്, പാലച്ചിറ, പുത്തൻചന്ത, മൈതാനം, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴി പോകണം. കിളിത്തട്ടുമുക്ക് നിന്നും ആൽത്തറമൂട്, കൈരളിനഗർ എന്നിവിടങ്ങളിലേക്കു വാഹനങ്ങൾ കടത്തിവിടില്ല.
വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. ശിവഗിരി എസ്എൻ കോളജ്, എസ്എൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാം. ഹെലിപാഡ്, പെരുംകുളം, നടയ്ക്കാവുമുക്ക്, റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാം. പുന്നമൂട് ഗവ. ഐടിഐ, വാച്ചർമുക്ക്, നന്ദാവനം, മൈതാനം കൃഷിഭവനു സമീപം, ആയുർവേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാമെന്ന് വർക്കല പൊലീസ് അറിയിച്ചു.