കടമ്പ് വൃക്ഷത്തിന് ആയുർവേദ ചികിത്സ
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം പബ്ലിക് ലൈബ്രറി അങ്കണത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള അപൂർവ കടമ്പ് വൃക്ഷത്തിന് ആയുർവേദ ചികിത്സ നടത്തി. വൃക്ഷത്തിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയാണ് ചികിത്സ നടന്നത്. കോട്ടയം വൃക്ഷ –പരിസ്ഥിതി സംഘടനയിലെ വൃക്ഷവൈദ്യനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
നാലര മണിക്കൂർ നീണ്ടു നിന്ന ചികിത്സയിൽ 3 ഘട്ടങ്ങളിലായി 15 ഓളം ഔഷധക്കൂട്ടുകൾ മരത്തിൽ തേച്ചു പിടിപ്പിച്ചു. മരം പൂർണമായും കഴുകിയ ശേഷം വിഴൽ അരി, ഉണക്കലരി മിശ്രിതം പാലിൽ കുഴച്ച് തേച്ചുപിടിപ്പിച്ചു. രണ്ടാംഘട്ടത്തിൽ വിവിധ ഭൂ വിഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണു കുഴച്ചു പൊത്തി.
വിവിധ ആയുർവേദ മിശ്രിതങ്ങളും പഴങ്ങളും പാലും ചേർത്ത മിശ്രിതം മൂന്നാം ഘട്ടത്തിൽ മരത്തടിയിൽ തേച്ചു പിടിപ്പിച്ചു കോറത്തുണി കൊണ്ടു ചുറ്റി. ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിച്ചു. 6 മാസത്തിനകം ഫലം കാണുമെന്നാണു പ്രതീക്ഷ. ഇതിനകം 204 വൃക്ഷങ്ങൾക്കു ബിനു ചികിത്സ നടത്തിയിട്ടുണ്ട്. പബ്ലിക് ലൈബ്രറിയും ട്രീ വാക്കും ചേർന്നാണ് കടമ്പുമരത്തിന് ചികിത്സ ഒരുക്കിയത്.