ADVERTISEMENT

വിഴിഞ്ഞം∙ ശക്തമായ കടൽക്ഷോഭത്തിലും കാറ്റിലും പുറംകടലിൽ വള്ളങ്ങൾ തലകീഴായി മറിഞ്ഞ് 2 പേരെ കാണാതായതോടെ തീരം ആശങ്കയിൽ. 2 വള്ളങ്ങളിലെ എഴംഗ മത്സ്യത്തൊഴിലാളികളിൽ 2 പേരെയാണ് കാണാതായത്. രക്ഷപ്പെട്ട 5 പേരിൽ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പൂന്തുറ ആലുകാട് മദർതെരേസ നഗറിൽ ക്ലീറ്റസ്(52), വിഴിഞ്ഞം കോട്ടപ്പുറം നിവാസി ഫ്രെഡി(45) എന്നിവരെയാണ് കടലിൽ കാണാതായത്. ക്ലീറ്റസ് ഉൾപ്പെടെ നാലംഗ സംഘം സഞ്ചരിച്ച വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ ലിജു(30), കുമാർ‌(50), രാജൻ(55) എന്നിവരെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കാണാതായ ഫ്രെഡിക്കൊപ്പമുണ്ടായിരുന്ന മൈക്കേൽ(60),രാജു( 35) എന്നിവരെ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് മറൈൻ ആംബുലൻസ് പ്രതീക്ഷയാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. 

അപകടത്തിൽപെട്ട കുമാർ,ലിജു,രാജു എന്നിവരെ മറ്റു വള്ളക്കാർ 
രക്ഷിച്ച് വിഴിഞ്ഞം തീരത്ത് എത്തിച്ചപ്പോൾ.
അപകടത്തിൽപെട്ട കുമാർ,ലിജു,രാജു എന്നിവരെ മറ്റു വള്ളക്കാർ രക്ഷിച്ച് വിഴിഞ്ഞം തീരത്ത് എത്തിച്ചപ്പോൾ.

അപകടത്തിൽ സാരമായി പരുക്കേറ്റ മൈക്കേൽ,രാജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശരായ ലിജു, കുമാർ, രാജൻ എന്നിവരും പ്രാഥമിക ചികിത്സ തേടി. കാണാതായവർക്കായി മറൈൻ എൻഫോഴ്സ്മെന്റ്, വിഴിഞ്ഞം കോസ്റ്റ്ഗാർഡ് എന്നിവ തിരച്ചിൽ തുടങ്ങി. ചൊവ്വ വൈകിട്ടാണ് രണ്ടു വള്ളങ്ങളിലായി സംഘം കടലിൽ പോയത്. കാലാവസ്ഥ അനുകൂലമെന്ന നിലയ്ക്കാണ് തങ്ങൾ വള്ളമിറക്കിയതെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. എന്നാൽ കടൽക്ഷോഭം സംബന്ധിച്ച് അറിയിപ്പു നൽകുന്നുണ്ടെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.

അർധരാത്രിക്കു ശേഷമായിരുന്നു കടൽക്ഷോഭം തുടങ്ങിയത്. വലവീശി കാത്തിരിക്കെയായിരുന്നു വലിയ തിരയിൽ വള്ളങ്ങൾ തലകീഴായി മറിഞ്ഞത്. ഇരുട്ടിൽ തെറിച്ചു പോയ ക്ലീറ്റസ് ഉൾപ്പെട്ട വള്ളത്തിലെ ശേഷിച്ചവർ പരസ്പരം വിളിച്ചു കണ്ടെത്തി നീന്തിയും കൈകൾ കോർത്തും പിടിച്ചുകിടന്നു. ഇതിനിടെയാണ് ക്ലീറ്റസിനെ കാണാതായതെന്ന് ബന്ധുവും രക്ഷപ്പെട്ട സംഘാംഗവുമായ ലിജു പറഞ്ഞു. കാറ്റും തിരയും തിരച്ചിലിനു തടസ്സമായി. പുലർച്ചെയോടെയാണ് മറ്റൊരു വള്ളം രക്ഷയ്ക്കെത്തിയത്. 

ഇതേസമയത്താണ് ഫ്രെഡി ഉൾപ്പെട്ട സംഘത്തിന്റെ വള്ളവും മറിഞ്ഞത്. മറിഞ്ഞപ്പോൾ തന്നെ രാജു, മൈക്കേൽ എന്നിവർ നീന്തി മറിഞ്ഞ വള്ളത്തിന് മുകളിൽ കയറി. ഫ്രെഡിയെ കാണാനായില്ല.മണിക്കൂറുകളോളം ഇരുവരും നീന്തിക്കിടന്നു. അവശരായതോടെ മറിഞ്ഞ വള്ളത്തിനു മുകളിൽ കയറി. ഒഴുക്കിനുസരിച്ചു വള്ളം നീങ്ങുന്നതിനിടെയായിരുന്നു രക്ഷാ ബോട്ട് ഇവരെ കണ്ടെത്തിയത്. തുടർന്ന് മറൈൻ ആംബുലൻസിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി കരയിലെത്തിച്ചു.

വള്ളത്തിനു മുകളിൽ, ജീവൻ കയ്യിൽ പിടിച്ച്...
വിഴിഞ്ഞം∙ വള്ളം മറിഞ്ഞപ്പോൾതന്നെ നീന്തിക്കിടക്കാനായതാണ് മൈക്കേലിനും രാജുവിനും രക്ഷയായത്. ഫ്രെഡിക്ക് ഇതിനു കഴിഞ്ഞില്ല. തിരയടിയിൽപെട്ടു വള്ളത്തിനു മുകളിൽനിന്നു തെറിച്ചു വീഴാതിരിക്കാനും ഇരുവരും പാടുപെട്ടു. കാണാതായ ക്ലീറ്റസിനായി തിരച്ചിലിനിറങ്ങിയ മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസ് ഇരുവരെയും കണ്ടെത്തി രക്ഷിക്കുകയായിരുന്നു. സിപിഒ അജീഷ്, ക്യാപ്റ്റൻ വാൽ‌ത്തൂസ് ശബരിയാർ, ചീഫ് അരവിന്ദൻ, നഴ്സ് കുബർ‌ട്ടിൻ, ക്രൂ സാൽവിൻ ഗ്ലാൻ, ലൈഫ്ഗാർഡുമാരായ കൃഷ്ണൻ, ജമാലുദീൻ, റോബർട്ട്, മാർട്ടിൻ, കോസ്റ്റൽ എസ്ഐ മാർട്ടിൻ, സിപിഒ രാഹുൽ വാർഡന്മാരായ സാദിഖ്, വാഹിദ് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാദൗത്യം നടത്തിയത്. കടലിൽ മറിഞ്ഞ നിലയിൽ കണ്ടെത്തിയ രണ്ടു വള്ളങ്ങൾ മത്സ്യത്തൊഴിലാളികളുൾപ്പെട്ട സംഘവും മറൈൻ ആംബുലൻസും ചേർന്നു കെട്ടിവലിച്ചു കരക്കെത്തിച്ചു.

കുടുംബത്തിന് ഇരട്ടി ആഘാതം
കടലിൽ കാണാതായ ക്ലീറ്റസിന്റെ മകൻ ലീൻ ക്ലീറ്റസ് 4 വർഷം മുൻപാണ് മത്സ്യബന്ധനത്തിനിടെ കടലിൽ മിന്നലേറ്റു മരിച്ചത്. ഇതോടെ രണ്ടു പെൺമക്കളുൾപ്പെട്ട കുടുംബത്തിന് ക്ലീറ്റസ് ഏക ആശ്രയമായി. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും കുടുംബം പോറ്റാനാണ് ക്ലീറ്റസ് കടൽപ്പണിക്കു പോയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടത്തെ അതിജീവിച്ചു തങ്ങളുടെ പ്രിയപ്പെട്ടവൻ മടങ്ങിയെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

ജീവനു വേണ്ടി കൈകോർത്ത്...
ക്ഷോഭിച്ച കടലിൽ ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ചു പരസ്പരം കൈകൾ കോർത്തു ജീവനു വേണ്ടി മല്ലടിച്ചു ലിജുവും കുമാറും രാജുവും കിടന്നത് മണിക്കൂറുകൾ... ഇരുട്ടും കടലിന്റെ രൗദ്രതയും ഇവരുടെ ഭയം ഇരട്ടിയാക്കി. ആരെങ്കിലും രക്ഷയ്ക്കെത്തണേ എന്ന പ്രാർഥനയായിരുന്നു മനസ്സിൽ. മരിച്ചെന്ന് മനസ്സിലുറപ്പിച്ച് സമയത്താണ് വിഴിഞ്ഞം സ്വദേശി ആൽബിയുൾപ്പെട്ട സംഘത്തിന്റെ വള്ളം എത്തിയതും രക്ഷകരായതുമെന്നു ലിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com