തിരുവിതാംകൂർ സഹകരണ സംഘത്തിൽ 10 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; പൊലീസ് അന്വേഷണം തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ തകരപ്പറമ്പ് ശാഖയിൽ 10 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ്. പണം നഷ്ടമായ നിക്ഷേപകരുടെ പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചു. നിലവിൽ 85 പേരാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ 3 പേരുടെ പരാതിയിൽ ഇന്നലെ രാത്രിയോടെ കേസ് റജിസ്റ്റർ ചെയ്തു. സ്റ്റാച്യു സ്വദേശി ടി.സുധാദേവി (77)യുടെ പരാതിയിലാണ് ആദ്യം കേസ് എടുത്തത്. ഇവർക്ക് 8.5 ലക്ഷം രൂപയാണ് നഷ്ടമായത്. 2017 മാർച്ച് 4 മുതൽ ഇവർ പലതവണകളായി പണം നിക്ഷേപിച്ചു.
കഴിഞ്ഞ ഏപ്രിൽ 28ന് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം തിരികെ നൽകിയില്ല. വെള്ളനാട് സ്വദേശി ദിനചന്ദ്രന് 20 ലക്ഷം രൂപയും വഞ്ചിയൂർ ചിറക്കുളം സ്വദേശി വി.എസ്.ദിവ്യയ്ക്ക് 4.70 ലക്ഷം രൂപയും ലഭിക്കാനുണ്ട്. നിക്ഷേപകരെ പല അവധികൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതർ കൈമലർത്തി. ഇതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പണം നഷ്ടമായ 92 പേർ ചേർന്നു വാട്സ് ആപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദിനചന്ദ്രൻ പറഞ്ഞു. പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയിൽ നിന്നുള്ള തുകയാണ് പലരും നിക്ഷേപിച്ചത്. ഓരോ ദിവസം 5 വീതം കേസുകൾ റജിസ്റ്റർ ചെയ്യാനാണു പൊലീസ് തീരുമാനം. നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റിയെന്നും ഭരണസമിതി അംഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 2004ൽ ആണ് സംഘം പ്രവർത്തനം ആരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
കേസുകൾ റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറാനാണ് സാധ്യത. 3 കോടി രൂപയിൽ കൂടുതലുള്ള സാമ്പത്തികത്തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകും.
32 കോടിയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്
ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഭരണസമിതി അംഗങ്ങൾ വരുത്തിയ ഗുരുതര വീഴ്ച കാരണം സംഘത്തിന് 32 കോടിരൂപ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഷ്ടം ബന്ധപ്പെട്ട കാലയളവിലെ ഭരണസമിതി അംഗങ്ങളിൽ നിന്നു പലിശ ഈടാക്കണമെന്നും സഹകരണ അസി.റജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്ടർ എം.എസ്.ദേവസേനൻ നായർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.