ADVERTISEMENT

കല്ലമ്പലം∙ നാവായിക്കുളം ഡീസന്റ് മുക്കിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയ മുപ്പതോളം  കോഴികൾ ചത്തു.  ഡീസന്റ്മുക്ക് പാറച്ചേരി ഷമീന മൻസിലിൽ ഐഷാബിവിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. 2 കോഴികളുടെ തല നഷ്ടപ്പെട്ട നിലയിലും ബാക്കിയുള്ളവ കൂട്ടിൽ ചത്ത നിലയിലും ആയിരുന്നു. ഷെഡിന്റെ വാതിൽ തകർത്ത നിലയിലും കണ്ടെത്തി. വളർത്തിയിരുന്ന കോഴികൾ മുഴുവൻ ചത്തതിന്റെ വിഷമത്തിലാണ് വീട്ടമ്മയും കുടുംബവും. 

2 ദിവസം മുൻപ് സമീപത്തെ അനന്ത ഭവനത്തിൽ രുക്‌മിണിയുടെ വീട്ടിലും സമാന സംഭവം നടന്നതായി പറയുന്നു. അവിടെ നാൽപതോളം കോഴികളെ ആണ് ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ആണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡീസന്റ്മുക്ക് റസിഡൻസ് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

പ്രദേശത്തെ റബർ കാടുകൾ കേന്ദ്രീകരിച്ച് വള്ളി പൂച്ചയുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും കൂടുതലാണ്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത്‌ നിന്നു  നടപടി ഉണ്ടാകാത്തതിൽ നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്. നാവായിക്കുളം, ഡീസന്റ്മുക്ക്, പുതുശ്ശേരിമുക്ക്,പുല്ലൂർമുക്ക് മേഖലകളിൽ അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.

 ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയും കനത്ത നഷ്ടങ്ങൾ പെരുകുകയും ചെയ്തിട്ടും നടപടിയുണ്ടായിട്ടില്ല. നായ്ക്കൾ പെരുകി ആക്രമണകാരികൾ ആയി നാടിനു തന്നെ ഭീഷണിയായിരിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് വ്യാപകമായതോടെയാണ് തെരുവ് നായകൾ മാലിന്യം ഭക്ഷിക്കാൻ കൂട്ടത്തോടെ എത്തുന്നത്.

ഒറ്റ രാത്രിയിൽ നഷ്ടപ്പെട്ടത് 30 കോഴികൾ; വരുമാന മാർഗം നഷ്ടപ്പെട്ടെന്ന് ഐഷാബീവി
കല്ലമ്പലം ∙ 30 കോഴികൾ ഒറ്റ രാത്രി നഷ്ടമായതിന്റെ സങ്കടത്തിലാണ് ഡീസന്റ്മുക്ക് സ്വദേശി ഐഷാബീവി. കടം വാങ്ങിയെങ്കിലും കോഴി വളർത്തൽ തുടരാൻ തന്നെ തീരുമാനം. കോഴി വളർത്തലാണ് ഏക വരുമാന മാർഗം. 4 തവണ ഇത്തരത്തിൽ നഷ്ടങ്ങൾ സംഭവിച്ചു. മുൻപ് ഉണ്ടായ നഷ്ടങ്ങൾ എല്ലാം ചെറുതായിരുന്നു. 10 കോഴികളെ വരെ കീരി പിടിച്ച സംഭവങ്ങൾ ഉണ്ടായതോടെ കൂട് ബലപ്പെടുത്തി. 

തുടർന്ന് സമീപത്ത് തെരുവു നായകളുടെ ശല്യവും പെരുകി. എന്നാൽ ഒരു തരത്തിലും നായകളും മറ്റും കയറാത്ത നിലയിലായിരുന്നു കൂട് നിർമിച്ചിരുന്നത്. മുട്ട വിൽക്കുന്നതിന് ഒപ്പം ഇറച്ചി ആവശ്യത്തിന് കോഴിയെ മൊത്തമായും വിൽപനയുണ്ടായിരുന്നു കോഴികൾ ചത്ത സംഭവത്തിൽ ആർക്കും പരാതി നൽകിയില്ലെന്നും സംഭവം അറിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഐഷാബീവി പറഞ്ഞു പരാതി നൽകിയിട്ടും കാര്യമില്ലെന്നും ഇവർ പറഞ്ഞു. 

പ്രദേശത്ത് അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളുടെ ശല്യത്തെക്കുറിച്ച് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ട് പോലും നടപടി ഉണ്ടായില്ല. സമീപ കാലത്ത് നാട്ടിൽ പേപ്പട്ടി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വളർത്തു മൃഗങ്ങളെ കടിക്കുകയും ചെയ്ത സംഭവങ്ങൾ അറിഞ്ഞിട്ടു പോലും നടപടിയുണ്ടായില്ലെന്നും ഐഷാ ബീവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com