വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും പേരിന്; നഗരയാത്രക്കാർക്ക് നായ്പ്പേടി കൂട്ട്
Mail This Article
തിരുവനന്തപുരം∙ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള കോർപറേഷന്റെ പദ്ധതി മുടങ്ങിയിട്ട് 4 മാസം. പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ സ്വകാര്യ ഏജൻസിയുമായി ഉണ്ടാക്കിയ കരാർ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കോർപറേഷൻ ശ്രമിക്കാത്തതാണ് കാരണം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുപ്പതോളം പേരെ തെരുവുനായ്ക്കൾ ആക്രമിച്ചത്. പരുക്കേറ്റ ഏതാനുംപേർ ഇപ്പോഴും ചികിത്സയിലാണ്. തെരുവുനായ്ക്കളുടെ ആക്രമണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പേവിഷ പ്രതിരോധ വാക്സീൻ കുത്തിവയ്പ്, വന്ധ്യംകരണം എന്നീ രണ്ടു മാർഗങ്ങളാണ് കോർപറേഷൻ സ്വീകരിക്കുന്നത്. വാക്സീൻ നൽകാൻ സെന്റർ ഫോർ അനിമൽ വെൽഫെയർ ആൻഡ് അഡോപ്ഷൻ (കാവ) എന്ന ഏജൻസിയുമായാണ് കരാർ. 4 മാസം മുൻപ് അവസാനിച്ച കരാർ പുതുക്കാൻ കോർപറേഷൻ മുന്നോട്ടു വച്ച നിർദേശങ്ങളിൽ ചിലത് അംഗീകരിക്കാൻ കാവ തയാറാകാത്തതാണ് പുതുക്കാത്തതിന് കാരണം.
നിബന്ധനകളിൽ ഇളവു വരുത്തിയതിനെത്തുടർന്ന് ഇന്നലെ കാവയുമായി പുതുക്കിയ കരാറിൽ കോർപറേഷൻ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നാലായിരത്തോളം തെരുവുനായ്ക്കൾക്ക് വാക്സീൻ നൽകിയെന്നാണ് കണക്ക്.നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ പേട്ട മൃഗാശുപത്രിയിൽ മാത്രമാണ് നിലവിൽ സംവിധാനമുള്ളത്. പ്രതിമാസം 15 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. തിരുവല്ലം വണ്ടിത്തടത്ത് ആധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രി നിർമിക്കാനുള്ള കോർപറേഷന്റെ പദ്ധതി എങ്ങുമെത്തിയില്ല. കോർപറേഷനോട് കൂട്ടിച്ചേർക്കുന്നതിന് മുൻപ് വിഴിഞ്ഞം പഞ്ചായത്ത് പരിധിയിലാണ് മൃഗാശുപത്രി ഉണ്ടായിരുന്നത്.
ആശുപത്രിക്ക് സ്ഥലം വിട്ടുനൽകിയ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തി വച്ചിരിക്കുകയാണ് ഇപ്പോൾ. 4 കോടി ചെലവഴിച്ച് ആശുപത്രി നിർമാണത്തിന് പൈലിങ് ആരംഭിച്ചപ്പോഴാണ് പദ്ധതി നിർത്തേണ്ടി വന്നത്. വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും മുടങ്ങിയതോടെ തെരുവുനായ്ക്കൾ നഗരം കയ്യടക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം മുപ്പതോളം പേരെ കടിച്ച തെരുവു നായ്ക്കളിൽ ഒരെണ്ണത്തിനെ മാത്രമാണ് പിടികൂടിയത്. ഈ നായ പേട്ട മൃഗാശുപത്രിയിൽ നിരീക്ഷണത്തിലാണ്.