ADVERTISEMENT

തിരുവനന്തപുരം∙ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന തിരുവിതാംകൂർ സഹകരണസംഘത്തിൽ റിക്കവറിയായി പിരിച്ചെടുത്ത ലക്ഷങ്ങൾ വിനിയോഗിച്ചതിൽ വ്യക്തത തേടി നിക്ഷേപകർ സഹകരണ അസി. റജിസ്ട്രാറുമായി നടത്തിയ ചർച്ച വാക്കേറ്റത്തിൽ കലാശിച്ചു. ഉദ്യോഗസ്ഥർ സംഘത്തിലെ മുൻ ഭരണസമിതി അംഗങ്ങളുമായി ചേർന്ന് ഒത്തുകളിക്കുന്നെന്നും റിക്കവറിയായി പിരിച്ചെടുത്ത പണം വിനിയോഗിച്ചതിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണു നിക്ഷേപകർ ബഹളം വച്ചത്. സംഘം ജീവനക്കാരുടെ ബന്ധുക്കൾക്കും റിട്ട. അസി. റജിസ്ട്രാർക്കും മാനദണ്ഡങ്ങൾ മറികടന്നു നിക്ഷേപത്തുക തിരിച്ചുനൽകിയെന്നും ഡിപ്പോസിറ്റേഴ്സ് ഫോറത്തിന് നേതൃത്വ നൽകുന്നവർ തുറന്നടിച്ചു. എന്നാൽ, മാരകരോഗം ബാധിച്ചവർക്കും ശസ്ത്രക്രിയ വേണ്ടവർക്കും ഡോക്ടർ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാണു പണം അനുവദിച്ചതെന്ന് അസി. റജിസ്ട്രാർ ബിജുപ്രസാദ് വാദിച്ചെങ്കിലും നിക്ഷേപകർ ഇത് അംഗീകരിച്ചില്ല.

14 പേർക്കു പണം അനുവദിച്ചതിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് അർഹരെന്നും മറ്റുള്ള ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും നിക്ഷേപകർ പറഞ്ഞു. ഡോക്ടർ സർട്ടിഫിക്കറ്റ് ആർക്കു വേണമെങ്കിലും കിട്ടുമെന്നും സംഘത്തിലെ ജീവനക്കാർ നൽകിയ പട്ടികപ്രകാരമാണ് പണം വീതിച്ചതെന്നും അതിനു തെളിവുണ്ടെന്നും നിക്ഷേപകരിൽ ഒരാളായ സുരേഷ് തുറന്നടിച്ചതോടെ ഹാളിൽ ബഹളമായി. ഇനിയുള്ള ഇടപാടുകൾ സുതാര്യമാകണമെന്നും പണം നൽകുന്നത് ആർക്കൊക്കെയെന്ന് ‍ഡിപ്പോസിറ്റേഴ്സ് ഫോറം അറിയുന്നതിനു സംവിധാനം ഒരുക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. എന്നാൽ, ഇതു കുറച്ചുപേരുടെ ആവശ്യമാണെന്നും മറ്റുള്ള നിക്ഷേപകർ മറ്റൊരു ആവശ്യവുമായി എത്തിയാൽ അതും അംഗീകരിക്കേണ്ടി വരുമെന്നും വാദിച്ച്  അസി.റജിസ്ട്രാർ വിയോജിച്ചു.

പിന്നീട് നിക്ഷേപകർ ഇക്കാര്യം തന്നെ തുടർച്ചയായി ആവശ്യപ്പെട്ട് തർക്കം തുടർന്നതോടെ ഉദ്യോഗസ്ഥൻ വഴങ്ങി.  സെയിൻസ് ഓഫിസർ വഴി 38 ലക്ഷം രൂപയാണ് റിക്കവറിയായി പിരിച്ചെടുത്തതെന്നും അതിൽ 30 ലക്ഷം രൂപ അടിയന്തര ആവശ്യമുള്ള നിക്ഷേപകർക്കു വീതിച്ചു നൽകിയെന്നും അസി. റജിസ്ട്രാർ യോഗത്തെ അറിയിച്ചു. ഇതോടെ ബാക്കിയുള്ള 8 ലക്ഷം രൂപ ആർക്കൊക്കെ നൽകണമെന്ന് പട്ടികയുമായി അംഗങ്ങൾ മുന്നോട്ടുവന്നു. മകളുടെ കല്യാണ ആവശ്യത്തിനായി ചാല സ്വദേശിക്ക് 4 ലക്ഷം രൂപയും സ്ട്രോക്ക് വന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെള്ളയമ്പലം സ്വദേശി മോഹനകുമാറിന് 2 ലക്ഷം രൂപയും ഹൃദ്രോഗത്തിനു ചികിത്സയിൽ കഴിയുന്ന റിട്ട. ഉദ്യോഗസ്ഥന് 2 ലക്ഷം രൂപയും നൽകണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. ഇവരുടെ പരാതി നേരിട്ടു കേട്ട അസി.റജിസ്ട്രാർ അപേക്ഷയും രേഖകളും വാങ്ങി ഉടൻ ഇവർക്കു പണം അനുവദിക്കാമെന്നു ഉറപ്പു നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്. ഇന്നലെ രാവിലെ 11ന് രാജാജി നഗറിലെ സർക്കിൾ സഹകരണ യൂണിയൻ ഓഫിസിലായിരുന്നു ചർച്ച. 

നിറഞ്ഞ കണ്ണുകളോടെ അച്ഛൻ..കനിയണം, മകളുടെ കല്യാണത്തിന് 
‘സാർ മറ്റന്നാൾ മകളുടെ കല്യാണമാണ്. കാശ് ഇല്ലാത്തോണ്ട് രണ്ടുതവണ മാറ്റിവച്ചതാണ്. നാളെ കാശ് കിട്ടിയില്ലെങ്കിൽ കല്യാണം നടക്കില്ല. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഇട്ട പണത്തിന്റെ പകുതിയെങ്കിലും തന്നാൽ മതി’– ചാല സ്വദേശിയായ ഓട്ടോ ഡ്രൈവർ അസി.റജിസ്ട്രാർക്കു മുന്നിൽ തന്റെ വേദന പങ്കുവച്ചു. ‘ഓട്ടോയും ലോറിയും ഓടിച്ചു വർഷങ്ങൾകൊണ്ട് സമ്പാദിച്ച പണമാണ്. മകളെ കെട്ടിക്കാറാകുമ്പോൾ എടുക്കാമെന്ന് കരുതിയാണ് ബാങ്കിൽ ഇട്ടത്. കല്യാണം നടത്താൻ ഇനി ആരുടെയും മുന്നിൽ കൈനീട്ടാൻ...’ വാക്കുകൾ മുറിഞ്ഞ്, നിറഞ്ഞ കണ്ണുകൾ മറച്ചുപിടിച്ച് അദ്ദേഹം തിരിഞ്ഞുനിന്നു. ആ അച്ഛന്റെ വേദന കേട്ടവർ, കല്യാണം മുടങ്ങാൻ പാടില്ലെന്നും ഈ പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടതെന്നും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതോടെ 4 ലക്ഷം നൽകാമെന്ന് അസി.റജിസ്ട്രാർ ഉറപ്പു നൽകി. ഇന്ന് പണം കിട്ടുമെന്ന വിശ്വാസത്തിൽ അദ്ദേഹം ഓഫിസിന്റെ പടിയിറങ്ങി. 

അദ്ദേഹം പറഞ്ഞതിങ്ങനെ: ‘വാർത്തയിൽ എന്റെ പേരും ഫോട്ടോയും കൊടുക്കരുത്. ഇനി ഇതു മോളുടെ കല്യാണത്തിന് ഒരു പ്രശ്നമാകരുത്. മകളുടെയും എന്റെയും പേരിലായി 8 ലക്ഷം രൂപയാണ് ഇട്ടത്. തിരിച്ചെടുക്കാൻ കുറേ നാളായി കയറിയിറങ്ങുന്നു. ബാങ്കിൽ പണം ഇല്ലെന്നാണ് പറയുന്നത്.ഹൃദ്രോഗിയാണ്. ഹാർട്ടിനു നടുവിലുമായി രണ്ടു ഓപറേഷൻ കഴിഞ്ഞു. നടുവിൽ ഇനിയും ഓപറേഷൻ നടത്തണം. കയ്യിൽ കാശ് ഇല്ലാത്തോണ്ടാണ് നടത്താത്തത്. 4 ലക്ഷം തരാമെന്നാണ് ഇപ്പോൾ പറയുന്നത്. അതുകൊണ്ട് കല്യാണം നടത്തണം. ക്ഷേത്രത്തിൽ വച്ച് ചെലവ് ചുരുക്കിയാണ് നടത്തുന്നത്. ബാക്കിയുള്ള പണം കിട്ടുമോ എന്നു ഒരുപിടിയുമില്ല.’  

പണം തേടി അലഞ്ഞു, ഒടുവിൽ ആശുപത്രിക്കിടക്കയിൽ
സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളർന്നു സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് വെള്ളയമ്പലം സ്വദേശി അനിലയുടെ അച്ഛൻ ജി.ഡി.മോഹനകുമാർ. ആശുപത്രിയിൽ അടയ്ക്കാനായി നിക്ഷേപത്തിൽനിന്നു പണം ചോദിച്ച് അനില തിരുവിതാംകൂർ സൊസൈറ്റിയും അസി.റജിസ്ട്രാർ ഓഫിസിലും കയറിയറങ്ങാൻ തുടങ്ങിയിട്ട് 5 ദിവസമായി. സഹകരണ സംഘത്തിൽ നിക്ഷേപിച്ച 15 ലക്ഷം തിരിച്ചുകിട്ടാൻ ഓഫിസുകൾ കയറിയിറങ്ങി തളർന്നാണ് മോഹനകുമാർ ആശുപത്രിക്കിടക്കയിലായത്. മോഹനകുമാറിനെ ചികിത്സിച്ചു ജീവിതത്തിലേക്കു കൊണ്ടുവരാൻ കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും ലഭിക്കണം. ഇന്നലെ അസി.റജിസ്ട്രാർക്കു മുന്നിൽ അനിലയും പരാതിയുമായി എത്തി. ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് മറ്റു നിക്ഷേപകർ അനിലയ്ക്കു പണം നൽകണമെന്ന് പറഞ്ഞു. എത്രയും വേഗം 2 ലക്ഷം രൂപ അനുവദിക്കാമെന്ന് അസി.റജിസ്ട്രാർ ഉറപ്പു നൽകി. 2 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് അധികൃതർ അറിയിച്ചതായി അനില പറഞ്ഞു. 

ഇന്നലെ 12 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു
തിരുവനന്തപുരം ∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ സംഘവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് സഹകരണ, റജിസ്ട്രേഷൻ ഓഫിസുകളിൽ പൊലീസ് കത്ത് നൽകി. ഭരണസമിതി അംഗങ്ങൾ, കാലഘട്ടം, സംഘത്തിന്റെ റജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട ഓഫിസുകളിൽനിന്നു ലഭിക്കുന്ന മറുപടികളും രേഖകളും കൂടി ചേർത്തു ഫോർട്ട് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. നിക്ഷേപ തട്ടിപ്പിൽ ഇന്നലെ ഫോർട്ട് സ്റ്റേഷനിൽ പത്തും മെഡിക്കൽകോളജ് സ്റ്റേഷനിൽ രണ്ടും  കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. 

ഫോർട്ടിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 25 ആയി. മെഡിക്കൽ കോളജിൽ ആകെ കേസുകൾ 3 ആയി. തകരപ്പറമ്പിലെ ഹെഡ് ഓഫിസിനെതിരെ 72 പേരും കണ്ണമ്മൂല ശാഖയ്ക്ക് എതിരെ ഇരുപതോളം പേരും പരാതിയുമായി രംഗത്തുണ്ട്. സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി മുൻ ഭരണസമിതിയിലെ 11 പേർക്ക് എതിരെയാണ് എല്ലാ കേസുകളും റജിസ്റ്റർ ചെയ്തത്. നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പൊലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയത്.

ആകെ 28 കേസുകൾ; ഇന്നലെ 12 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു
തിരുവനന്തപുരം ∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ സംഘവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് സഹകരണ, റജിസ്ട്രേഷൻ ഓഫിസുകളിൽ പൊലീസ് കത്ത് നൽകി. ഭരണസമിതി അംഗങ്ങൾ, കാലഘട്ടം, സംഘത്തിന്റെ റജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട ഓഫിസുകളിൽനിന്നു ലഭിക്കുന്ന മറുപടികളും രേഖകളും കൂടി ചേർത്തു ഫോർട്ട് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. നിക്ഷേപ തട്ടിപ്പിൽ ഇന്നലെ ഫോർട്ട് സ്റ്റേഷനിൽ പത്തും മെഡിക്കൽകോളജ് സ്റ്റേഷനിൽ രണ്ടും  കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. 

ഫോർട്ടിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 25 ആയി. മെഡിക്കൽ കോളജിൽ ആകെ കേസുകൾ 3 ആയി. തകരപ്പറമ്പിലെ ഹെഡ് ഓഫിസിനെതിരെ 72 പേരും കണ്ണമ്മൂല ശാഖയ്ക്ക് എതിരെ ഇരുപതോളം പേരും പരാതിയുമായി രംഗത്തുണ്ട്. സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി മുൻ ഭരണസമിതിയിലെ 11 പേർക്ക് എതിരെയാണ് എല്ലാ കേസുകളും റജിസ്റ്റർ ചെയ്തത്. നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പൊലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com