50 കഥാപാത്രങ്ങൾ ഒരു വേദിയിൽ; എംടിക്ക് ആദരമായി ‘തുടർച്ച’
Mail This Article
തിരുവനന്തപുരം ∙ എംടിയുടെ അക്ഷരങ്ങളിൽ പിറന്ന അൻപതോളം കഥാപാത്രങ്ങൾ ഒരു വേദിയിൽ. അൻപതോളം അഭിനേതാക്കൾ ഇടവേളയില്ലാതെ 3 മണിക്കൂറിൽ അരങ്ങിലെത്തുന്നു. സൂര്യ കൃഷ്ണമൂർത്തി എംടിക്ക് ആദരമായി അണിയിച്ചൊരുക്കിയ ‘തുടർച്ച’ എന്ന ലൈറ്റ് ആൻഡ് സൗണ്ട് നാടകത്തിലൂടെയാണ് പുതു ചരിത്രം പിറക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ ‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയിലൂടെയാണ് തുടക്കം. ഇരുളിൽ മാറി മറിയുന്ന പ്രകാശ വിന്യാസത്തിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷനും ഉണ്ണിയുടെ തറവാടും ചാമുണ്ഡി വിലാസം ചായപ്പീടികയും ക്ഷേത്രമുറ്റവും അരയാൽത്തറയുമെല്ലാം പ്രേക്ഷകർക്കു മുന്നിൽ പുനഃസൃഷ്ടിക്കപ്പെടുന്നു. 50 മീറ്ററോളം നീണ്ട വിശാലമായ തുറന്ന വേദിയിലാണ് എംടിയുടെ കഥാപ്രപഞ്ചം വിവിധ കഥാപാത്രങ്ങളിലൂടെ സൂര്യ കൃഷ്ണമൂർത്തി വരച്ചിടുന്നത്.
‘കാലം, പ്രകൃതി എന്നിവയെ ഒഴിച്ചു നിർത്തി ഈ കഥ പറയാനാകില്ല. അതിനാലാണ് തുറന്ന വേദിയിൽ കലയുടെ ഈ സാധ്യത പരീക്ഷിക്കുന്നത്’– സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ‘തുടർച്ച’ വൈകാതെ കോഴിക്കോട് എംടിക്കു മുന്നിലും അവതരിപ്പിക്കും. ഈ മാസം 6 വരെ ദിവസവും വൈകിട്ട് 6.45 ന് ടഗോർ തിയറ്റർ ക്യാംപസിലാണ് അവതരണം. സാംസ്കാരിക വകുപ്പിന്റെയും പിആർഡിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകത്തിൽ നിന്നുള്ള വരുമാനം വയനാട് പുനർനിർമാണത്തിനായി സംഭാവന ചെയ്യുമെന്നും സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു.