കേന്ദ്രം തരും, കേരളം ഏറ്റെടുക്കും, പിന്നെ പണി പാളും; നടപ്പാതയിൽ പൈപ്പുകൾ, കാൽനടയാത്ര റോഡിലൂടെ
Mail This Article
തിരുവനന്തപുരം ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കുഴിച്ച നടപ്പാതയും റോഡുകളും പലതും തകരാറിലാണ്. ശുദ്ധജലം ലഭിക്കാനുള്ള പദ്ധതി തടസ്സപ്പെട്ടതിനു പിന്നാലെ സഞ്ചരിക്കാനുള്ള വഴി കൂടി അടഞ്ഞതോടെ ജനം അധികദുരിതത്തിലായി. സംസ്ഥാന, ജില്ലാ തലങ്ങളിൽ ഏകോപനമില്ലെങ്കിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാവില്ലെന്നു വ്യക്തം. കേന്ദ്രത്തിന്റെ കൂടി ധനസഹായത്തോടെയുള്ള മറ്റൊരു പദ്ധതി കൂടി കേരളം പൂർത്തിയാക്കുന്നില്ലെന്ന ആക്ഷേപം ഒഴിവാക്കണമെങ്കിൽ പണം കണ്ടെത്താൻ സർക്കാരും കരാറുകാർക്കു കൃത്യമായ നിർദേശവും മേൽനോട്ടം ഉദ്യോഗസ്ഥതലത്തിൽ നിന്ന് നൽകാനുള്ള നടപടികളും ആവശ്യമാണ്.
നടപ്പാതയിൽ പൈപ്പുകൾ, കാൽനടയാത്ര റോഡിലൂടെ
ആര്യനാട് ∙ ആര്യനാട്–കുറ്റിച്ചൽ റോഡിൽ ആര്യനാട് പാലം ജംക്‌ഷന് സമീപം പൊതുമരാമത്ത് ഓഫിസിന് മുൻവശത്തായി 100 മീറ്ററോളം ദൂരത്തിൽ നടപ്പാതയിൽ പൈപ്പുകൾ കൊണ്ടിട്ടിട്ട് ആറു മാസമായി. ഇതോടെ പ്രധാന റോഡിലൂടെ അപകടകരമായ രീതിയിലാണ് കാൽനടയാത്ര. പൈപ്പ് സ്ഥാപിക്കാൻ വെള്ളനാട്–ചെറ്റച്ചൽ റോഡ് നവീകരണം നടത്തുന്ന കമ്പനിയുടെ അനുമതി വൈകുന്നതാണു കാരണം. പള്ളിവേട്ട ടാങ്കിൽ നിന്ന് വലിയകലുങ്ക് ഭാഗത്തേക്കു സ്ഥാപിക്കുന്നതിനുള്ളതാണ് ഈ പൈപ്പുകൾ.
മുൻപ് സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതോടെ വെള്ളനാട്–ചെറ്റച്ചൽ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. പൈപ്പുകൾ കൊണ്ടിട്ടതിന് എതിർവശത്ത് ബവ്റിജസ് കോർപറേഷന്റെ വിൽപനശാല സ്ഥിതി ചെയ്യുന്നതിനാൽ റോഡിൽ തിരക്കേറെയാണ്. ഈ റോഡിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനിക്കു പരുക്കേറ്റത് മാസങ്ങൾക്ക് മുൻപാണ്. റോഡ് നവീകരണം നടത്തുന്ന കമ്പനിയുടെ അനുമതി ലഭിച്ചെന്നും ഓണം കഴിഞ്ഞാൽ ജോലി ആരംഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഒന്നു പൈപ്പിട്ടെങ്കിൽ കിള്ളി റോഡ് നന്നാക്കാമായിരുന്നു!
കാട്ടാക്കട ∙ ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കാൻ വൈകുന്നത് കാരണം പേയാട്–കിള്ളി– കാട്ടാക്കട–ചൂണ്ടുപലക റോഡ് നവീകരണം എങ്ങുമെത്തിയില്ല. റോഡ് നവീകരണത്തിനു കരാർ നൽകിയിട്ട് വർഷം ഒന്നായി. കരാറുകാർ റോഡ് നവീകരണ ജോലികൾ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ജലജീവൻ മിഷൻ കുലുക്കമില്ല. ഐ.ബി.സതീഷ് എംഎൽഎ രണ്ടു വട്ടം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കഴിഞ്ഞ മാസം 25നകം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി.
കോടികൾ അനുവദിച്ചിട്ടും റോഡിലെ കുഴി അടച്ചില്ല
പാറശാല ∙ റോഡ് പൊളിഞ്ഞ കയങ്ങളായിട്ടും കാരോട്, കുളത്തൂർ, കൊല്ലയിൽ പഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിയിലെ പൈപ്പ് ലൈനുകൾക്ക് വേണ്ടി കുഴിച്ച റോഡിലെ കുഴി അടച്ചില്ല. റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കാരോട് പഞ്ചായത്ത്–2 കോടി, കുളത്തൂർ– 4കോടി, കൊല്ലയിൽ–ഒരു കോടി രൂപ എന്നിങ്ങനെ ജലജീവൻ മിഷൻ അനുവദിച്ചിട്ട് ഒരു വർഷത്തോളമായി. നടപടികൾ സ്വീകരിക്കാത്തതിനു പിന്നിൽ പഞ്ചായത്ത് ഭരണസമിതികളുടെ പിടിപ്പുകേടും രാഷ്ട്രീയ താൽപര്യങ്ങളും ആണെന്നാണ് ആരോപണം.
കാരോട് പഞ്ചായത്തിൽ വാർഡുകൾക്ക് 10.5 ലക്ഷം രൂപ വീതം മുൻ ഭരണസമിതി അനുവദിച്ചിരുന്നെങ്കിലും ഭരണമാറ്റത്തോടെ നടപടി മുടങ്ങി. നവീകരണത്തിനു കഴിഞ്ഞ വർഷം തന്നെ തുക അനുവദിച്ചിട്ടും ഭരണസമിതികളിലെ ഭിന്നതകളും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയനഷ്ടവും മൂലം ഇൗ വർഷം ആദ്യത്തോടെയാണ് പലയിടത്തും എസ്റ്റിമേറ്റ് തയാറായത്. കരാർ നടപടിയിലേക്ക് കടക്കും മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എത്തിയതോടെ എല്ലാം നിലച്ചു. പെരുമാറ്റച്ചട്ടം പിൻവലിച്ചിട്ടും നടപടിയില്ല.
കണക്‌ഷൻ അങ്ങോട്ടു ശരിയാകുന്നില്ല!
വിഴിഞ്ഞം ∙ 19 വാർഡുകളുള്ള കോട്ടുകാൽ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയിൽ ഇനിയും ഒട്ടേറെ പേർക്ക് ശുദ്ധജല കണക്‌ഷൻ നൽകാനുണ്ട്. പുന്നക്കുളം, കട്ടച്ചൽകുഴി, ചാവടിനട നാളികേര ഗവേഷണകേന്ദ്രം എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കുന്നതും പൂർത്തിയായിട്ടില്ല. കരാറുകാർക്ക് ബിൽ തുക ലഭിക്കാത്തതും പദ്ധതി നീളാൻ കാരണമാണ്. പഞ്ചായത്ത് അധികൃതർ പല തവണ കത്തെഴുതിയിട്ടും ജലജീവൻ മിഷൻ അധികൃതരുടെ യോഗം വിളിച്ച് കാര്യം അവതരിപ്പിച്ചിട്ടും നടപടിയില്ല. വൈകാതെ പൂർത്തിയാക്കാമെന്ന് ഉറപ്പു ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ പറയുന്നു.
പള്ളിച്ചലിലെ ടാങ്ക് തുറന്നാൽ വെള്ളം വന്നേനെ
നേമം ∙ പള്ളിച്ചൽ പഞ്ചായത്തിൽ പൂർണമായും, ബാലരാമപുരം, വിളവൂർക്കൽ പഞ്ചായത്തുകളിൽ ഭാഗികമായും ശുദ്ധജലം എത്തിക്കാനായി പള്ളിച്ചൽ പഞ്ചായത്തിലെ കുളങ്ങരക്കോണം വാർഡിലെ പൂവട പൊഴിലിൽ നിർമിച്ച ശുദ്ധജല ടാങ്കിന്റെ കമ്മിഷനിങ് വൈകുന്നു. ഇതു കാരണം മൂക്കുന്നിമലയുടെ താഴ്‌വാരത്ത്, ജലജീവൻ പദ്ധതി പ്രകാരം നൽകിയ പുതിയ പൈപ്പുലൈനുകൾ വഴി ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ചൂഴാറ്റുകോട്ടയിൽ നിന്ന് മൊട്ടമൂട് ടാങ്കിലെത്തിച്ചാണ് പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലേക്കു വിതരണം.
പദ്ധതിപ്രകാരം പുതുതായി കണക്‌ഷൻ എടുത്തവരാണ് വിഷമിക്കുന്നത്. മെയിൻ പൈപ്പിൽ നിന്ന് ടാങ്കിലേക്കുള്ള 600 മീറ്റർ നീളമുള്ള പൈപ്പിന്റെ കണക്‌ഷൻ നൽകുന്നത് ജല അതോറിറ്റി വൈകിപ്പിക്കുന്നതായാണ് ആരോപണം. സ്ഥലമെടുപ്പിലും ടാങ്ക് നിർമാണത്തിലുമെല്ലാം തടസ്സം നേരിട്ട പദ്ധതി പൂർത്തിയായി കാലങ്ങളായതാണ്. ഇതിലേക്ക് നിലവിലെ പൈപ്പ് ലൈനിൽ നിന്ന് പമ്പ് ചെയ്തുനോക്കിയെങ്കിലും പഴയ ലൈനായതിനാൽ പലയിടത്തും പൊട്ടലുണ്ടായി. ഇതുകാരണമാണ് പുതിയത് ഇടാൻ തീരുമാനിച്ചത്.
ബാക്കി ഭാഗങ്ങളിൽ പൈപ്പിടുന്ന പണി പൂർത്തിയായെങ്കിലും ഈ 600 മീറ്റർ പണി ഇപ്പോഴും അവശേഷിക്കുകയാണ്. പള്ളിച്ചൽ പഞ്ചായത്തിലെ ഏറ്റവും ഉയരമുളള പ്രദേശത്താണ് ഈ ടാങ്ക്. ഇത് കമ്മിഷൻ ചെയ്തുകഴിഞ്ഞാൽ ഇതിന്റെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും തടസം കൂടാതെ ജലവിതരണം നടത്താമെന്നിരിക്കെയാണ് ജല അതോറിറ്റിയുടെ ഈ മെല്ലെപ്പോക്ക്.