ADVERTISEMENT

വിഴിഞ്ഞം ∙ കണ്ടെയ്നർ ഭീമൻ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുത്തു. രാജ്യത്ത് ഇതുവരെ അടുത്തതിൽ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ ക്ലോഡ് ഗ്രാർഡെറ്റിനെ നയിക്കുന്നത് ഇന്ത്യാക്കാരനായ ക്യാപ്റ്റൻ രാജേന്ദ്ര സിങ് . കപ്പൽ ക്രൂവിലെ 24 പേരിൽ 22 പേരും ഇന്ത്യക്കാർ; അവരിൽ 4 പേർ മലയാളികൾ. വലുപ്പത്തിൽ‌ ലോകത്തിലെ നാലാമനാണ് ക്ലോഡ് ഗ്രാർഡെറ്റ്. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും വലുപ്പമേറിയ കപ്പൽ അടുത്തതെന്നും പ്രത്യേകതയാണ് .399 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുള്ള കൂറ്റൻ കപ്പലിൽ 24,116 ടിഇയു കണ്ടെയ്നർ ശേഷിയുണ്ട്. ഉയരത്തിന്റെ (ഡ്രാഫ്ട്)കാര്യത്തിലും ക്ലോഡ് ഗ്രാർഡെറ്റ് തന്നെയാണ് മുന്നിൽ–16.7 മീറ്റർ.

തൃശൂർ സ്വദേശി ജോർജ് ആന്റണി, ഇരിങ്ങാലക്കുട സ്വദേശി പ്രതീഷ് നാരായണപ്പണിക്കർ, കണ്ണൂർ സ്വദേശി യശ്വന്ത്, മലപ്പുറം സ്വദേശി നന്ദകുമാർ എന്നിവരാണ് കപ്പലിലെ മലയാളികൾ. യുക്രെയ്ൻ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ക്രൂ മാത്രമാണ് കപ്പലിലെ വിദേശികൾ. തുറമുഖത്തിനു പുറത്ത് നേരത്തേ എത്തിയ കപ്പൽ ഭീമനെ വലിയ ടഗ് ഓഷ്യൻ പ്രസ്റ്റീജ്, 3 ഡോൾഫിൻ ടഗുകൾ എന്നിവയുടെ അകമ്പടിയോടെ ഉച്ചകഴിഞ്ഞു ബെർത്തിലേക്ക് ആനയിച്ചു. തിരുവനന്തപുരം വാട്ടർലൈൻ ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിലെ വിഴിഞ്ഞം സ്വദേശികളായ 15 യുവാക്കളുടെ സംഘം കപ്പലിനെ 3.29ന് ബെർത്തിലേക്ക് അടുപ്പിച്ചു ബന്ധിപ്പിക്കൽ (മൂറിങ്) നടത്തി. തുടർന്ന് കപ്പലിലെ കണ്ടെയ്നറുകളുടെ പുനഃക്രമീകരണം നടത്തി. സന്ധ്യയോടെ കപ്പൽ പോർച്ചുഗലിലേക്ക് പോയി.

പോർട്ടിന്റെ മറൈൻ മേധാവിയായ ക്യാപ്റ്റൻ തുഷാർ കിനിക്തകറും മറൈൻ പൈലറ്റുമാരായ ക്യാപ്റ്റൻ നിർമൽ സക്കറിയ, ക്യാപ്റ്റൻ സിബി ഫ്രാൻസിസ് എന്നിവരും ചേർന്നാണ് ഈ കപ്പലിനെ ആഴക്കടലിൽനിന്ന് ബർത്തിലേക്ക് അടുപ്പിച്ചതും തിരിച്ച് ആഴക്കടലിൽ എത്തിച്ചതും.

വികസനക്കുതിപ്പിലേക്കുള്ള  ചുവടുവയ്പ്: മുഖ്യമന്ത്രി
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കു കപ്പൽ എംഎസ്‌‍സി ക്ലോഡ് ഗ്രാർഡെറ്റ് വിഴിഞ്ഞം തുറമുഖത്തെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനക്കുതിപ്പിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Marking a historic moment, MSC Claude Giradet, the largest container ship to ever call on India, has arrived at Vizhinjam International Port. This massive vessel, captained by an Indian, underscores India's growing significance in the global shipping landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com