അടൂരിന്റെ സിനിമകൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വേരുകൾ: ശശി തരൂർ
Mail This Article
തിരുവനന്തപുരം∙ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകൾ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലുണ്ടെന്നു ശശി തരൂർ എംപി. അരനൂറ്റാണ്ടിലേറെ നീളുന്ന അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിൽ രൂപംകൊണ്ട സിനിമകൾ മനുഷ്യാവസ്ഥയെ യാഥാർഥ്യബോധത്തോടെ അടയാളപ്പെടുത്തി. ലളിതമായ ആഖ്യാനത്തിലൂടെ ചിത്രീകരിച്ച അടൂർ സിനിമകളെല്ലാം തന്നെ കാലത്തോളം ജീവിതത്തോടും നീതി പുലർത്തുന്നവയാണ്. ഇത്രയും കാലം കൊണ്ട് ആവിഷ്കരിച്ച ചിത്രങ്ങളിലെ ജീവിത സമഗ്രത മാത്രം മതി കാലാതിവർത്തിയായ സംവിധായകനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനെന്നും തരൂർ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘കാഴ്ചയുടെ സുവിശേഷം’ എന്ന ആത്മകഥാപരമായ കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു തരൂർ.
തന്റെ ആത്മകഥ പറയുന്നതിനൊപ്പം സിനിമയുടെ കഥ കൂടി പറഞ്ഞു പോകുന്ന പുസ്തകമാണ് ഇതെന്നു പുസ്തകം ഏറ്റുവാങ്ങിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. മനുഷ്യരുടെ ജീവിത സങ്കടങ്ങളെ ദാർശനിക തലത്തിലൂടെ സിനിമയിൽ ആവിഷ്കരിച്ച ചലച്ചിത്രകാരനാണ് അടൂർ. ലോകത്തിലെ മറ്റെല്ലാ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം തന്നെ അടൂരും തലയുയർത്തി നിൽക്കുന്നു– ബേബി പറഞ്ഞു. തന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റിയുള്ള വിലയിരുത്തലുകളിൽ അഹങ്കാരമല്ല, അഭിമാനമാണ് തോന്നിയിട്ടുള്ളതെന്നും പ്രകാശന ചടങ്ങ് ജീവിതത്തിലെ വിശേഷപ്പെട്ട സന്ദർഭമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷനായി. നിരൂപകരായ ഡോ.കെ.എസ്.രവികുമാർ, ഡോ.പി.കെ.രാജശേഖരൻ എന്നിവർ വായനാനുഭവം പങ്കിട്ടു. മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് പ്രസംഗിച്ചു.