ആരോഗ്യപരിപാലനത്തിനും കളരിയുടെ സാധ്യതകൾ ഉപയോഗിക്കണം: മന്ത്രി സജി ചെറിയാൻ
Mail This Article
തിരുവനന്തപുരം∙ ആയോധനകല എന്നതിനൊപ്പം ആരോഗ്യപരിപാലനത്തിനും കളരിയുടെ സാധ്യതകൾ ഉപയോഗിക്കണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരത്ത് സി.വി.എൻ. മാധവ മഠം കളരിയുടെ സുവർണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളരിയുടെ പ്രശസ്തി ഇതിനോടകം തന്നെ ലോകമാകെ വ്യാപിച്ചു കഴിഞ്ഞു. എന്നാൽ അതിനുമപ്പുറം കളരിയുടെ സാധ്യതകൾ ഉപയോഗിക്കാൻ കേരളത്തിലെ കളരി പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി.എസ്.പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ, സാംസ്കാരിക വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഐഎഎസ്, ഡോ. ആർ.ഡി.ഗൗതമൻ, സത്യനാരായണൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു. ‘കളരിത്തറ’ എന്നു പേരിട്ടിരുന്ന ചടങ്ങിൽ, കളരി മഠത്തിലെ വിദ്യാർഥികളുടെ കളരി അഭ്യാസവും അവതരിപ്പിച്ചു. വിപുലമായ ആഘോഷ പരിപാടികളാണ് സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഒരുക്കിട്ടുള്ളത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ കളരിയുടെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.
1974 ലാണ് രാമചന്ദ്രൻ ഗുരുക്കൾ മാധവമഠം സി.വി.എൻ. കളരി പാപ്പനംകോട് ആരംഭിക്കുന്നത്. വടക്കൻകളരി സമ്പ്രദായം തിരുവനന്തപുരത്ത് കൂടുതൽ പ്രചരിപ്പിക്കുന്നതില്‍ മാധവ മഠം സി.വി.എന്‍. കളരി നിര്‍ണായക പങ്കുവഹിച്ചു. 2013ൽ രാമചന്ദ്രൻ ഗുരുക്കൾ അന്തരിച്ച ശേഷം അടുത്ത തലമുറ ഡോ. ഗൗതമൻ ഗുരുക്കളും ഡോ. പ്രിയങ്കയുമാണ് ഇപ്പോള്‍ കളരിയുടെ മേല്‍നോട്ടം വഹിക്കുന്നത്. നൂറിലധികം പേരാണ് ഇവിടെ ഇപ്പോൾ കളരി പരിശീലനം നടത്തുന്നത്.