വൈദ്യുതി മുടങ്ങിയത് ലേബർ റൂമിൽ പ്രസവം നടക്കുന്നതിനിടെ; ചികിത്സ മൊബൈൽ വെളിച്ചത്തിൽ
Mail This Article
തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ (എസ്എടി) വൈദ്യുതി മുടങ്ങിയതോടെ, ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ളവർ മൂന്നു മണിക്കൂറിലേറെ കൂരിരുട്ടിലായി. ലേബർ റൂമിൽ പ്രസവം നടക്കുന്നതിനിടയിലാണ് വൈദ്യുതി പൂർണമായും തടസ്സപ്പെട്ടത്. വൈദ്യുതി മുടങ്ങിയതോടെ ഡോക്ടർമാർ മൊബൈൽ വെളിച്ചത്തിലാണ് കുട്ടികളെ ഉൾപ്പെടെ പരിശോധിച്ചത്.
ലാബുകളുടെ പ്രവർത്തനവും താറുമാറായി. രക്തപരിശോധനയ്ക്കായി എടുത്ത് നൽകിയ സാംപിളുകൾ കൂട്ടിരിപ്പുകാർ ചികിത്സയിൽ ഉള്ളവർക്ക് തിരികെ നൽകി. മരുന്ന് സൂക്ഷിക്കുന്ന ഫ്രിജുകളും മറ്റുസംവിധാനങ്ങളും പ്രവർത്തനരഹിതമായി. ലിഫ്റ്റുകൾ നിശ്ചലമായതോടെ ജീവനക്കാരുടെ സഞ്ചാരവും വഴിമുട്ടി. ഇന്നലെ രാത്രി 7ന് തകരാറിലായ വൈദ്യുതി ബന്ധം രാത്രി പത്തരയോടെ താൽക്കാലിക ജനറേറ്റർ എത്തിച്ചാണ് പുനഃസ്ഥാപിച്ചത് . വൈദ്യുതി നിലച്ചതോടെ പ്രതിഷേധവുമായി രോഗികളും കൂട്ടിരിപ്പുകാരും രംഗത്തെത്തി. തുടർന്ന് പൊലീസും പ്രതിഷേധവുമായി ഉന്തുംതള്ളും വാക്കേറ്റവും നടന്നു.
ആശുപത്രിക്കുള്ളിലെ ട്രാൻസ്ഫോമർ സംവിധാനത്തിൽ ഉണ്ടായ തകരാറാണ് മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസ്സത്തിന് വഴി വച്ചത്. ജനറേറ്റർ സംവിധാനം ഉണ്ടെങ്കിലും ഇതും പ്രവർത്തിച്ചില്ല. ആശുപത്രിക്ക് അകവും പുറവും ഇരുട്ടായതോടെ പുറത്ത് കാത്ത് നിൽക്കുന്ന കൂട്ടിരിപ്പുകാരും കനത്ത ആശങ്കയിലായി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താതെ വന്നതോടെ കൂട്ടിരിപ്പുകാരും രോഗികളുടെ ബന്ധുക്കളും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ലേബർ റൂമുകളിൽ ഉൾപ്പെടെ മൊബൈൽ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് ഇവർ സെക്യൂരിറ്റി റൂമിലേക്കും ഇൻഫർമേഷൻ സെന്ററിലേക്കും പോകാൻ ശ്രമിച്ചു.
രാത്രി 9 കഴിഞ്ഞിട്ടും വൈദ്യുതി എത്താതെ വന്നതോടെ വാർഡുകളിൽ കിടന്നവരും ആശങ്കയിലായി. കുട്ടികൾക്ക് ഭക്ഷണം നൽകാനും മുലപ്പാൽ നൽകാനും സാധിക്കാതെ അമ്മമാരും വിഷമത്തിലായി. വാർഡുകളിൽ വെളിച്ചമില്ലാതെ വന്നതോടെ ശുചിമുറികൾ ഉപയോഗിക്കാനോ സഞ്ചരിക്കാനോ കഴിയാതെ നട്ടം തിരിഞ്ഞു. കനത്ത ചൂടും കൊതുകും കാരണം കുട്ടികൾ അസ്വസ്ഥരായി.
മൊബൈൽ വെളിച്ചത്തിലാണ് പലരും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തത്. ഫാനുകൾ പ്രവർത്തിക്കാതെ വന്നതോടെ വാർഡുലുള്ളവർ പുറത്തിറങ്ങി. വൈദ്യുതി തകരാർ സംഭവിച്ചതോടെ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നും ജീവനക്കാർ എത്തി. പിന്നാലെ കെഎസ്ഇബി സബ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തി. തുടർന്ന് രാത്രി പത്തരയോടെ താൽക്കാലിക ജനറേറ്റർ എത്തിച്ച് പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
എന്നാൽ, ആശുപത്രിയുടെ അത്യാഹിത വിഭാഗം ബ്ലോക്കിൽ മാത്രമാണ് വൈദ്യുതി തടസ്സം ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. കുട്ടികളുടെ വിഭാഗത്തിൽ ഐസിയുവിൽ ഉൾപ്പെടെ പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വൈദ്യുതി തടസ്സം പരിഹരിക്കാനായി ആരോഗ്യമന്ത്രി വീണാ ജോർജും ഇടപെട്ടു.