വിഴിഞ്ഞം തുറമുഖത്തെ തേടി എവർഗ്രീൻ ഗ്രൂപ്പ്; വലുപ്പത്തിൽ ലോകത്തെ മുൻനിര കപ്പലുകളുള്ള കമ്പനി
Mail This Article
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തേക്ക് പുതിയ ഷിപ്‌ലൈൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് എത്തുന്നു. ലോകത്തിലെ മുൻനിര കമ്പനികളായ മേർസ്ക്, എംഎസ‌്സി തുടങ്ങിയ ഷിപ് ലൈനേഴ്സിനു പിന്നാലെ എവർഗ്രീൻഗ്രൂപ്പും വിഴിഞ്ഞത്തെ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. വലുപ്പത്തിൽ ലോകത്തെ തന്നെ മുൻനിര കപ്പലുകളുള്ളതാണ് എവർഗ്രീൻ ഗ്രൂപ്പ്. ഇതിനു പിന്നാലെ ഫ്രാൻസ്–ജർമനി സംയുക്ത സംരംഭമായ സിഎംഎ, വൺ എന്നീ കമ്പനികളും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകളുമായി എത്തുന്നതിനു താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളതായി ബന്ധപ്പെട്ടവർ പറയുന്നു.
പച്ചപ്പുള്ള തുറമുഖം
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലോകത്തെ ഷിപ്പിങ് കമ്പനികൾക്കിടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇടം പിടിച്ചുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ബെർത്തിനോടടുത്തു ഡ്രജിങ് വേണ്ടാത്ത, സ്വാഭാവിക ആഴമുള്ള തുറമുഖമെന്നതാണ് പ്രധാന ആകർഷണം. തുറമുഖ അന്തരീക്ഷം പച്ചപ്പു നിറഞ്ഞതെന്നതും കപ്പൽ കമ്പനികളെ വിഴിഞ്ഞത്തെ ആകർഷകമാക്കുന്നുണ്ട്.
കണ്ടെയ്നർ യാർഡുകൾക്കായി സ്ഥലം വാങ്ങുന്നു
പ്രമുഖ ഷിപ് ലൈനേഴ്സ് കമ്പനികൾ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനു വിശാല സ്ഥലം തേടുന്നതായും നെല്ലിമൂട് കേന്ദ്രമാക്കി 50 ഏക്കറോളം വാങ്ങിയതായും വിവരം. മറ്റൊരു കമ്പനി സ്ഥലലഭ്യത തേടുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.