ADVERTISEMENT

തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ 3 മണിക്കൂറിലേറെ നീണ്ട വൈദ്യുതി മുടക്കത്തിൽ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമം. വൈദ്യുതി മുടങ്ങിയാൽ ഉപയോഗിക്കാനുള്ള ജനറേറ്റർ സംവിധാനം കേടായിട്ടും ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണ്. ഫണ്ടില്ലായ്മ മൂലം അറ്റകുറ്റപ്പണി നീണ്ടതാണ് ജനറേറ്ററുകൾ കേടാവാൻ കാരണം. അറ്റകുറ്റപ്പണി നടത്തണമെന്നത് ആശുപത്രി അധികൃതർ സർക്കാരിനെ അറിയിക്കാത്തതും വൻവീഴ്ചയാണ്. എന്നാൽ, ഇത് മറച്ചുവച്ച് വൈദ്യുതി മുടക്കം വന്നപ്പോൾ ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന പേരിൽ ഇവർക്കെതിരെ നടപടി സ്വീകരിച്ച് തടിതപ്പാനാണ് നീക്കം. സംഭവത്തിൽ ഡിഎംഇ, ഇലക്ട്രിക്കൽ വിഭാഗം എന്നിവയുടെ അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് പിന്നാലെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായേക്കും.

അന്വേഷണം നടത്തുന്ന സംഘം ഡിഎംഇയ്ക്ക് ഇന്ന് റിപ്പോർട്ട് കൈമാറിയേക്കും. ഇത് പരിശോധിച്ച് ആരോഗ്യമന്ത്രിക്ക് കൈമാറും. ആശുപത്രിയിലെ വൈദ്യുതി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിക്കേണ്ടത് സർക്കാരാണ്. ഇക്കാര്യത്തിൽ അലംഭാവം തുടർന്നതോടെയാണ് 6 മാസത്തിലൊരിക്കൽ നടത്തേണ്ട അറ്റകുറ്റപ്പണി നടത്താതെ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു വന്നത്. തുടർച്ചയായുള്ള ഉപയോഗം മൂലം രണ്ടെണ്ണത്തിൽ ഒന്ന് മാസങ്ങൾക്ക് മുൻപ് കേടായി. 

പ്രവർത്തിച്ചു വന്ന ഒരെണ്ണവും ഞായറാഴ്ച കേടായി. വൈദ്യുതി എത്തിച്ചതിന് ശേഷവും ആശുപത്രിയിലെ ജനറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്താനായി ഫണ്ട് അനുവദിച്ചിട്ടില്ല. ആശുപത്രിയിൽ വൈദ്യുതി മുടങ്ങി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിലെ ഉന്നതർ ഉൾപ്പെടെ സംഭവം അറിയുന്നത്. 

ട്രാൻസ്ഫോമർ കേടുപാട് പരിഹരിക്കാനായി അറ്റകുറ്റപ്പണി നടക്കുമ്പോൾ ആരോഗ്യവിഭാഗത്തിൽ നിന്നുള്ള ഉന്നതരിൽ ആരും ഉണ്ടായിരുന്നില്ല. പണിയുടെ പുരോഗതി വിലയിരുത്താനോ പകരം സൗകര്യം ഏർപ്പെടുത്തണോ എന്നു കൂടിയാലോചനകൾ നടത്താനോ നടപടികളുണ്ടായില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാതെ വൈദ്യുതി മുടക്കത്തിന് ശേഷം ഉണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. എച്ച്എൽഎൽ നൽകിയ ജനറേറ്റർ കമ്മിഷൻ ചെയ്യാതെ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

A three-hour power outage at SAT Hospital in Thiruvananthapuram has revealed a critical lack of maintenance for the hospital's backup generators. The outage, allegedly caused by the government's failure to allocate funds for regular maintenance, has sparked an investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com