ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി പടർന്നു പിടിക്കുമ്പോഴും ഫലപ്രദമായി ഇടപെടാതെ ജില്ലാ മെഡിക്കൽ ഓഫിസ്. ജനപ്രതിനിധികൾക്കു പോലും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തവിധം അകലം പാലിക്കുകയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ മറുപടി നൽകേണ്ട ഉദ്യോഗസ്ഥർ. രോഗം പടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യത്തിന്, ആരോഗ്യ മന്ത്രിയോടു ചോദിക്കണമെന്നായിരുന്നു കലക്ടറുടെ മറുപടി. ജനങ്ങളുടെ ആശങ്കയകറ്റേണ്ട ജില്ലാ ഭരണകൂടവും ജില്ലാതല ഉദ്യോഗസ്ഥരും ചോദ്യങ്ങളിൽ നിന്നു മാറി നിൽക്കുന്നത് വീഴ്ച മറച്ചുപിടിക്കാനാണെന്ന ആരോപണവുമുണ്ട്.

ശരിയായ മാർഗനിർദേശങ്ങൾ നൽകാനും ബോധവൽക്കരണ, പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാനും ജില്ലാ ആരോഗ്യ വിഭാഗത്തിന് പിഴവ് സംഭവിക്കുന്നു. അതിന്റെ അടുത്ത ഇരയാണ് കഴിഞ്ഞ ദിവസം പുല്ലമ്പാറയിൽ നിന്ന് അമീബിക് മസ്തിഷ്കജ്വര ബാധിതയായി എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയ ഒൻപതു വയസ്സുകാരി. അടുത്ത ബന്ധുക്കളോടു പോലും രോഗാവസ്ഥയോ വിവരങ്ങളോ പങ്കിടരുതെന്ന് ആശുപത്രി അധികൃതർക്കും കർശന നിർദേശം. ആരോടു ചോദിക്കുമെന്നറിയാതെ കുഴയുകയാണ് നാട്ടുകാരും ജനപ്രതിനിധികളും.

അപൂർവമായ അമീബിക് മസ്തിഷ്കജ്വരം ജില്ലയിൽ രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. അതിയന്നൂർ, തിരുമല, നാവായിക്കുളം സ്വദേശികളായ 4 പേർ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ഈ വർഷം ആദ്യം രോഗം പിടിപെട്ട കാഞ്ഞിരംകുളം കണ്ണറവിള സ്വദേശി അഖിൽ (27) ജൂലൈ 23 ന് മരിച്ചു. തുടർന്നാണ് 10 പേർക്കു രോഗം സ്ഥിരീകരിച്ചത്. അവരെല്ലാം ആശുപത്രി വിട്ട ശേഷമാണ് നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 പേരും എസ്എടിയിൽ ഒരാളും ഉൾപ്പെടെ 5 പേർ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. രോഗത്തിന്റെ ഉറവിടം വ്യക്തമായി കണ്ടെത്താനോ അത്തരം ഉറവിടങ്ങളുമായി ബന്ധപ്പെടുന്നവർക്കു ജാഗ്രതാ നിർദേശം നൽകി നിരീക്ഷണം ഏർപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണ് നിലവിൽ.

ഒൻപതു വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം
പുല്ലമ്പാറ പാലാംകോണം സ്വദേശിനിയായ 9 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സെപ്റ്റംബർ 30 ന് എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്നുകൾ നൽകുന്നുണ്ട്. ഡോക്ടർമാരുടെ വിദഗ്ധ സംഘം കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

English Summary:

Fear grips Thiruvananthapuram as amoebic meningitis cases rise, raising concerns about a potential public health crisis. Accusations of negligence and a lack of transparency from health officials and the district administration fuel public anxiety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com