ADVERTISEMENT

തിരുവനന്തപുരം ∙ കോർപറേഷന്റെ ഉടമസ്ഥതയിൽ ബീമാപ്പള്ളിയിൽ പ്രവർത്തിക്കുന്ന നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ നേരിട്ടു കാണാനെത്തിയ സീനിയർ സിവിൽ ജഡ്ജിനെയും ഡപ്യൂട്ടി കലക്ടറേയും കോർപറേഷൻ ഹെൽത്ത് ഓഫിസറെയും ഈച്ചകൾ പൊതിഞ്ഞു. നഴ്സറി സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് ആകാശവാണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മാലിന്യ കൂമ്പാരമാണ് ഈച്ച ശല്യത്തിന് കാരണമെന്ന് പരിശോധനയിൽ ബോധ്യമായി. 3 മുതൽ 6 വയസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി വികസിപ്പിക്കണമെന്ന നിർദേശം നൽകിയ ശേഷമാണ് പരിശോധക സംഘം മടങ്ങിയത്. 

മത്സ്യ ഭവന്റെ കെട്ടിടത്തിലാണ് ബീമാപ്പള്ളി നഴ്സറി സ്കൂൾ പ്രവർത്തിക്കുന്നത്. കോവിഡ് മുൻപ് ലക്ഷങ്ങൾ മുടക്കി ഒന്നാം നില നവീകരിച്ചു. എന്നാൽ കോവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ ഇലക്ട്രിക് വയറിങും മേൽക്കൂരയിൽ പാകിയ ഷീറ്റും ഏകദേശം പൂർണമായി  തകർന്ന അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് വീണ്ടും ഒറ്റമുറി കെട്ടിടത്തിൽ അധ്യയനം നടത്തിവരികയായിരുന്നു. സ്കൂൾ കെട്ടിടത്തിന് സമീപം മാലിന്യം തള്ളുന്നതു കാരണം കുട്ടികൾക്ക് പകർച്ച വ്യാധികൾ ഉൾപ്പെടെ പിടികൂടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ലീഗൽ സർവീസ് അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പരിശോധന. 

മുൻപ് നവീകരിച്ച ഒന്നാം നില അറ്റകുറ്റപ്പണി നടത്തി രണ്ടാഴ്ചക്കുള്ളിൽ കുട്ടികൾക്ക് തുറന്നുകൊടുക്കണമെന്ന്  ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്.ഷംനാദ് നിർദേശിച്ചു. സ്കൂളിലേക്കുള്ള ജലവിതരണം, പഠനോപകരണങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ട ടെൻഡർ നടപടികളും പ്രവർത്തനങ്ങളും അതിവേഗം പൂർത്തിയാക്കാനും കോർപറേഷന് നിർദേശം നൽകി.നഴ്സറി സ്കൂളിലേക്കുള്ള  പ്രവേശന കവാടം, ക്ലാസ് മുറി, കളിസ്ഥലം എന്നിവയുടെ നവീകരണം സംബന്ധിച്ച്  ഫോർട്ട് സോണിലെ അസിസ്റ്റന്റ് എൻജിനീയർ,  ഓവർസിയർ എന്നിവർ 2 ദിവസത്തിനകം റിപ്പോർട്ട് നൽകണം. സാമൂഹിക സേവന ഫണ്ട് വിനിയോഗിച്ച് സ്മാർട്ട് ക്ലാസ്റൂം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ തേടി റിപ്പോർട്ട് നൽകണമെന്ന് ഡപ്യൂട്ടി കലക്ടർ ടി.കെ വിനീത് കോർപറേഷൻ ഹെൽത്ത് ഓഫിസറോട് ആവശ്യപ്പെട്ടു.

പത്ത് ദിവസത്തിനുള്ളിൽ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപഴ്സൺ, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പിടിഎ  വിളിച്ചുചേർക്കണമെന്നും ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപത്തെ മാലിന്യം 4 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടും കോർപറേഷൻ ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.  കഴിഞ്ഞ മാസം  27നാണ് കമ്മിഷൻ ഉത്തരവിട്ടത്. 9 ന് കമ്മിഷൻ ഓഫിസിൽ നടത്തുന്ന സിറ്റിങ്ങിൽ സെക്രട്ടറിയോ അദ്ദേഹം നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനോ ഹാജരാകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary:

A Corporation-run nursery school in Thiruvananthapuram's Beemapally is grappling with unsanitary conditions due to a nearby garbage dump.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com