ADVERTISEMENT

തിരുവനന്തപുരം∙‘പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇന്നു രാവിലെ സുരക്ഷാ ഭടന്റെ വെടിയേറ്റു നിര്യാതയായ വിവരം ആകാശവാണി ഖേദപൂർവം അറിയിച്ചുകൊള്ളുന്നു–’ നടുക്കുന്ന ആ വാർത്ത മലയാളികൾ കേട്ടത് എം.രാമചന്ദ്രന്റെ ശബ്ദത്തിലാണ്. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ആ ദുഃഖ വാർത്തയ്ക്കും 40 വയസ്സാകും. ആ ഓർമകൾ പങ്കുവയ്ക്കാൻ ഇനി രാമചന്ദ്രനില്ല. 

1984 ഒക്ടോബർ 31ന് രാവിലെ 9ന് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. എന്നാൽ, സർക്കാർ ഔദ്യോഗികമായി വിവരം പുറത്തുവിട്ടില്ല. ബിബിസി ഉൾപ്പെടെ മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴും ആകാശവാണിയിലൂടെ ആ വാർത്ത ജനങ്ങൾ കേട്ടില്ല. ആകാശവാണിയിൽ വൈകിട്ട് 6.15ന് ബുള്ളറ്റിൻ അവതരിപ്പിക്കേണ്ട രാമചന്ദ്രൻ, രണ്ടും കൽപിച്ച് കിട്ടിയ വിവരങ്ങൾ ശേഖരിച്ചു ബുള്ളറ്റിൻ തയാറാക്കി. സർക്കാർ അഥവാ പ്രഖ്യാപിച്ചില്ലെങ്കിൽ പകരം വായിക്കാനുള്ള വാർത്ത തയാറാക്കിയിരുന്നില്ല. 

ബുള്ളറ്റിന് നിമിഷങ്ങൾ ബാക്കിനിൽക്കെ, 6 മണിക്ക് സർക്കാർ ഔദ്യോഗിക റിലീസ് പുറത്തിറക്കി. രാമചന്ദ്രന്റെ മുഴക്കമുള്ള ശബ്ദത്തിൽ ഇന്ദിരാ വധം മലയാളികളുടെ കാതുകളിലെത്തി. മൊറാർജി ദേശായിയുടെ സർക്കാർ അധികാരമേറ്റെടുത്ത ശേഷം പ്രധാനമന്ത്രിയുടെ പ്രസംഗം അതിവേഗം പരിഭാഷപ്പെടുത്തേണ്ടി വന്ന സന്ദർഭവും രാമചന്ദ്രൻ പങ്കുവച്ചിരുന്നു.

രണ്ടു വിവാഹം, വധു വിജയലക്ഷ്മി
തിരുവനന്തപുരം പൂജപ്പുരയിൽ ജനിച്ചുവളർന്ന രാമചന്ദ്രൻ, 1965ൽ മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശി വിജയലക്ഷ്മിയെ വിവാഹം ചെയ്തു. 30 വർഷത്തിനു ശേഷം രാമചന്ദ്രൻ വീണ്ടും വിവാഹിതനായി, വധു വിജയലക്ഷ്മി! വിരമിച്ച ശേഷം, യുഎഇയിൽ റേഡിയോ റാസൽഖൈമയിൽ ജോലി ചെയ്യുന്ന കാലത്ത് റസിഡന്റ് വീസയ്ക്കു വിവാഹ സർട്ടിഫിക്കറ്റ് വേണ്ടിയിരുന്നു. വിവാഹം നടന്ന കാലത്ത് അത്തരം സമ്പ്രദായങ്ങൾ കർശനമല്ലാത്തതിനാൽ ദമ്പതികൾ കുഴങ്ങി. ഒടുവിൽ, മലയിൻകീഴ് സബ് റജിസ്ട്രാർ ഓഫിസിലെത്തി രാമചന്ദ്രൻ വിജയലക്ഷ്മിയെ വീണ്ടും വിവാഹം ചെയ്തു.

ആശിച്ചതു പോലെ ആകാശവാണിയിൽ ജോലി കിട്ടിയത് വിവാഹത്തിന് അടുത്ത ദിവസമായിരുന്നു. സ്ഥിരം ജോലി ഉപേക്ഷിച്ചു പോകുന്നതിനെ വീട്ടുകാർ എതിർത്തെങ്കിലും കേരള സർവകലാശാലയിൽ അന്ന് യുഡി ക്ലാർക്കായിരുന്ന വിജയലക്ഷ്മി പൂർണ പിന്തുണ നൽകി. ഡൽഹിയിൽ മലയാളം യൂണിറ്റിൽ ആദ്യ നിയമനം. 10ാം ദിവസം ആ വാചകം ആദ്യമായി റേഡിയോയിലൂടെ എത്തി– ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ...!’

‘കൗതുക വാർത്തകൾ’ എന്ന പംക്തി രാമചന്ദ്രനെ പ്രശസ്തനാക്കി. അടിയന്തരാവസ്ഥക്കാലത്ത് മേലധികാരികളുടെ ഇഷ്ടക്കേടിനു വിധേയനായി. 
രാമചന്ദ്രന്റെ പ്രസ് അക്രഡിറ്റേഷൻ റദ്ദാക്കാൻ ആകാശവാണി നിലയം ഡയറക്ടർ പിആർഡിക്കു കത്തെഴുതി. ഒന്നല്ല, നാലെണ്ണം. അന്നു പിആർഡി ഡയറക്ടറായിരുന്ന തോട്ടം രാജശേഖരൻ ഈ വിഷയം ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്റെ ശ്രദ്ധയിൽപെടുത്തി. അക്രഡിറ്റേഷൻ പുനഃസ്ഥാപിക്കാനായിരുന്നു കരുണാകരന്റെ നിർദേശം. ചില ടെലിവിഷൻ പരിപാടികളിലും രാമചന്ദ്രൻ ശബ്ദസാന്നിധ്യം അറിയിച്ചിരുന്നു.

English Summary:

This article recounts the life of M. Ramachandran, the All India Radio announcer who broke the news of Indira Gandhi's assassination to Malayalis. It delves into his experience during that historic moment, his unique second marriage to the same woman, and his career highlights, including the popular "Kauthuka Varthakal" program.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com