ADVERTISEMENT

നെയ്യാറ്റിൻകര ∙പെരുങ്കടവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഡോക്ടർമാർ ഉൾപ്പെടെ മതിയായ ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നം. ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പ്രശ്നം പരിഹരിക്കണമെന്നും ജനം.

മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഈ ആതുരാലയം ആദ്യം പിഎച്ച്സിയും പിന്നീട് സാമൂഹിക ആരോഗ്യ കേന്ദ്രവുമായി മാറി. വേണ്ടത്ര ജീവനക്കാരെ നിയമിക്കാതെ വന്നതോടെ രണ്ടര പതിറ്റാണ്ട് മുൻപ് പ്രസവ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്ന ആശുപത്രി ക്രമേണ താഴേക്ക് പതിച്ചു. പിന്നീട് കിടത്തി ചികിത്സ നിലച്ചു. പരാതികളും നിവേദനങ്ങളും ഒട്ടേറെ നൽകിയതിന്റെ ഫലമായി കിടത്തി ചികിത്സ വീണ്ടും തുടങ്ങിയെങ്കിലും ഫലപ്രദമല്ലെന്നാണ് രോഗികളുടെ പരാതി.

എൻആർഎച്ച്എം ഉൾപ്പെടെ 6 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ജനം പറയുന്നു. ജീവനക്കാരുടെ കാര്യവും അതുപോലെയാണത്രേ. അത്യാഹിതം സംഭവിച്ചെത്തിയാൽ നേരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും. അത്യാഹിതം മാത്രമല്ല, കാര്യമായ പനിയാണെങ്കിൽ പോലും ഇവിടെ കിടത്തി ചികിത്സിക്കാതെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അയയ്ക്കുമെന്ന് രോഗികൾ ചൂണ്ടിക്കാട്ടുന്നു. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതാണ് കാരണമെന്ന് ആശുപത്രിയിലെ ജീവനക്കാരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ജീവിത ശൈലി രോഗങ്ങൾ ബാധിച്ചവർക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ തുരുമ്പെടുക്കുകയാണ്. ആശുപത്രിയുടെ പുറകിൽ ഒരേക്കറോളം വരുന്ന ഭൂമി കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി. പഞ്ചായത്ത് ഓഫിസ് റോഡിൽ നിന്ന് അപ്രോച്ച് റോഡ് നിർമിച്ച് ഗതാഗത സൗകര്യം ഉറപ്പാകുമെന്ന ബ്ലോക്കിന്റെ വാഗ്ദാനവും ജലരേഖയായി.ആശുപത്രിയുടെ ശോചനീയ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ആങ്കോട് രാജേഷും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പലത്തറയിൽ ഗോപകുമാറും അറിയിച്ചു.

English Summary:

Perumkadavila Community Health Centre faces serious allegations of inefficient inpatient treatment due to a severe lack of doctors and staff. While basic services resumed after public outcry, patients complain of neglect and unnecessary referrals to Neyyattinkara General Hospital. The situation highlights the dire need for government intervention to address staff shortages and inadequate facilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com