ADVERTISEMENT

തിരുവനന്തപുരം ∙രണ്ടു തവണ തകർന്നതിനെ തുടർന്ന് നിർമാണ കരാർ സംബന്ധിച്ച് ദുരൂഹതകൾ ഉയർന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിന്റെ (ഗ്ലാസ് ബ്രിജ്) സുരക്ഷാ പരിശോധന നടത്താതെ വിനോദ സഞ്ചാര വകുപ്പ്. പാലത്തിന്റെ ഉറപ്പും സുരക്ഷയും പരിശോധിക്കാനായി സാങ്കേതിക വിദഗ്ധർ അടങ്ങിയ സമിതിയെ നിയോഗിക്കണമെന്ന് രണ്ടു തവണ ആവശ്യപ്പെട്ടിട്ടും നടപടി ഇല്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും സുരക്ഷാ പരിശോധന നടത്താത്തതിനാൽ പാലത്തിൽ ഇതുവരെ സഞ്ചാരികളെ പ്രവേശിപ്പിച്ചിട്ടില്ല. 

പാലത്തിന്റെ ആദ്യ പില്ലർ ഭാഗത്തെ ഗ്ലാസിന്റെ അടിഭാഗത്ത് കഴിഞ്ഞ ഏപ്രിൽ 30 നാണ് ആദ്യ വിള്ളൽ കണ്ടെത്തിയത്. ഇതു പരിഹരിച്ച ശേഷം സുരക്ഷാ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നിർമാണ കരാർ ഏറ്റെടുത്ത വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്) സർക്കാരിന് കത്തു നൽകി. എന്നാൽ വിനോദ സഞ്ചാര വകുപ്പോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ അനങ്ങിയില്ല. 

ഇതിനിടെ കഴിഞ്ഞ ജൂൺ 10ന് പാലത്തിന്റെ ലാൻഡിങ് പോയിന്റിൽ രണ്ടാമതും തകരാർ കണ്ടെത്തി. 
പൊട്ടിയ ഗ്ലാസ് മാറ്റി സ്ഥാപിച്ച ശേഷം പാലത്തിന്റെ ബലവും സുരക്ഷാ പരിശോധനയും നടത്തണമെന്നാവശ്യപ്പെട്ട് രണ്ടാമതും കത്ത് നൽകി. എന്നാൽ 4 മാസം പിന്നിട്ടിട്ടും ഈ കത്തിനും മറുപടിയില്ല. നിർമാണം പൂർത്തിയാക്കിയ സമയത്ത് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദഗ്ധ സംഘം പാലത്തിന്റെ ക്ഷമത പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. തുടർച്ചയായി പൊട്ടൽ ഉണ്ടാകുന്നതു കണക്കിലെടുത്ത് ഗ്ലാസുകൾ പൊട്ടാതിരിക്കാനുള്ള ആവരണം സ്ഥാപിച്ചെങ്കിലും സഞ്ചാരികളെ പ്രവേശിപ്പിക്കാൻ കഴിയാത്തതിനാൽ പാലം നോക്കുകുത്തിയായ അവസ്ഥയിലാണ്. 

ഇതിനിടെ രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും നിർമാണ കരാർ സംബന്ധിച്ച് വിവാദം ഉയർന്നതോടെ ഉദ്ഘാടനം മാറ്റി. സഹകരണ സ്ഥാപനമായ വൈബിന് നിർമാണ മേഖലയിൽ മുൻ പരിചയമില്ല എന്നാണ് പ്രധാന ആരോപണം. നിർമാണം പൂർത്തിയാക്കിയ ശേഷം പാലത്തിന്റെ ഉടമസ്ഥാവകാശം ഡിടിപിസിക്ക് കൈമാറുകയും വരുമാനം പകുതി വീതം വയ്ക്കുകയും ചെയ്യണം എന്നാണ് കരാർ. ഈ കരാറിന് അംഗീകാരം നൽകിയതു സംബന്ധിച്ചും ദുരൂഹതകളുണ്ടെന്നാണ് ആക്ഷേപം.

English Summary:

The inauguration of the newly built glass bridge at Akkulam Tourist Village in Thiruvananthapuram, Kerala, is mired in controversy and safety concerns. Despite completion in February, the bridge remains closed to the public as it awaits a safety inspection after suffering two instances of damage. This, coupled with allegations of irregularities in the construction contract awarded to a cooperative society with no prior experience, raises serious questions about the bridge's safety and the transparency of the project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com