ADVERTISEMENT

നെടുമങ്ങാട്∙കാട്ടുപന്നികളുടെയും കുരങ്ങന്മാരുടെയും ശല്യം കാരണം പൂവത്തൂർ മേഖല നിവാസികളാകെ പൊറുതിമുട്ടുകയാണ്. പൂവത്തൂർ മേഖലയിലെ കുശർകോട്, ചെല്ലംകോട്, ചുടുകാട്ടിൻമുകൾ പ്രദേശങ്ങളിലാണ് ഇവറ്റകളുടെ ശല്യം ഏറെ കൂടിയിരിക്കുന്നത്. നേരത്തെ കാട്ടുപന്നികൾ രാത്രിയിലാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ രാപകൽ ഭേദമന്യേ കൂട്ടത്തോടെയാണ് എത്തുക. ഇവ വീടുകളുടെ പുറത്ത് ഇരിക്കുന്ന വീട്ടുസാധനങ്ങൾ നശിപ്പിക്കുന്നതിന് പുറമേ ചെറു കൃഷികളും വാഴകളും അടക്കം ഉള്ളവ കുത്തിമറിച്ച് നശിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്ക് വരുന്ന പന്നികളാണ് അക്രമകാരികൾ. ഇവ സ്ത്രീകളെയും കുട്ടികളെയുമാണ് ഏറെ കൂടുതൽ ആക്രമിക്കുക. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് പരുക്കുകളോടെ ജില്ല ആശുപത്രിയിൽ പ്രവശിപ്പിച്ച കുശർകോട് പുന്നപുരം വീട്ടിൽ ആർഷയെ (17) ഇന്നലെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ആർഷയുടെ തുടയ്ക്കാണ് പരുക്കേറ്റത്.

ഈ പ്രദേശവാസികൾ കാട്ടുപന്നിയുടെ ശല്യം മാത്രം സഹിച്ചാൽ പോര. കുരങ്ങുകളുടെ ശല്യവും ഇവിടത്തുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ആകാറുണ്ട്. കുരങ്ങന്മാരും രാപകൽ ഭേദമന്യേ കൂട്ടമായാണ് എത്തുക. ഇവറ്റകൾ തെങ്ങുകളിൽ കയറി മച്ചിങ്ങ പറിച്ച് എറിയുകയും ഇളം കരിക്കുകൾ പൊട്ടിച്ച് കുടിക്കുകയും കരിക്കുകൾ കഴിക്കുകയുമാണ് ചെയ്യുക. മൂപ്പ് എത്താറായ തേങ്ങകൾ കയക്കി പറിച്ച് എറിയുകയും ചെയ്യാറുണ്ട്. മാത്രമല്ല ചക്ക, മാങ്ങ, വാഴക്കുലകൾ എന്നിവ നശിപ്പിക്കുകയും, ടെറസ് അല്ലാത്ത വീടുകളുടെ മുകളിൽ കയറി മേച്ചിലോടുകൾ പൊട്ടിക്കുക, ടെറസ് വീടുകളുടെ മുകളിൽ കയറി ഉണങ്ങാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വലിച്ചെറിയുക, പലതും കീറുക, വാട്ടർ ടാങ്കുകളുടെ അടപ്പുകൾ ഇളക്കി അവയ്ക്ക് ഉള്ളിൽ ചാടി കളിക്കുക, വാട്ടർ ടാങ്കുകൾ അടിച്ച് നശിപ്പിക്കുക തുടങ്ങിയ നാശനഷ്ടങ്ങളും വരുത്താറുണ്ട്.

പലരും നല്ല ബലമുള്ള വലകൾ വാങ്ങി ടാങ്കുകൾ മൂടി ഇടാറുണ്ടെങ്കിലും ഇവയെ കടിച്ച് പൊട്ടിക്കാനും കുരങ്ങുകൾ ശ്രമിക്കാറുണ്ട്. വീടുകളുടെ മേച്ചിലോടുകൾ ഇളക്കി വീടിനുള്ളിൽ ഇറങ്ങി ആഹാര സാധനങ്ങൾ എടുത്ത് കഴിക്കുകയും മറ്റും ചെയ്യാറുണ്ട്. കുരങ്ങന്മാരെ തെറ്റാടിയിൽ കല്ല് വച്ച് അവയ്ക്ക് നേരെ തെറ്റുമ്പോഴാണ് അവ ഓടി പോവുക. കാട്ടുപ്പന്നികളുടെയും കുരങ്ങന്മാരുടെയും ശല്യത്തിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

English Summary:

This article highlights the plight of Poovathur residents grappling with increasing attacks and damage caused by wild boars and monkeys. It details the extent of the problem, including crop destruction, property damage, and even physical harm to residents. The article also emphasizes the lack of action from authorities despite repeated pleas for help.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com