ADVERTISEMENT

കിളിമാനൂർ∙ എംസി റോഡിൽ പുളിമാത്ത് നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. പുളിമാത്ത് കുടിയേല പേഴുംകുന്ന് ചരുവിള വീട്ടിൽ അനി(44), ഒഴുകുപാറ കുന്നിൽ വീട്ടിൽ ആർ.രഞ്ചു(35) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.  എൻജിൻ തകരാറിനെത്തുടർന്ന് റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്ത ലോറിയിൽ സ്കൂട്ടർ ഇടിച്ചുകയറി. ഇൻഡിക്കേറ്റർ,പാർക്ക് ലൈറ്റ്, റിഫ്ലക്ടർ തുടങ്ങി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളൊന്നും ലോറിയുടെ പിന്നിൽ ഇല്ലായിരുന്നു. സ്ഥലത്ത് ഇരുട്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. 

ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അനി ടാപ്പിങ് തൊഴിലാളിയാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പൂന്തോട്ടം സൂക്ഷിപ്പുകാരനാണ് ര​ഞ്ചു. ഇരുവരും രാത്രി വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. അനിയുടെ ഭാര്യ:ഗീത(പുളിമാത്ത് പഞ്ചായത്ത് ഹരിതകർമ സേന അംഗം). മക്കൾ:അനന്തു(മുളമന വി ആൻഡ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി), അനു(പുളിമാത്ത് യുപിഎസ് അ‍ഞ്ചാം ക്ലാസ് വിദ്യാർഥി).ആതിരയാണ് രഞ്ചുവിന്റെ ഭാര്യ. മകൻ: അർണവ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി. കിളിമാനൂർ പൊലീസ് കേസെടുത്തു.

എംസി റോ‍ഡിൽ പുളിമാത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് തകർന്ന സ്കൂട്ടർ
എംസി റോ‍ഡിൽ പുളിമാത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് തകർന്ന സ്കൂട്ടർ

ഇരുളെടുത്തത് 2 ജീവൻ, വഴിമുട്ടി കുടുംബങ്ങൾ
തെരുവുവിളക്കില്ലാത്ത റോഡിൽ നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ചു കയറി  പുളിമാത്തെ ദുരന്തം ലോറിക്കു പാർക്ക് ലൈറ്റോ റിഫ്ലക്ടറോ ഇല്ല

കിളിമാനൂർ ∙ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ മുന്നറിയിപ്പു സംവിധാനമില്ലാത്തതും ഇരുട്ടുമാണ് എംസി റോഡിൽ പുളിമാത്ത് സ്കൂട്ടർ യാത്രക്കാരായ രണ്ടു യുവാക്കളുടെ ജീവനെടുത്തത്.  എൻജിൻ തകരാറിനെ തുടർന്നാണ്  എംസി റോഡിൽ പുളിമാത്ത് ഞായർ രാത്രി പത്തരയോടെ ലോറി നിർത്തിയിട്ടത്.  തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു ലോറി. 

അനി, ആർ.രഞ്ചു.
അനി, ആർ.രഞ്ചു.

പുളിമാത്ത് വച്ച് ലോറി തകരാറിലായതിനെ തുടർന്ന് റോഡിന്റെ ഇടതുവശത്തേക്ക് നിർത്തിയിട്ടു.  എംസി റോഡിൽ ഇൗ ഭാഗത്ത് തെരുവു വിളക്കുകളും ഇല്ലായിരുന്നു. നല്ല ഇരുട്ടാണ് ഇൗ പ്രദേശത്തെന്ന് നാട്ടുകാർ പറഞ്ഞു.   അപകടം നടന്ന സമയത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു.  വാഹനങ്ങൾ യാത്രയ്ക്കിടെ തകരാറിലാകുന്ന സാഹചര്യങ്ങളിൽ ഇവ റോഡരികിലേക്ക് ഒതുക്കിയിടുമ്പോൾ വാഹനത്തിലെ പാർക്ക് ലൈറ്റ് തെളിച്ചിടുമായിരുന്നു എന്നാൽ, ലോറിയിൽ പാർക്ക് ലൈറ്റ് ഓണാക്കിയിരുന്നില്ല.  റിഫ്ലക്ടറും ഉണ്ടായിരുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.  ലോറി നിർത്തിയിട്ടിരിക്കുന്നത് അറിയാതെ വന്ന സ്കൂട്ടർ യാത്രികരാണ് അപകടത്തിൽപെട്ടത്.  ലോറിയുടെ വലതുഭാഗത്ത്  ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു കയറുകയായിരുന്നു.    

അനാഥരായി നിർധന കുടുംബങ്ങൾ
കിളിമാനൂർ∙ എംസി റോഡിൽ പുളിമാത്ത് നടന്ന വാഹന അപകടം പഞ്ചായത്തിലെ രണ്ട് കുടുംബങ്ങളെ അനാഥരാക്കി.  മരിച്ച അനി ടാപ്പിങ് തൊഴിലാളിയായിരുന്നു. കാലാവസ്ഥ കാരണം പലപ്പോഴും ജോലിയുണ്ടാവാറില്ല. ഭാര്യ ഗീത പുളിമാത്ത് പഞ്ചായത്ത് ഹരിതകർമ സേന അംഗമാണ്.  കഴക്കൂട്ടം സൈനിക സ്കൂളിൽ പൂന്തോട്ടം സൂക്ഷിക്കുന്ന ജോലിയായിരുന്നു രഞ്ചുവിന്. ജോലിക്ക് പോകുന്ന ദിവസം മാത്രമേ കൂലി ലഭിച്ചിരുന്നുള്ളൂ. ഭാര്യ ആതിര തൊഴിലുറപ്പ് തൊഴിലാളിയാണ്.  ഹരിതകർമ കൺസോർഷ്യത്തിൽ നിന്ന് അടിയന്തര സഹായമായി 5000 രൂപ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുസ്മിത അനിയുടെ കുടുംബത്തിന് കൈമാറി.  

എംസി റോ‍ഡിൽ പുളിമാത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് തകർന്ന സ്കൂട്ടർ
എംസി റോ‍ഡിൽ പുളിമാത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് തകർന്ന സ്കൂട്ടർ
English Summary:

Two friends lost their lives in a tragic scooter accident on the MC Road in Pulimath, Kilimanoor. The scooter collided with a parked lorry that lacked proper warning signals, highlighting road safety concerns. The families are left grappling with the loss, highlighting the need for awareness and support.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com