ADVERTISEMENT

നെയ്യാറ്റിൻകര ∙ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വഴിയിലുപേക്ഷിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ചെങ്കൽ കീഴ്ക്കൊല്ല കുഴിച്ചാണി അശ്വതി ഭവനിൽ ജോണിയെ (53) ആണ് ശിക്ഷിച്ചത്. ചെങ്കൽ കീഴ്ക്കൊല്ല തൃക്കണ്ണാപുരം പുല്ലുവിള പുത്തൻ വീട്ടിൽ തോമസ് (43) ആണ് കൊല്ലപ്പെട്ടത്. നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന്റേതാണ് വിധി. 2021 ജൂൺ 23ന് ആണ് സംഭവം. പ്രതി, കൊല്ലപ്പെട്ട തോമസിന്റെ സഹോദരിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതു പറഞ്ഞു വിലക്കിയതാണ് വൈരാഗ്യത്തിനു കാരണമെന്നും ഇതേ തുടർന്നായിരുന്നു കൊലപാതകമെന്നും കോടതി കണ്ടെത്തി. കൊലപാതകം നടന്ന ദിവസം രാത്രി ഏഴരയോടെ തോമസും ജോണിയും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വട്ടവിള ജംക്‌ഷനു സമീപത്തായിരുന്നു സംഭവം.

പിന്നീട് ജോണി തന്നെ തോമസിനെ അനുനയിപ്പിക്കുകയും ഇവർ ഒരുമിച്ച് ബൈക്കിൽ കയറി പോവുകയും ചെയ്തു. ജോണിയുടെ വീട്ടിലേക്ക് മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോവുകയും അവിടെവച്ച്  മാരകമായി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മുന്തിയ ഇനം പട്ടികളെ വളർത്തി വിൽക്കുന്നയാളായിരുന്നു ജോണി. നായ്ക്കളിൽ ഒരെണ്ണം ചത്തു പോയെന്നും അതിനെ അടക്കം ചെയ്യാൻ കുഴി വെട്ടണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാരിൽ ചിലരെ സമീപിച്ചെങ്കിലും  ആരും സഹായിച്ചില്ല.

മൃതദേഹം അന്നു രാത്രിയും അടുത്ത ദിവസം പകലും വീട്ടിൽ തന്നെ സൂക്ഷിച്ചു. പിന്നീടാണ് പൊതു വഴിയിൽ ഉപേക്ഷിച്ചത്. അസ്വാഭാവിക മരണത്തിന് എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. പിന്നീട് പ്രതിയുടെ വീട്ടിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച പാറക്കല്ലിന്റെ കഷണം, രക്തവും സ്രവങ്ങളും തുടച്ചു മാറ്റാൻ ഉപയോഗിച്ച തുണി, മുണ്ട്, ഷർട്ട് തുടങ്ങിയവ കണ്ടെത്തി. ഫൊറൻസിക് പരിശോധനയും കൊലപാതകം ശരിവച്ചതോടെ ജോണി പൂർണമായും വലയ്ക്കുള്ളിലായി.

തോമസ്, ജോണിയുടെ ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ചാരായം, കഞ്ചാവ് കടത്തൽ കേസുകളിലും ഇയാൾ പ്രതിയാണ്. കൊല്ലപ്പെട്ട തോമസിന്റെ അമ്മ വിൽമെറ്റിന് വിക്റ്റിം കോമ്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നതിലേക്ക് കോടതി ശുപാർശ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷൻ 46 സാക്ഷികളെ വിസ്തരിച്ചു. 70 രേഖകളും കേസിൽ പെട്ട 37 വസ്തുക്കളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com