ജനസംഖ്യയിൽ യുവതയുടെ അനുപാതം കുറയുന്നത് ഗൗരവകരം: മന്ത്രി കെ.എൻ.ബാലഗോപാൽ
Mail This Article
തിരുവനന്തപുരം∙ ജനസംഖ്യയിലെ യുവതയുടെ അനുപാതത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവ് ഗൗരവകരവും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. തിരുവനന്തപുരത്ത് ‘പ്രോഫ്കോൺ’ ത്രിദിന ആഗോള പ്രഫഷനൽ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ - തൊഴിൽ മേഖലകൾ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് സൂചിപ്പിക്കുന്നത് എന്ന് പറയുമ്പോഴും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ഇന്ത്യയിലെ മൊത്തം ശരാശരി 7 ശതമാനമാണെന്നിരിക്കെ കേരളത്തിൽ അത് 20 ആണെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
അറിവിനൊപ്പം സാമൂഹിക ബോധവും മനുഷ്യത്വവും ഉണ്ടാക്കിയെടുക്കേണ്ടത് വിദ്യാർഥി കൂട്ടായ്മകളുടെ കടമയാണ്. വിദ്യാർഥി കൂട്ടായ്മകൾ എന്നും സന്തോഷം നൽകുന്നതാണെന്നും നവീന ചിന്തകളിലൂടെ സമൂഹത്തെ മുന്നേട്ട് നയിക്കേണ്ടവരാണ് വിദ്യാർഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ.അബ്ബാസ് അധ്യക്ഷത വഹിച്ചു. മായീൻ ഹാജി, ഡോ. പി.പി.നസീഫ്, ഷമീൽ മഞ്ചേരി, അർഷദ് അൽ ഹികമി താനൂർ എന്നിവർ പ്രസംഗിച്ചു.