മുതലപ്പൊഴി: ബാർജുകൾ നീക്കാൻ വൈകിയേക്കും
Mail This Article
ചിറയിൻകീഴ് ∙ മുതലപ്പൊഴിയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ ബാർജുകൾ നീക്കുന്നതിൽ അനിശ്ചിതത്വം. നിലവിൽ ഇവ മത്സ്യബന്ധന യാനങ്ങളുടെ സഞ്ചാരവഴിയിൽ കരയിലേക്കു ഇടിച്ചുകയറിയ നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ ബാർജുകളുടെ എൻജിനുകൾക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇതു പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടി വന്നേക്കുമെന്ന് ഉടമകൾ എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചു. പുലിമുട്ടുകൾക്കിടയിൽ ഇടിച്ചുകയറിയിരിക്കുന്ന ബാർജുകൾ ലോങ്ഭൂം എസ്കവേറ്ററുകളുടെ സഹായത്തോടെ കടലിലേക്കിറക്കേണ്ട ആദ്യഘട്ട പ്രക്രിയയും പൂർത്തിയാക്കേണ്ടതുണ്ട്.
നിലവിൽ അദാനിഗ്രൂപ്പിന്റെ നാല് എസ്കവേറ്ററുകൾ മുതലപ്പൊഴി തുറമുഖ തീരത്തുണ്ട്. നേരത്തെ വിഴിഞ്ഞം തുറമുഖ തീരത്തേക്കു കരിങ്കൽപാളികൾ കയറ്റി അയയ്ക്കുന്നതിനു പെരുമാതുറ ഭാഗത്തെ പുലിമുട്ടു പൊളിച്ചു നീക്കിയതു പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായെത്തിച്ച എസ്കവേറ്ററുകളാണിവ. എന്നാൽ ഇവ ഉപയോഗിച്ചു ബാർജുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
പെരുമാതുറ ഭാഗത്തെ പുലിമുട്ടുകളുടെ നിർമാണപ്രക്രിയ 50 മീറ്ററോളം പൂർത്തിയായിട്ടുണ്ട്. മൂന്നുഘട്ടങ്ങളിലായി നടന്നുവരുന്ന പുനർനിർമാണ പ്രവൃത്തികൾ 12ദിവസം മുൻപാണു ആരംഭിച്ചത്. വിവിധ ഭാരക്രമത്തിലുള്ള കൂറ്റൻ പാറകൾ തുറമുഖ തീരത്തു നിക്ഷേപിക്കുന്നതു തുടരുകയാണ് ഇപ്പോഴും. ഒന്നര മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണു ലക്ഷ്യമെന്നു ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മാത്യൂസ് അറിയിച്ചു.