പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്ക് ജന്മനാട്ടിൽ പാർക്ക്
Mail This Article
കാട്ടാക്കട ∙ മലയാള ചലച്ചിത്ര ഗാന ശാഖയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗാനരചയിതാവ് പൂവച്ചൽ ഖാദറിനു ജന്മ നാട്ടിൽ സ്മാരകം ഉയരുന്നു. മിനി നഗറിൽ 80 ലക്ഷം രൂപ വിനിയോഗിച്ച് പൂവച്ചൽ പഞ്ചായത്താണ് സ്മാരകം ഒരുക്കുന്നത്. മിനി നഗർ ഗ്രന്ഥശാലയ്ക്ക് സമീപമാണ് വിശാലമായ പാർക്ക് വരിക. ഇവിടെയുള്ള കുളം നവീകരിക്കും. ചുറ്റും മനോഹരമായ നടപ്പാതകളും പൂന്തോട്ടവും ഒരുക്കും.
കുട്ടികളുടെ പാർക്ക്, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സ്ഥിരം വേദി, പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ കേൾക്കാനുള്ള പ്രത്യേക സംവിധാനം എന്നിവ പുതിയ പാർക്കിൽ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ പറഞ്ഞു. മിനി നഗറിലെ കുളം ഉൾപ്പെടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പാർക്ക് നിർമിക്കുക. സാംസ്കാരിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും പഞ്ചായത്ത് എൻആർഇജിയിൽ ഉൾപ്പെടുത്തി 20 ലക്ഷവും ടേക് എ ബ്രേക്ക് പദ്ധതിയുടെ 13 ലക്ഷം രൂപയും വിനിയോഗിച്ചാണ് പാർക്ക് നിർമിക്കുക.