പാലോട് മേഖലയിൽ ഭീതി പരത്തി വന്യമൃഗങ്ങൾ
Mail This Article
പാലോട്∙ കാട്ടാനകളും കാട്ടുപോത്തും പന്നിയും കരടിയും, എന്തിനേറെ മലയണ്ണാനും മുള്ളൻപന്നിയും വരെ മലയോര മേഖലയിൽ ഭീതിപരത്തുന്നു. നിത്യശല്യക്കാരായി കുരങ്ങൻമാരും മ്ലാവുകളും ആയതോടെ ഗ്രാമീണ മലയോര മേഖല ഭീതിയുടെ പിടിയിലാണ്. കൂടുതൽ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വരുന്ന കാഴ്ചയാണ് അടുത്തിടെയായി കാണുന്നത് നഷ്ടപരിഹാരം കിട്ടാറില്ല, കിട്ടിയാലോ തുച്ഛം. നഷ്ടപരിഹാരം കൊടുത്തില്ലെങ്കിലും സമാധനത്തോടെ അന്തിയുറങ്ങാൻ അവസരം ഉണ്ടാക്കിയാൽ മതിയെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
കാട്ടുപോത്തുകൾ
മുൻപെങ്ങും ഇല്ലാത്ത വിധം കാട്ടുപോത്തുകളുടെ ശല്യം ജനവാസ മേഖലയിൽ രൂക്ഷമാണ്. അടുത്തകാലം വരെ അങ്ങിങ്ങ് മാത്രം കണ്ടിരുന്നതെങ്കിൽ ഇന്ന് ജനവാസ മേഖലയിൽ പോലും എവിടെയും കാണാവുന്ന അവസ്ഥയാണ്. പത്തും പതിനഞ്ചും അടങ്ങുന്ന കൂട്ടമായിട്ടാണ് എത്തുന്നത്. കഴിഞ്ഞ ദിവസം 16 ഓളം കാട്ടുപോത്തുകളാണ് പാലോട് – നെടുമങ്ങാട് റോഡിന് സമീപം എത്തിയത്. വലിയ ആക്രമണകാരികളാകുന്നില്ലെങ്കിലും അറിയാതെ മുന്നിൽപ്പെടുന്നവരുടെ ജീവന് എന്തുവിലയാണ് ഉള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു. കഴിഞ്ഞ ദിവസം കാട്ടുപോത്തിനു മുന്നിൽപ്പെട്ട പാണ്ടിയൻപാറ സ്വദേശിയായ വിദ്യാർഥി അനാമിക ഓടി വീണു പരുക്കേറ്റ സംഭവം വലിയ ഞെട്ടൽ ഉളവാക്കുന്നതാണ്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടതത്രെ. ഇതുപോലെ പലരും കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. കല്ലറ പാലോട് റോഡിൽ അനവധി പേർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
മലയണ്ണാൻ
മടത്തറ ചോഴിയക്കോട് മിൽപ്പാലത്ത് കഴിഞ്ഞ ദിവസം രണ്ടു പേരെയാണ് മലയണ്ണാൻ ആക്രമിച്ചത്. മിൽപ്പാലം പണയിൽ വീട്ടിൽ വീട്ടു മുറ്റത്ത് നിന്നിരുന്ന അബിൻ, പത്തേക്കർ സതി മന്ദിരത്തിൽ ടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്ന സുദേവൻ എന്നിവരെയാണ് ആക്രമിച്ചത്. ഇവർ രണ്ടു പേരും ചികിത്സ തേടി. മലയണ്ണാന്റെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
കരടി
പാലോട് പാണ്ടിയൻപാറ മേഖലയിലും നന്ദിയോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും അടുത്തിടെ കരടിയുടെ സാന്നിധ്യം വലിയ ഭീതി പരത്തിയിരുന്നു. തേൻ കുടിക്കാനായി പാണ്ടിയൻപാറ മേഖലയിലെ ഒട്ടേറെ ജണ്ടകളാണ് കരടികൾ തകർത്തത്. കരടിയെ പിടിക്കാൻ ക്യാമറകളും കൂടും ഒരുക്കിയെങ്കിലും അതിവലൊന്നും കരടി വീണില്ല. ഇളവട്ടത്ത് ടാപ്പിങ് തൊഴിലാളികളും അടുത്തിടെ കരടിയെ കണ്ടിരുന്നു.
കാട്ടുപന്നികൾ
കാട്ടുപന്നികളുടെ ആക്രമണത്തിൽ ശാരീരിക വൈഷമ്യങ്ങളുമായി കഴിയുന്ന അനവധി പേരുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് കുറുകെ ചാടിയും ആക്രമിച്ചും ഉണ്ടായ അപകടങ്ങളിൽ പലർക്കും തലനാരിഴയ്ക്കാണ് ജീവൻ കിട്ടിയത്.
മുള്ളൻപന്നി
ചല്ലിമുക്ക് പാമ്പ് ചത്തമണ്ണ് മേഖലയിൽ ആന, പന്നി, കാട്ടുപോത്ത് എന്നിവയ്ക്ക് പുറമേ മുള്ളൻപന്നിയുടെ ശല്യവും ഉണ്ട്. വീട്ടിനകത്തു കയറി നാളികേരം അടക്കം കൊണ്ടു പോകുന്നതായി നാട്ടുകാർ പറയുന്നു.
കുരങ്ങൻമാർ
ഒരു രീതിയിലും തടയാൻ പറ്റാത്ത നിലയിൽ കുരങ്ങൻമാരുടെ ശല്യം മൂലം ജനം പൊറുതിമുട്ടുകയാണ്. ഓടിട്ട വീടുകൾ പൊളിച്ചിറങ്ങി വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ ജവാഹർക്കോളനി പ്രിജിയുടെ വീട്ടിലും ചോഴിയക്കോട് എസ്.കെ. നിവാസിൽ സജിയുടെ വീട്ടിലും കഴിഞ്ഞ ദിവസം ഓട് പൊളിച്ചിറങ്ങിയ കുരങ്ങൻമാർ വലിയ നഷ്ടമാണ് വരുത്തിയത്. സജിയുടെ വീട്ടിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ഏഴുതവണയാണ് ഓട് പൊളിച്ചിറങ്ങി ഭക്ഷണ സാധനങ്ങൾ അടക്കം നശിപ്പിച്ചത്. ജവാഹർക്കോളനി, ഇലവുപാലം മേഖലകളിലും കുരങ്ങു ശല്യം രൂക്ഷമാണ്.
മ്ലാവുകൾ
മ്ലാവുകളുടെ ശല്യവും മലയോര മേഖലയിൽ രൂക്ഷമാണ്. റബർമേഖലയ്ക്കാണ് മ്ലാവുകൾ കനത്ത നഷ്ടം വരുത്തുന്നത്. റബറിന്റെ പട്ട കാർന്നു തിന്നു നശിപ്പിക്കുകയാണ്.