ജലസ്രോതസ്സുകളെ പ്രയോജനപ്പെടുത്തൽ: ദേശീയ അംഗീകാരം ഏറ്റുവാങ്ങി പുല്ലമ്പാറ പഞ്ചായത്ത്
Mail This Article
വെഞ്ഞാറമൂട് ∙ പ്രകൃതിയിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ഭൂമിക്കും ജീവജാലങ്ങൾക്കും സംരക്ഷണം ഒരുക്കിയതിന് പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ അംഗീകാരം. മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡ് പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് സ്വന്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി പി. സുനിൽ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നു ഡൽഹിയിൽ പുരസ്കാരം സ്വീകരിച്ചു.
ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി അഗ്രി എൻജിനീയറിങ്, ജിഐഎസ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് നീരുറവ് പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. 2021ൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി പിന്നീട് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും പിന്തുടർന്ന് നടപ്പാക്കി.
സജലം എന്ന പേരിൽ തയാറാക്കിയ സ്പ്രിങ് ഷെഡ് വികസന പദ്ധതിയും മാതൃകാപരമായി പൂർത്തിയാക്കി. കളരിവനം വൃക്ഷവൽക്കരണ പദ്ധതിയിലൂടെ വാമനപുരം നദിയുടെ പാർശ്വ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുകയും ദേശീയ ബാംബൂ മിഷന്റെ ഫണ്ട് ഉപയോഗിച്ച് മുളംതൈകൾ പിടിപ്പിക്കുകയും ചെയ്തു.തൊഴിലുറപ്പ് പദ്ധതി വഴി 600 കുളങ്ങൾ നിർമിക്കുകയും കിണർ റീചാർജ് ചെയ്യുകയും ചെയ്തതിലൂടെ ജലനിരപ്പ് ഉയർത്താൻ കഴിഞ്ഞതായി അവാർഡ് കമ്മിറ്റി നിരീക്ഷിച്ചു. ക്രോപ് റൊട്ടേഷൻ പോലെയുള്ള സങ്കേതങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. വാമനപുരം നിയോജക മണ്ഡലത്തിൽ നടക്കുന്ന നീർധാര പദ്ധതിയുടെ ഭാഗമായും നിരവധി ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു പൂർത്തീകരിച്ചിട്ടുണ്ട്.