ADVERTISEMENT

തിരുവനന്തപുരം ∙ നേമം സഹകരണ ബാങ്കിലെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സിപിഎം ഭാരവാഹികൾ കൂടിയായ ഭരണസമിതി അംഗങ്ങൾക്കെതിരെ  നടപടി ആവശ്യപ്പെട്ടു പാർട്ടി പ്രാദേശിക നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ പരാതി നൽകി. ക്രമക്കേടിന്റെ വിശദവിവരങ്ങളും കൈമാറി. കത്തു ലഭിച്ചെന്നു ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചു.ബാങ്ക് പ്രതിസന്ധിയിലായപ്പോൾ തന്നെ നേമം ഏരിയ കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായെന്നു പരാതിയിലുണ്ട്. കുടിശിക പിരിച്ച് ബാങ്കിനെ സംരക്ഷിക്കാൻ പാർട്ടി നേതാക്കളെ രഹസ്യമായി രംഗത്തിറക്കി. ബാങ്ക് നൽകിയ പട്ടികയുമായി ഇവർ ഭവനസന്ദർശനം നടത്തിയപ്പൊഴാണ് അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ഭാരവാഹികൾ തട്ടിപ്പു നടത്തിയെന്നു ബോധ്യമായത്. അതോടെ  ഭവനസന്ദർശനം അവസാനിപ്പിച്ചു.

സിപിഎം ബ്രാഞ്ച് ഭാരവാഹിയായ ഭരണസമിതി അംഗത്തിനു ആസ്തിയോ  ജോലിയോ ഇല്ലെങ്കിലും  ചുരുങ്ങിയ കാലം കൊണ്ട്  വൻതോതിൽ സ്വത്ത് സമ്പാദിച്ചുബാങ്കിന്റെ പണം ഉപയോഗിച്ച് ജ്വല്ലറി തുടങ്ങാൻ  മുൻ സെക്രട്ടറിമാരും ഇപ്പോൾ ഭരണസമിതി അംഗങ്ങളുമായ രണ്ടു പേർ ഇദ്ദേഹത്തെ സഹായിച്ചു. വിവാഹ വായ്പയ്ക്കു വരുന്നവരെ ഈ സംഘം സ്വാധീനിച്ച് വായ്പ തരപ്പെടുത്തുന്നതിനു  പകരമായി ഈ ജ്വല്ലറിയിൽ നിന്നു സ്വർണം വാങ്ങിപ്പിക്കും. മറ്റൊരു ഭരണസമിതി അംഗത്തിന് ബെനാമിയായി 5 ടൂറിസ്റ്റ് ബസുകൾ ഉണ്ടെന്നും പരാതിയിൽ പറയുന്നു.ഭരണസമിതി അംഗങ്ങളും ബന്ധുക്കളും ചിട്ടി പിടിച്ച തുക ബാങ്കിൽ സ്ഥിര നിക്ഷേപമാക്കുകയും ചിട്ടി അവസാനിക്കാൻ 30 മാസം ശേഷിക്കെ ബാങ്ക് അധികൃതരുടെ അറിവോടെ  നിക്ഷേപം പിൻവലിക്കുകയും ചെയ്യും. തവണ മുടങ്ങുന്നതോടെ  ബാങ്കിന് വലിയ നഷ്ടം വരും. 

പണയ സ്വർണം ലോക്കറിൽ നിന്ന് ഭാരവാഹികൾ എടുത്ത് വെള്ളായണിയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്നതും പതിവാണ്. ഇതിനിടെ ബാങ്ക് ഈടായി വാങ്ങിയ സ്വർണം ലോക്കറിൽ ഇല്ലെന്ന് സഹകരണ ഓഡിറ്റർ കണ്ടെത്തി. കേസും അറസ്റ്റും ഒഴിവാക്കാൻ പണയ സ്വർണം തിരികെ എടുക്കാൻ ശ്രമം തുടങ്ങി. പണയം മടക്കി നൽകാൻ പകരം അതേ തൂക്കം സ്വർണം സ്ഥാപന ഉടമ ആവശ്യപ്പെട്ടു. അതോടെ ഭരണസമിതി അംഗങ്ങൾ സിപിഎമ്മുകാരുടെ വീടുകളിലെത്തി  സ്വർണം സമാഹരിച്ചു നൽകി  പണയ സ്വർണം വീണ്ടെടുത്ത് ലോക്കറിൽ വച്ചു കേസിൽ നിന്ന് ഒഴിവായി.എന്നാൽ സ്വർണം കടം നൽകിയവർക്ക് അതു തിരിച്ചു നൽകിയിട്ടില്ലെന്നു പരാതിയിൽ പറയുന്നു. 

മുൻ സെക്രട്ടറി വിദേശത്തേക്ക് കടന്നേക്കുമെന്നു പരാതി
നേമം ∙ നേമം സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോൾ ഭരണസമിതി അംഗവുമായ എ.ആർ.രാജേന്ദ്രൻ വിദേശത്തേക്കു കടക്കാൻ സാധ്യത ഉണ്ടെന്ന് പൊലീസിനു പരാതി.  സിപിഐ പ്രാദേശിക നേതാവും നിക്ഷേപക കൂട്ടായ്മ രക്ഷാധികാരിയുമായ ശാന്തിവിള മുജീബ് റഹ്മാനാണു പരാതിക്കാരൻ. വിദേശയാത്ര തടയാൻ പാസ്പോർട്ട് കണ്ടുകെട്ടണമെന്നാണ് ആവശ്യം.തട്ടിപ്പിന്റെ കാര്യത്തിൽ ഇന്നലെ മുപ്പതോളം പരാതികൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം 50 പേർ പരാതി നൽകിയിരുന്നു. ഇതിൽ നിന്നു 10 പേരുടെ വീതം മൊഴിയെടുത്തു 3 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്.  പാർട്ടി സമ്മേളന കാലത്തു തന്നെ മന്ത്രി വി.ശിവൻകുട്ടിയുടെ മണ്ഡലത്തിലെ ബാങ്കിലെ ക്രമക്കേടിന്റെ വ്യാപ്തിയും ആരോപണങ്ങളും  ദിവസവും വർധിക്കുന്നത് സിപിഎമ്മിൽ ചർച്ചയായിട്ടുണ്ട്.

English Summary:

A shocking scandal has emerged from Neyyattinkara, Kerala, as local CPI(M) leaders have accused governing body members of the Neyyattinkara Cooperative Bank of orchestrating a massive fraud. The alleged scheme involves siphoning off crores of rupees through fraudulent loans, gold manipulation, and misuse of chit fund deposits. The scandal has sparked outrage and prompted police investigations, with depositors demanding justice and accountability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com