ADVERTISEMENT

നെയ്യാറ്റിൻകര ∙ വാട്ടർ അതോറിറ്റിയുടെ ജലജീവൻ മിഷൻ പദ്ധതിയും, മഴയും ,അധിക ഭാരവുമായി എത്തുന്ന വാഹനങ്ങളും പെരുങ്കടവിള പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളെയും തകർത്തെറിഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര നടത്തി ജനം മടുത്തു. അധികൃതരോട് ഒട്ടേറെ തവണ പരാതി പറഞ്ഞിട്ടും ഇതുവരെ പരിഹാരമായില്ല.കാക്കണം – ആലത്തൂർ റോഡ്, ഉദിയൻപാറ – പാട്ടവള റോഡ്, മാരായമുട്ടം – മാലകുളങ്ങര സെഹിയോൻ നഗർ റോഡ്, ചുള്ളിയൂർ – കരിക്കത്തുവിള റോഡ്, അയിരൂർ – പുളിമാങ്ങോട് റോഡ്, മണലുവിള ഹൈസ്കൂൾ റോഡ്, അരുവിപ്പുറം ഒടുക്കത്ത് – മാരായമുട്ടം റോഡ്, മാരായമുട്ടം ചിറ്റാറ്റിൻകര റോഡ്, പെരുങ്കടവിള –പഴമല റോഡ്, പഴമല – തെളുക്കുഴി റോഡ്, പഴമല തോട്ടവാരം റോഡ്, ആലത്തൂർ വാഴാലി റോഡ്, കോട്ടയ്ക്കൽ പുതുവൽ പൊറ്റ റോഡ് എന്നിവയാണ് തീരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.

ജല ജീവൻ മിഷന്റെ പേരിൽ പൈപ്പ് സ്ഥാപിക്കൽ മാമാങ്കം നടത്തിയതാണ് റോഡുകൾ പൊട്ടിപ്പൊളിയാൻ കാരണമെന്ന് ജനം ആരോപിക്കുന്നു. നല്ല നിലയിൽ കിടന്ന റോഡുകൾ പോലും ഇപ്പോൾ ഗതികേടിലാണ്. പൈപ്പ് സ്ഥാപിക്കാൻ വേണ്ടിയെടുത്ത കുഴികൾ പലതും റോഡിനു കുറുകെ കീറിയ തോടുകൾ പോലെയാണ്. തുടർച്ചയായി പെയ്ത മഴയിൽ ടാർ പൊളിഞ്ഞു.ഇപ്പോൾ പാകിയിരുന്ന കല്ലുകളും ഒലിച്ചു പോയി വലിയ കുഴികളായി. കാൽനട യാത്രക്കാർ വളരെ കഷ്ടത്തിലാണ്. ഇരുചക്ര വാഹന യാത്രക്കാരും ജീവൻ പണയം വച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്.പൊളിഞ്ഞു കിടക്കുന്ന പല റോഡുകളിലൂടെയും കെഎസ്ആർടിസി നേരത്തെ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ റോഡ് നല്ലതല്ല എന്ന പേരിൽ സർവീസ് നടത്തുന്നില്ലെന്നാണ് ജനത്തിന്റെ ആരോപണം.

കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. വിദ്യാർഥികളെ കയറ്റാൻ സ്കൂൾ ബസുകൾ വളരെ ബുദ്ധിമുട്ടിയാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുന്നതും. രോഗികളും അക്ഷരാർഥത്തിൽ കഷ്ടപ്പെടുകയാണ്.ഫണ്ടിന്റെ അഭാവം ആണ് റോഡുകൾ ടാർ ചെയ്യാൻ കഴിയാത്തതിനു പിന്നിലെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തുമെന്നും അവർ വ്യക്തമാക്കി. അതേസമയം ടാറിങ് നടത്തിയില്ലെങ്കിൽ സമര മാർഗങ്ങളിലേക്ക് തിരിയുമെന്നു കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ, കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള എന്നിവർ അറിയിച്ചു.

English Summary:

Neyyattinkara's Perunkadavila Panchayat is grappling with severely damaged roads, causing immense hardship for residents. While the Jal Jeevan Mission, heavy rainfall, and overloaded vehicles share the blame, the lack of proper roads has crippled transportation, affecting daily commutes, access to healthcare, and even school buses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com