ADVERTISEMENT

തിരുവനന്തപുരം ∙ പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പേരൂർക്കട ഗവ.ജില്ലാ മാതൃക ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാൻ പൊട്ടിവീണു സാരമായി പരുക്കേറ്റു. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്. ചൊവ്വാഴ്ചയായിരുന്നു അപകടം. പനി ബാധിച്ച മകൾ ശാലിനിയുമായി അത്യാഹിതവിഭാഗത്തിൽ എത്തിയതായിരുന്നു ഗീത. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു.അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു.

പരുക്കേറ്റവർക്ക് തുടർചികിത്സ നിഷേധിച്ചെന്ന് പരാതി
തിരുവനന്തപുരം ∙  പേരൂർക്കട ഗവ.ജില്ലാ മാതൃക ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാൻ പൊട്ടിവീണു യുവതിക്കും അമ്മയ്ക്കും പരുക്കേറ്റ സംഭവത്തിൽ ഇരുവർക്കും തുടർചികിത്സ നിഷേധിച്ചെന്നു പരാതി.പ്രമേഹവും ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ള ഗീതയ്ക്ക് ഫാൻ പൊട്ടി വീണ് കണ്ണിൽ പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. കാലിന് പരുക്കേറ്റ ശാലിനിക്ക് എക്സ്റേ എടുത്ത് നൽകാൻ പണം അടയ്ക്കാൻ ആവശ്യപ്പെട്ടതായും തുടർചികിത്സയ്ക്ക് മറ്റ് ഏതെങ്കിലും ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടുവെന്നും ഇവർ പരാതിപ്പെടുന്നു. എന്നാൽ ചികിത്സ നിഷേധിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു. 

അത്യാഹിത വിഭാഗത്തിലെ 8 ഫാനുകളിൽ ഒന്ന് പൊട്ടി വീണായിരുന്നു അപകടം. മുഖത്ത് പരുക്കേറ്റ ഗീതയ്ക്ക് ആശുപത്രിയിൽ തന്നെ തുന്നൽ ഇട്ടു നൽകി. ഫാനിന്റെ ക്ലിപ്പ് ഒടിഞ്ഞ് വീണ് ഉണ്ടായ അപകടമെന്നാണ് ആർഎംഎം നൽകിയ റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിലെ മുഴുവൻ ഫാനും പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഇൻചാർജ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് ഇൻചാർജിനെ കണ്ട് നിവേദനം നൽകി. 

ആശുപത്രിയിൽ സൂപ്രണ്ട് ഇല്ലാതായിട്ട് 6 മാസം
പേരൂർക്കട ആശുപത്രി സൂപ്രണ്ട് മേയിൽ വിരമിച്ചതിനു ശേഷം പുതിയ സൂപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ബി.ഉണ്ണികൃഷ്ണന് സൂപ്രണ്ടിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുകയാണ്. ആറുമാസമായി സൂപ്രണ്ടില്ലാതെയാണ് പ്രവർത്തനം. സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട് എന്നിവരുടെ ജോലികൾ ഒരാൾ ചെയ്യേണ്ട സ്ഥിതിയാണ്.   അത്യാഹിത വിഭാഗത്തിലും വാർഡുകളിലും കാലപ്പഴക്കമുള്ള ഫാനുകളും ലൈറ്റുകളുമാണ് ഉള്ളത്. പുതിയ അത്യാഹിത വിഭാഗം നിർമാണം പൂർത്തിയാക്കിയിട്ടും തുറന്നിട്ടില്ല.

English Summary:

In a shocking incident at Peroorkada Government District Model Hospital, a ceiling fan fell on a mother and daughter seeking treatment, causing severe injuries and raising questions about infrastructure and patient safety in government hospitals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com