കണ്ണൂർ വിസി നിയമനം: സർക്കാർ ഉപയോഗിച്ച തന്ത്രം ഗവർണർ തിരിച്ച് ഉപയോഗിച്ചു: കെ.മുരളീധരൻ
Mail This Article
തിരുവനന്തപുരം ∙ കണ്ണൂർ വിസി പുനർനിയമനത്തിന് സർക്കാർ ഉപയോഗിച്ച തന്ത്രം ഗവർണർ തിരിച്ച് ഉപയോഗിച്ച് സർക്കാരിനെ വെട്ടിലാക്കിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത, ശമ്പള കുടിശ്ശിക, സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാരിനെതിരെ കെപിസിടിഎ, ജിസിടിഒ, കെപിസിഎംഎസ്എ സംഘടനകൾ സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഭരണമാകെ കുത്തഴിഞ്ഞ സാഹചര്യത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മാത്രമല്ല, ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യം മൂലം പല ജീവനക്കാരുടെയും ജീവൻ പോലും അപകടത്തിലായ അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ നിഷേധ സമീപനം മൂലം കോളജ് അധ്യാപകർക്ക് നാളിതുവരെ 10 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ നഷ്ടമായെന്ന് കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ 2 ഗഡു ഡിഎ പ്രഖ്യാപിച്ച് ജീവനക്കാരുടെ കണ്ണിൽ പൊട്ടിയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗ്ലാട്സൺ രാജൻ, കെ.ടി.ദിനേശൻ, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഫാസിൽ അഹമ്മദ് എന്നിവർ സംസാരിച്ചു.