ജലഅതോറിറ്റിയുടെ പിടിപി നഗർ ഓഫിസിൽ ടാങ്കറുകൾ നശിക്കുന്നു..
Mail This Article
തിരുവനന്തപുരം ∙ജലഅതോറിറ്റിയുടെ പിടിപി നഗർ ഓഫിസിൽ ടാങ്കറുകൾ വെറുതെ കിടന്നു നശിക്കുന്നു.ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കേണ്ട ടാങ്കറാണ് ഓട്ടമില്ലാതെ കിടക്കുന്നത്. റജിസ്ട്രേഷൻ പുതുക്കാത്ത മറ്റൊരു ലോറി കാട് പിടിച്ച് നശിക്കുന്നു. ജലഅതോറിറ്റിയുടെ വെള്ളയമ്പലം ആസ്ഥാന ഓഫിസിലെ ഹെൽപ് ലൈനിലാണ് ടാങ്കറിൽ വെള്ളം എത്തിക്കാനായി ജനങ്ങൾ വിളിക്കുന്നത്. മറ്റ് സബ് ഡിവിഷനുകളിൽ ഉള്ള ടാങ്കറുകൾ മുഴുവൻ ഈ ഹെൽപ് ലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പിടിപി നഗർ ഓഫിസിലെ ടാങ്കർ ഹെൽപ് ലൈനുമായി ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ തന്നെ ശുദ്ധജലവിതരണത്തിനായി ടാങ്കർ ഉപയോഗിക്കുന്നത് വളരെ കുറവ്. പിടിപിയിലെ ടാങ്കർ ഇതുമായി ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ സബ് ഡിവിഷനിലേക്ക് എത്തുന്ന അപൂർവം ആവശ്യങ്ങൾക്ക് മാത്രമായി ഇതിന്റെ ഓട്ടം ചുരുങ്ങി. ഇത് മൂലം ജലഅതോറിറ്റിക്ക് കനത്ത വരുമാന നഷ്ടവും ഉണ്ടാകുന്നു. ഓട്ടമില്ലെങ്കിലും ഡ്രൈവർ, ക്ലീനർ എന്നിവർക്ക് വേതനം നൽകണം. അതിനുള്ള പണം പോലും ലഭിക്കുന്നില്ല. ഈമാസം ഒരു തവണ പോലും ഈ ടാങ്കർ വെള്ളം എത്തിക്കാനായി ഉപയോഗിച്ചിട്ടില്ല. ഈ വർഷം ഇതുവരെ 60 ഓട്ടം മാത്രമാണ് നടത്തിയത്. അടിയന്തരമായി വെള്ളയമ്പലത്തെ ഹെൽപ് ലൈനുമായി ടാങ്കറിനെ ബന്ധിപ്പിച്ച് വരുമാനം ഉണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.