റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേള; പങ്കെടുക്കുന്നത് 3285 കുട്ടികൾ
Mail This Article
നെയ്യാറ്റിൻകര ∙ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്കു തുടക്കമായി. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അതിയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ബി.സുനിതാ റാണി, അതിയന്നൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, ഡിഇഒ ഇബ്രാഹിം, എസ്.കെ.അനിൽ കുമാർ, എൻ.എസ്.ശ്രീകല, എസ്.എസ്.ഷാജി, എസ്.ആർ.സുജ കുമാർ, ഡി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി മേളകളാണ് ഇന്നലെ നടത്തിയത്. പ്രവൃത്തി പരിചയ, സാമൂഹിക ശാസ്ത്ര, ഐടി മേളകൾ ഇന്നു നടത്തും. മേള നാളെ സമാപിക്കും.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 3285 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 12 ഉപജില്ലകളിൽ നിന്നായി ശാസ്ത്ര മേളയ്ക്ക് 360 കുട്ടികളും ഗണത ശാസ്ത്ര മേളയിൽ 672 കുട്ടികളും സാമൂഹിക ശാസ്ത്ര മേളയിൽ 550 കുട്ടികളും ഐടി മേളയിൽ 372 പേരും പ്രവൃത്തി പരിചയ മേളയിൽ 1331 കുട്ടികളും പങ്കെടുക്കുന്നുണ്ട്.ഇന്നലെ വർക്കിങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ എന്നിവയുടെ പ്രദർശനമാണു പ്രധാനമായും നടന്നത്.
പ്രാണിയെ പിടിക്കുന്നടെസ്‌ല
ടെസ്‌ല കോയിൽ ഉപയോഗിച്ചു കർഷകർക്കു പ്രാണികളെ തുരത്താൻ കഴിയുന്ന വിദ്യയുമായാണു കല്ലറ ജിവിഎച്ച്എസ്എസ് 10–ാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അംജത്തും എ.എസ്.അഭിജിത്തും മേളയ്ക്കെത്തിയത്. ഫെർമിയോൺ കട്ട മുകളിലായി വച്ചു പ്രാണികളെ ആകർഷിച്ചു പിടിക്കുന്ന തന്ത്രമാണ് ഇവർ അവതരിപ്പിച്ചത്. വർക്കിങ് മോഡലുകളുടെ കൂട്ടത്തിലാണ് ഇത് പ്രദർശിപ്പിച്ചത്. മുണ്ടൻകോട് സെന്റ് ജോൺസ് എച്ച്എസ്എസിലെ ഡബ്ല്യു.എസ്.ജീവൻദാസ്, കെ.കെ.റോഷൻ എന്നീ എട്ടാം ക്ലാസ് വിദ്യാർഥികൾ ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്രവർത്തനം ഉദാഹരണം സഹിതം കാണിച്ചു.
മുന്നിൽ കിളിമാനൂർ ഉപജില്ല
ആദ്യ ദിവസത്തെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ റവന്യു ജില്ലാ ശാസ്ത്രമേളയിൽ 401 പോയിന്റുമായി കിളിമാനൂർ ഉപജില്ല മുന്നിൽ. 375 പോയിന്റുമായി കാട്ടാക്കട ഉപജില്ല രണ്ടാമതും 355 പോയിന്റുമായി ആറ്റിങ്ങൽ ഉപജില്ല മൂന്നാമതുമാണ്. 349 പോയിന്റുമായി ആതിഥേയരായ നെയ്യാറ്റിൻകര ഉപജില്ല നാലാം സ്ഥാനത്താണ്.
കൃഷിക്ക് എഐ കാവൽ
കൃഷിയിടങ്ങൾക്കു എഐയുടെ കരുതൽ. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരായ സഞ്ജന എസ്.മൂർത്തിയും എസ്.ആർ.പവനുമാണു നിർമിത ബുദ്ധിയുടെ സഹായത്തോടെ കൃഷിഭൂമികൾക്കു കാവലൊരുക്കുന്ന വിദ്യ കണ്ടെത്തിയത്. മണ്ണിന്റെ സ്വഭാവം ഏത് കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്താനും ഇത് സഹായിക്കും. കുളങ്ങളിലെ രാസമാലിന്യ സാന്നിധ്യം കണ്ടെത്താനും നിർമിത ബുദ്ധി സഹായിക്കുമെന്നു വിദ്യാർഥികൾ അവകാശപ്പെട്ടു. മണ്ണിൽ അലിഞ്ഞ് ചേരുന്ന പ്ലാസ്റ്റിക് നിർമിക്കുന്ന പ്രോജക്‌ടുമായാണ് നെടുവേലി ഗവ. എച്ച്‌എസിലെ വിദ്യാർഥികളായ നക്ഷത്രയും പ്രതീക്ഷയും എത്തിയത്. വെള്ളം, അസറ്റിക് ആസിഡ്, ഗ്ലിസറിൻ, സ്റ്റാർച്ച് എന്നിവ ഉപയോഗിച്ചാണ് ബയോപ്ലാസ്റ്റിക് നിർമിക്കുന്നത്. ഇവയെല്ലാം കൂടി 70 ഡിഗ്രിയിൽ ചൂടാക്കും. ഇത് തണുപ്പിച്ചാണ് ബയോപ്ലാസ്റ്റിക് നിർമിക്കുന്നത്.
മാലിന്യം ആദ്യം കളയാം
മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ഒട്ടേറെ മാതൃകകളാണു സ്റ്റിൽ മോഡലുകളുടെ പ്രദർശനത്തിലുണ്ടായിരുന്നത്. നെല്ലിക്കാട് സെന്റ് ഫിലിപ്പ് എസ്എസ്കെ വിദ്യാർഥികളായ അഭിനവ് , അദ്വൈത് എന്നിവർ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ മോഡൽ അവതരിപ്പിച്ചു.
വേലിയിലെഅലാം
വന്യജീവി സംഘർഷം അതിർത്തി മേഖലകളിൽ സ്ഥിരം തലവേദനയായതോടെ എന്ത് ചെയ്യാമെന്ന ആലോചനയിൽ നിന്നാണു മാറനല്ലൂർ ഡിവിഎംഎൻഎൻഎം എച്ച്എസ്എസിലെ സൂര്യനാരായണൻ , എസ്.എസ്.അഭിജിത് എന്നിവരുടെ മനസ്സിൽ സോളർ അനിമൽ ഡിറ്റക്‌ഷൻ സംവിധാനത്തെ കുറിച്ചുള്ള ആശയം തെളിഞ്ഞത്. സോളർ ഫെൻസിങ്ങിനോടൊപ്പം മൃഗങ്ങൾ വേലിക്കടുത്ത് എത്തിയാൽ അലാം സിഗ്‌നലും ലഭിക്കുന്ന സംവിധാനമാണു വിദ്യാർഥികൾ ഒരുക്കിയത്.
സ്ത്രീകൾക്കു കൂട്ടാകാൻകീചെയിൻ
സ്ത്രീ സുരക്ഷ ഉപകരണമായ സേഫ്റ്റി കീചെയിനിന്റെ മാതൃകയാണു നെയ്യാറ്റിൻകര ഗവ.ജിഎച്ച്എസ്എസിലെ ഐശ്വര്യ ദേവിയും അനന്യ കൃഷ്ണനുമാണ് ഇത് തയാറാക്കിയത്. ചെറിയ ക്യാമറ, റേഞ്ച് ഇല്ലാത്ത സ്ഥലമാണെങ്കിൽ ഉയർന്നു പൊങ്ങുന്ന ബലൂൺ തുടങ്ങി വിപുലമായ സംവിധാനത്തിന്റെ ആശയമാണു ഒരു ചെറിയ കീചെയിനിൽ ഇവർ ഉൾപ്പെടുത്താൻ കഴിയുമെന്നു ചൂണ്ടിക്കാട്ടുന്നത്.
കാറിൽ ചവിട്ടിപ്പോകാം
ഡ്രൈവറില്ലാത്ത സോളർ കാറാണു കാഞ്ഞിരംകുളം ജിഎച്ച്എസിലെ 8–ാം ക്ലാസുകാരായ സനൂഷും അശ്വിനും വികസിപ്പിച്ചത്. കാറിന്റെ മുന്നിലെ രണ്ട് ക്യാമറകളാണു കണ്ണുകൾ. സൈക്കിൾ ചവിട്ടുന്നതു പോലെ ചവിട്ടി നീക്കാവുന്ന കാറാണു അരുവിക്കര ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എസ്.അഭിജിതും എ.ആർ.ശിവനന്ദും നിർമിച്ചത്. 2 മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. സൈക്കിൾ ചവിട്ടുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഊർജം ബാറ്ററിയിൽ ശേഖരിക്കും.
ഉരുൾപൊട്ടലിനൊരു മുന്നറിയിപ്പ്
വയനാട്ടിലെ ഉരുൾപൊട്ടലുകളുടെ പശ്ചാത്തലത്തിൽ ലാൻഡ് സ്ലൈഡ് ഡിറ്റക്‌ഷൻ സംവിധാനമാണു സഹോദരിമാരായ എ.ആർ.അഷ്ടമിയും എ.ആർ.അക്ഷരയും വികസിപ്പിച്ചത്. സെൻസറുകളുടെ സഹായത്തോടെ മണ്ണിലെ ഈർപ്പവും മഴയുടെ അളവും കണക്കിലെടുത്തു പ്രവർത്തിക്കുന്ന സംവിധാനം മുന്നറിയിപ്പ് സന്ദേശം മൊബൈൽ വഴി ലഭ്യമാക്കും. ചിറയിൻകീഴ് എസ്എസ്‌വി ജിഎച്ച്എസ്എസിലെ വിദ്യാർഥികളാണ് അഷ്ടമിയും അക്ഷരയും.
കരുതലിന്റെ മരുന്നു ശാസ്ത്രം
പ്രായമായവർക്കു മരുന്നു എടുത്ത് കൊടുക്കുന്ന ജോലി ഒരു മെഷീൻ എളുപ്പമാക്കിയാൽ എങ്ങനെയുണ്ടാകുമെന്നതിന്റെ പരീക്ഷണമാണു പൂന്തുറ സെന്റ് ഫിലോമിനാസ് ജിഎച്ച്എസ്എസിലെ അഞ്ജന എസ്.മേനോനും എസ്.അസ്ന ഫാത്തിമയും തയാറാക്കിയത്. ഓട്ടമാറ്റിക് മെഡിസിൻ ഡിസ്പെൻസർ പ്രവർത്തിക്കുന്നതും കംപ്യൂട്ടറിൽ ഫീഡ് ചെയ്യുന്ന കോഡുകൾ വഴിയാണ്. എൽസിഡി ഡിസ്പ്ലേയിൽ ഏതു സമയത്തെ എത്ര മരുന്നാണു കഴിക്കേണ്ടതെന്ന് എഴുതി കാണിക്കും.
സ്മാർട്ട് റെയിൽവേ
സ്മാർട് റെയിൽവേ സ്റ്റേഷന്റെയും ഓട്ടമാറ്റിക് ലവൽ ക്രോസിന്റെയും മാതൃകയാണു പട്ടം ഗേൾസ് ഹൈസ്കൂളിലെ ജെ.എസ്.നേഹയും നന്ദിതയും അവതരിപ്പിച്ചത്. ട്രെയിൻ വരുന്നതിനു മുന്നോടിയായി േഗറ്റുകൾ തനിയെ അടയും. ത്രീ ഡീ ലേസർ ഹോളോഗ്രാം വിദ്യയാണു കോട്ടൺ ഹിൽ സ്കൂളിലെ എ.എസ്.അക്ഷയയും സേറാ മരിയയും വികസിപ്പിച്ചത്.