ADVERTISEMENT

പാലൈ, മുല്ലൈ... 

ധനുവച്ചപുരം ഗവ.ഗേൾസ് എച്ച്എസിലെ എട്ടാം ക്ലാസുകാരായ അമേയ, അഭിരാമി എന്നിവർ തമിഴ് ഭാഷയിലെ അതി പ്രാചീന ഗാനകൃതികളായ സംഘ സാഹിത്യത്തിൽ ഭൂപ്രകൃതിക്കനുസരിച്ച് തമിഴകത്തെ അഞ്ചായി വിഭജിച്ചിരുന്നതിന്റെ ആവിഷ്കാരമാണ് അവതരിപ്പിച്ചത്. കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തൽ എന്നിങ്ങനെ അഞ്ചായാണു ഇവയെ തിരിച്ചിരുന്നത്. നെയ്യാറ്റിൻകര ജിജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എ.ആർ.അലീന, വിശ്വപ്രിയ എന്നിവരും പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിസ്മയ ചന്ദ്രനും ജി.പി.പ്രജന്യയും. സമാനമായ സ്റ്റിൽ മോഡൽ നിർമിച്ചു. 

തഴക്കത്തോടെ തഴപ്പായ നിർമാണം
തഴപ്പായ നിർമാണം, മുള കൊണ്ടുള്ള കരകൗശല വസ്തുക്കൾ മുള കൊണ്ട് ഏണിയും കസേരയും വരെ വിദ്യാർഥികൾ നിർമിച്ചു. ക്ലേ മോഡലിങ്ങിൽ ഹൈസ്കൂൾ വിഭാഗത്തിന് കഥകളിയും ഹയർ സെക്കൻഡറി വിഭാഗത്തിനു വീണ വായിക്കുന്ന പെൺകുട്ടിയുമായിരുന്നു വിഷയം.  ഫാബ്രിക് പെയ്ന്റിങ് , ചോക്ക് നിർമാണം, കുട്ട നിർമാണം, ഓല കൊണ്ട‌ുള്ള വസ്തുക്കൾ തുടങ്ങി വിദ്യാർഥികളിലെ ഭാവനയും കഴിവും പുറത്തെടുത്തവയായിരുന്നു പ്രവൃത്തി പരിചയ മേളയിലെ മത്സരയിനങ്ങൾ.  പാരമ്പര്യ തൊഴിലുകളായ നെയ്ത്ത്, തഴപ്പായ നിർമാണം എന്നിവ അന്യം നിന്നു പോയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു വിവിധ വസ്തുക്കൾ തയാറാക്കുന്നതിലെ കുട്ടികളുടെ വേഗവും കയ്യടക്കവും. 

തിരുവനന്തപുരം ജില്ല പ്രവൃത്തിപരിചയ 
മേളയിലെ മത്സരത്തിൽ നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി/ 
മനോരമ.
തിരുവനന്തപുരം ജില്ല പ്രവൃത്തിപരിചയ മേളയിലെ മത്സരത്തിൽ നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി/ മനോരമ.

പാവയിലൂടെ കൃഷ്ണവേണിക്ക് പറയാനേറെ
നെയ്യാറ്റിൻകര∙കേൾക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള പത്താം ക്ലാസ് വിദ്യാർഥി ആർ.പി.കൃഷ്ണവേണിയുടെ കൈകൾ തുന്നുന്ന പാവകൾക്കു നമ്മളോട് ഒരുപാട് കഥകൾ പറയാനുണ്ട്. അച്ഛനും അമ്മയും കൈക്കുഞ്ഞും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ചേർന്ന പാവ കുടുംബത്തിനാണു നിമിഷങ്ങൾ കൊണ്ടു പ്രവൃത്തി പരിചയ മേളയിൽ ഇന്നലെ കൃഷ്ണവേണി രൂപം നൽകിയത്.


പാവ നിർമാണ മത്സരത്തിൽ പങ്കെടുക്കുന്ന നെല്ലിമൂട് എൻഎച്ച്എസ്എസിലെ ആർ.പി.കൃഷ്ണവേണി. കേൾവി വെല്ലുവിളി നേരിടുന്ന വിദ്യാർഥിയാണ്
പാവ നിർമാണ മത്സരത്തിൽ പങ്കെടുക്കുന്ന നെല്ലിമൂട് എൻഎച്ച്എസ്എസിലെ ആർ.പി.കൃഷ്ണവേണി. കേൾവി വെല്ലുവിളി നേരിടുന്ന വിദ്യാർഥിയാണ്

ചിത്രരചനയിലുള്ള കൃഷ്ണവേണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ നെല്ലിമൂട് എച്ച്എസ്എസിലെ അധ്യാപകരാണു പാവനിർമാണത്തിലേക്കു  വഴിതിരിച്ചു വിട്ടത്. കഴിഞ്ഞവർഷം ജില്ലാ ശാസ്ത്രമേളയിൽ നാലാംസ്ഥാനവും എ ഗ്രേഡും നേടിയിരുന്നു .നർത്തകി കൂടിയാണു ഈ മിടുക്കി. എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിൽ ജൂനിയർ സൂപ്രണ്ടായ രാജ് കുമാറിന്റേയും പ്രിജിയുടേയും മകളാണ്. സഹോദരൻ നിരഞ്ജൻ  

ഓർമയിലുണ്ട്, വയനാട് 
നെയ്യാറ്റിൻകര ∙വയനാട് ഉരുൾപൊട്ടൽ വിദ്യാർഥികളിൽ വലിയ സ്വാധീനം ചെലുത്തിയെന്നാണു ഇത്തവണത്തെ ജില്ലാ സ്കൂൾ ശാസ്ത്രമേള തെളിയിക്കുന്നത്. സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ മത്സരത്തിൽ ഉരുൾപൊട്ടൽ മേഖല ഒട്ടേറെ ടീമുകളാണ് പുനരാവിഷ്കരിച്ചത് . ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥികളായ ബി.സി.അമൃത, പി.എസ്.ഭവ്യ എന്നിവർ ഒരു പടി കൂടി കടന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളും ബെയ്‌ലി പാലം വരെയും നിർമിച്ചു. ഉരുൾപൊട്ടലിനു മുൻപുള്ള താഴ്‌വരയും കെട്ടി‌‌ടങ്ങളും ഇവർ പുനരാവിഷ്കരിച്ചു. 


ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട മോഡലുമായി ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസിലെ പി.എസ്.ഭവ്യയും 
ബി.സി.അമൃതയും. മാസങ്ങൾക്കു മുൻപ് നടന്ന വയനാട് ഉരുൾപൊട്ടലിന്റെ നിശ്ചലദൃശ്യമാണ് ഇവർ ഒരുക്കിയത്.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട മോഡലുമായി ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസിലെ പി.എസ്.ഭവ്യയും ബി.സി.അമൃതയും. മാസങ്ങൾക്കു മുൻപ് നടന്ന വയനാട് ഉരുൾപൊട്ടലിന്റെ നിശ്ചലദൃശ്യമാണ് ഇവർ ഒരുക്കിയത്.

അറിയാം, മണ്ണിടിയും മുൻപ്
നെയ്യാറ്റിൻകര∙ വലിയ തോതിലുള്ള മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനമാണ് കടുവാപ്പള്ളി കെടിസിടി ഹയർ സെക്കൻഡറി സ്കൂളിലെ ആർദ്ര ഹരീഷും ആദിൽ മുഹമ്മദും ചേർന്ന് അവതരിപ്പിച്ചത്. സെൻസറുകളുടെ സഹായത്തോടെയാണ്    പ്രവർത്തനം.  ഓരോ സ്ഥലത്തെയും പ്രാദേശിക ഭാഷ കൂടി ഉൾപ്പെടുത്തിയ അറിയിപ്പാണു ലഭിക്കുക. കാണികൾക്ക് ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ വയനാട്ടിലെ വെള്ളാർമല ഗവ. സ്കൂൾ ഉൾപ്പെടെ ഇവർ ഒരുക്കി. സാറ്റലൈറ്റിന്റെ സഹായത്തോടെ പ്രകൃതി ദുരന്തങ്ങൾ കണ്ടെത്തുന്ന സംവിധാനത്തെയാണ് തുണ്ടത്തിൽ എംവി ഹയർ സെക്കൻഡറി സ്കൂളിലെ ഗായത്രിയും പ്രതിഭയും ചേർന്ന് അവതരിപ്പിച്ചത്. 

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട മോഡലുമായി നെയ്യാറ്റിൻകര ജി.വി എച്ച്എസ്എസിലെ എ.ആർ.അലീനയും 
വിശ്വപ്രിയയും.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട മോഡലുമായി നെയ്യാറ്റിൻകര ജി.വി എച്ച്എസ്എസിലെ എ.ആർ.അലീനയും വിശ്വപ്രിയയും.

 ഷെഫ് മാസ്റ്റേഴ്സ്
നെയ്യാറ്റിൻകര∙പ്രവൃത്തി പരിചയ മേളയിൽ പാചക മത്സരത്തിൽ  പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ മികച്ചു. വെള്ളനാട് ഗവ.ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി ഗോവിന്ദ് മീൻ വിഭവങ്ങളിൽ തിളങ്ങിയപ്പോൾ ക്രൈസ്റ്റ് നഗർ സ്കൂളിലെ 11–ാം ക്ലാസ് വിദ്യാർഥി റഹാൻ ചപ്പാത്തി, പനീർ, പൈനാപ്പിൾ ജാം എന്നിവയും നെടുവേലി എച്ച്എസ്എസിലെ 11–ാം ക്ലാസ് വിദ്യാർഥി അർജുൻ കൃഷ്ണ പുട്ട്,

വെറൈറ്റി ദോശ എന്നിവയും തയാറാക്കി. വെള്ളറട വിപിഎം എച്ച്എസ്എസിലെ അഭിനവ് സാമുവലും മത്സരത്തിനുണ്ടായിരുന്നു.  മിന്നൽവേഗത്തിൽ വിഭവങ്ങൾ തയാറാക്കുന്നതിൽ പെൺകുട്ടികൾ മുന്നിട്ടുനിന്നു . കാന്താരി അൽഫാം, പൊറോട്ട റോൾ തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളാണു പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിലെ 10–ാം ക്ലാസുകാരി എൻ.ഫർസാന ഉണ്ടാക്കിയത്. ഫർസാനയ്ക്കാണ് ഒന്നാംസമ്മാനവും. 

ഹിമാലയൻ ചരിത്രം
വെള്ളനാട് ജിഎച്ച്എസിലെ വി.എസ്.എബിനും ആർ.എസ്.വിഘ്നേഷും ഹിമാലയം രൂപപ്പെട്ടതിന്റെ ചരിത്രം രേഖപ്പെടുത്തിയപ്പോൾ സൂര്യനും കാലങ്ങളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതു എങ്ങനെയാണെന്ന് എൻഎസ്എസ് എച്ച്എസ്എസ് ചൊവ്വള്ളൂരിലെ വിഷിണുപ്രിയയും അനഘയും കാണിച്ചു തന്നു. നദീതട സംസ്കാരങ്ങൾ രൂപപ്പെട്ടതു സംബന്ധിച്ച സ്റ്റിൽ മോഡലുകളാണു കല്ലറ ജിവിഎച്ച്എസ്എസിലെ 9–ാം ക്ലാസിൽ പഠിക്കുന്ന സഹോദരിമാരായ സങ്കീർത്തനയും കീർത്തനയും അവതരിപ്പിച്ചത്. 


വെങ്കലയുഗ സംസ്കാരത്തിന്റെ മോഡലുമായി കല്ലറ 
ജിവിഎച്ച്എസിലെ ബി.കീർത്തനയും എസ്.സങ്കീർത്തനയും.
വെങ്കലയുഗ സംസ്കാരത്തിന്റെ മോഡലുമായി കല്ലറ ജിവിഎച്ച്എസിലെ ബി.കീർത്തനയും എസ്.സങ്കീർത്തനയും.

ബിഗ് ‘ഐഡിയ’ ബെൻ
ലണ്ടനിലെ ബിഗ് ബെൻ ക്ലോക്കിന്റെ മാതൃകയാണു െവള്ളറട എച്ച്എസ്എസിലെ സുരഭി എ.സുരേഷും എം.ആർ.അനൂജയും ഒരുക്കിയത്. ഒന്നര മാസം കൊണ്ടാണ് പ്രത്യേക തരം ഷീറ്റ് ഉപയോഗിച്ച് അവർ ഈ മാതൃക തീർത്തത്. 

വിസ്മയം, ക്ഷേത്ര നിർമിതി
തമിഴ്നാട്ടിലെ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെ മാതൃകയുമായിട്ടാണ് വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ശിവാനി മനോജും എസ്.ഗ്രീഷ്മയും മേളയ്ക്ക് എത്തിയത്. ആദ്യ കാലത്ത് തിരുവുടയാൻ കോവിൽ എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിന് രാജരാജേശ്വരം ക്ഷേത്രം എന്നും പേരുണ്ട്. 11–ാം നൂറ്റാണ്ടിൽ കരിങ്കല്ലിൽ തീർത്ത ഈ ക്ഷേത്രത്തിന്റെ നിർമാണത്തിലെ വൈദഗ്ധ്യം മൂലം ക്ഷേത്രത്തിന്റെ വശങ്ങളിൽ നിഴൽ പതിയില്ല. 

വിഷുവം ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ അസ്തമയ സൂര്യൻ കടന്നു പോകുന്നതിന്റെ മാതൃകയുമായി  കാർമൽ എച്ച്എസ്എസിലെ എസ്.സമീര നായരും അന്ന റിയ എസ്. ഡൊമിനിക്കും.
വിഷുവം ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ അസ്തമയ സൂര്യൻ കടന്നു പോകുന്നതിന്റെ മാതൃകയുമായി കാർമൽ എച്ച്എസ്എസിലെ എസ്.സമീര നായരും അന്ന റിയ എസ്. ഡൊമിനിക്കും.

രഹസ്യങ്ങളുടെ വാതിൽ തുറന്ന് വിഷുവം 
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിലുകളിലൂടെ സൂര്യ പ്രകാശം കടന്നു പോകുന്ന അപൂർവ പ്രതിഭാസമായ വിഷുവത്തിന്റെ മാതൃകയാണു തിരുവനന്തപുരം കാർമൽ ഹയർസെക്കൻഡറി സ്കൂളിലെ എസ്.സമീരാ നായരും അന്ന റിയാ എസ്.ഡൊമിനിക്കും ചേർന്നു തയാറാക്കിയത്. വർഷത്തിൽ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചയുടെ മാതൃകയാണു 11–ാം ക്ലാസ് വിദ്യാർഥികളായ ഇരുവരും അവതരിപ്പിച്ചത്. 

പ്രാചീനസ്മരണ
പ്രാചീനകാലത്തെ മഹാശിലാ സ്മാരകങ്ങളാണു കോട്ടൺഹിൽ സ്കൂളിലെ 10ാം ക്ലാസിലെ ഇരട്ട സഹോദരിമാരായ രാജശ്രീയും രൂപശ്രീയും നിർമിച്ചത്. നന്നങ്ങാടി, മുനിയറ, കുടക്കല്ല്, കൽതൊട്ടി, നാട്ടുകല്ല്, തൊപ്പിക്കല്ല്, കൽവളയം പരേതരുടെ സ്മരണയ്ക്കു കൂറ്റൻ കല്ലുകൾ കൊണ്ടു നിർമിച്ചവയുടെ മാതൃകയാണ് ഇവർ നിർമിച്ചത്. 

ആറ്റിങ്ങൽ ഉപജില്ല ചാംപ്യന്മാർ
നെയ്യാറ്റിൻകര∙ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ 1198 പോയിന്റ് നേടി ആറ്റിങ്ങൽ ഉപജില്ല ചാംപ്യന്മാരായി. 1103 പോയിന്റ് നേടിയ കാട്ടാക്കട ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 1083 പോയിന്റോടെ തിരുവനന്തപുരം സൗത്ത് മൂന്നാമതെത്തി. 348 പോയിന്റ് നേടിയ ആറ്റിങ്ങൽ ഗവ. എച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 295 പോയിന്റ് നേടിയ ഭരതന്നൂർ ഗവ.എച്ച്എസ്എസ് രണ്ടാം സ്ഥാനവും 289 പോയിന്റ് നേടിയ കടുവായിൽ കെടിസിടി ഇഎം എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. 

തിരക്കേറി മേള, ആശയക്കുഴപ്പവും
നെയ്യാറ്റിൻകര∙ഏകോപന കുറവും പാർക്കിങ് ലഭ്യത കുറവിലും വലഞ്ഞു വിദ്യാർഥികളും രക്ഷിതാക്കളും. പ്രവൃത്തി പരിചയ മേള നടന്ന ഇന്നലെ നെല്ലിമൂട് ന്യു എച്ച്എസ്എസിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ വളപ്പിൽ വാഹന പാർക്കിങിന് ആവശ്യത്തിനു സ്ഥലമില്ലാതെ വന്നതോടെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു.

ദൂരെ നിർത്തിയ വാഹനങ്ങളിൽ നിന്നു മത്സരത്തിനുള്ള സാമഗ്രികളുമായി സ്കൂളിലെത്താൻ വിദ്യാർഥികൾ പണിപ്പെട്ടു. എവിടെ ഏതു മുറിയിലാണ് മൽസരം നടക്കുന്നതെന്നു കൃത്യമായി മറുപടി നൽ‌കാൻ വോളന്റിയർമാർക്കും എൻസിസി കേഡറ്റുകൾക്കും കഴിഞ്ഞില്ല. കൃത്യമായ ഏകോപനമില്ലാത്തതു ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നു മാതാപിതാക്കൾ പറഞ്ഞു.

English Summary:

This article highlights the successes and challenges of a bustling Work Experience Fair held in Neyyattinkara, Kerala. Despite parking and logistical difficulties, students impressed with diverse projects ranging from ancient Tamil literature models to landslide prediction systems and intricate craft demonstrations. The event showcased the creativity and ingenuity of young minds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com