മുണ്ടേല രാജീവ്ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം ക്രമക്കേട്; ബന്ധുക്കളുടെ പേരിൽ കോടികളുടെ വായ്പകൾ
Mail This Article
തിരുവനന്തപുരം∙ അരുവിക്കര മുണ്ടേല രാജീവ്ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘം പ്രസിഡന്റായിരുന്ന എം.മോഹനകുമാർ വസ്തുക്കൾ ഇൗടായി ഗഹാൻ റജിസ്റ്റർ ചെയ്ത് വിവിധ ആൾക്കാരുടെ പേരിൽ 32 വായ്പകളിലായി 1.68 കോടി രൂപ ഈടാക്കിയതിന് പുറമേ ബന്ധുക്കളും ബെനാമികളും ജീവനക്കാരിൽ ചിലരും സമാന രീതിയിൽ വായ്പ എടുത്തിട്ടുണ്ടെന്ന് സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സഹകരണ ബാങ്കുകളിൽ വായ്പ എടുക്കുമ്പോൾ ജാമ്യമായി നൽകുന്ന ഈടാണ് ഗഹാൻ. വസ്തു ഇൗടായി നൽകി ബന്ധുക്കളുടെയും മറ്റ് ആൾക്കാരുടെയും പേരിൽ ലക്ഷങ്ങളും കോടികളും ആണ് വായ്പ എടുത്തിരിക്കുന്നത്. ഇതുകൂടാതെ, മോഹനകുമാറിന്റെ പേരിലുള്ള വസ്തുവിന്റെ വിവരങ്ങൾ രേഖപ്പെടുത്തി 77 ലക്ഷം രൂപയുടെ 6 ഗഹാനുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത് ഏതൊക്കെ വായ്പ, എംഡിഎസുകൾക്ക് ആണെന്ന് സംഘം രേഖകളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.
മറ്റ് കണ്ടെത്തലുകൾ
∙ മോഹനകുമാറിന്റെ ഭാര്യ സുധാദേവിയുടെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 10 വായ്പകളിലായി 52 ലക്ഷം രൂപ നൽകി. ഇതുകൂടാതെ ഇൗ വസ്തുവിന്റെ വിവരങ്ങൾ രേഖപ്പെടുത്തി 19 ലക്ഷം രൂപയുടെ 4 ഗഹാനും റജിസ്റ്റർ ചെയ്തു.
∙ മോഹനകുമാറിന്റെ ഭാര്യാ സഹോദരൻ സതീഷ് കുമാറിന്റെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 46 വായ്പകളിലായി 2.41 കോടി രൂപ നൽകി. ഇൗ വസ്തുവിന്റെ വിവരങ്ങൾ രേഖപ്പെടുത്തി 40 ലക്ഷം രൂപയുടെ 5 ഗഹാനുകളും റജിസ്റ്റർ ചെയ്തു.
∙ സംഘം സെക്രട്ടറിയും മോഹനകുമാറിന്റെ സഹോദരന്റെ ഭാര്യയുമായ രാഖിയുടെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 10 വായ്പകളിലായി 35 ലക്ഷം രൂപ നൽകി. രാഖിയുടെ ഭർത്താവ് എം.ജയചന്ദ്രന്റെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 25 വായ്പകളിലായി 1.33 കോടി രൂപ നൽകി.
∙ ജീവനക്കാരൻ വി.എസ്.ദിനുചന്ദ്രന്റെ ഭാര്യയുടെയും മാതാവിന്റെയും വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 16 വായ്പകളിലായി 77.65 ലക്ഷം രൂപ നൽകി.
∙ സംഘം ജീവനക്കാരൻ എ.എസ്.സുനിൽ കുമാറിന്റെ വസ്തുക്കളും മാതാവിന്റെയും സഹോദരിയുടെയും വസ്തുക്കളും ഇൗടായി ഗഹാൻ പതിച്ച് 35 വായ്പകളിൽ 1.62 കോടി രൂപ നൽകി
∙ സംഘം ജീവനക്കാരി എസ്.ചിഞ്ചുവിന്റെ ഭർത്താവ് ഒ.എസ്.ബൈജുവിന്റെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 4 വായ്പകളിലായി 24 ലക്ഷം രൂപ നൽകി.
∙ സംഘം താൽക്കാലിക ജീവനക്കാരി രജനി എ.പ്രഭയുടെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 7 വായ്പകളിലായി 45 ലക്ഷം രൂപ നൽകി.
∙ മോഹനകുമാർ പ്രസിഡന്റായ മറ്റൊരു സഹകരണ സംഘത്തിലെ ജീവനക്കാരൻ എസ്.ശ്രീകുമാരൻ നായരുടെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 15 വായ്പകളിലായി ഒരു കോടി രൂപ അനുവദിച്ചു. ഇതു കൂടാതെ 20 ലക്ഷം രൂപയുടെ ഗഹാനും പതിച്ചിട്ടുണ്ട്.
∙ മോഹനകുമാറിന്റെ സഹോദരൻ എം.സോമനാഥന്റെ വസ്തുക്കൾ ഇൗടായി ഗഹാൻ പതിച്ച് 8 വായ്പകളിൽ 37.50 ലക്ഷം രൂപ.