ശാസ്‌ത്രോത്സവത്തിനു സമാപനം: സമ്മാനം ഏറ്റുവാങ്ങി ചാംപ്യന്മാർ
Mail This Article
നെയ്യാറ്റിൻകര∙ പ്രതിഭകൾ മാറ്റുരച്ച ജില്ലാ ശാസ്‌ത്രോത്സവത്തിനു സമാപനം. 1198 പോയിന്റ് നേടി ഓവറോൾ ചാംപ്യന്മാരായ ആറ്റിങ്ങൽ ഉപജില്ലയും സമ്മാനാർഹരായ മറ്റ് ഉപജില്ലകളും സ്കൂളുകളും ട്രോഫികൾ ഏറ്റുവാങ്ങി. സ്‌കൂളുകളിൽ 348 പോയിന്റ് നേടി ആറ്റിങ്ങൽ ഗവ.എച്ച്എസ്എസ് ഫോർ ഗേൾസാണു ഒന്നാമതെത്തിയത്. സാമൂഹികശാസ്ത്രമേളയിൽ 90 പോയിന്റുമായി തിരുവനന്തപുരം സൗത്തും കിളിമാനൂരുമാണ് ചാംപ്യൻമാർ. 37 പോയിന്റുമായി ന്യൂ എച്ച്എസ്എസ് നെല്ലിമൂടും കെടിസിടി ഇഎംഎച്ച്എസ്എസ് കടുവായിലും മികച്ച സ്‌കൂളുകളായി. ഐടി മേളയിൽ 110 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ചാംപ്യൻമാരായി. 45 പോയിന്റ് സ്വന്തമാക്കിയ നിർമല ഭവൻ ഗേൾസ് എച്ച്എസ്എസ് ആണ് മികച്ച സ്‌കൂൾ.
പ്രവൃത്തിപരിചയമേളയിൽ 712 പോയിന്റ് നേടി ആറ്റിങ്ങൽ ഉപജില്ല ചാംപ്യൻമാരായി. 251 പോയിന്റ് നേടിയ ആറ്റിങ്ങൽ ഗവ.എച്ച്എസ്എസ് ഫോർ ഗേൾസാണ് മികച്ച സ്‌കൂൾ. ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഉപജില്ലയും ഗണിതശാസ്ത്രമേളയിൽ കിളിമാനൂരും ചാംപ്യൻമാരായി. നെല്ലിമൂട് ന്യൂ എച്ച്എസ്എസിൽ നടന്ന സമാപന സമ്മേളനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ അധ്യക്ഷനായിരുന്നു. സി.എസ്.അജിത, എസ്.കെ.അനിൽകുമാർ, എഇഒ കവിതാ ജോൺ, എൻ.എസ്.ശ്രീകല,ഡിഇഒ ബി.ഇബ്രാഹിം, ആർ.വിദ്യാ വിനോദ്, പ്രകാശ് പോരേടം, ആർ.എസ്.സുനിൽകുമാർ, റെനീഷ് വിൽസൻ, ഇ.ലോർദാൻ, ഷംനാദ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ശാസ്ത്ര മേള:ലോഗോ പ്രകാശനം ചെയ്തു
നവംബർ 14 മുതൽ 17 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ലോഗോ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജ് അവസാനവർഷ എംഎ ഇംഗ്ലിഷ് വിഭാഗം വിദ്യാർഥി റജൂൺ രമേഷ് ആണ് ലോഗോ രൂപകൽപന ചെയ്തത്.