നേമം സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നടപടി: 11 പേർക്ക് സസ്പെൻഷൻ; 2 പേരെ പുറത്താക്കി
Mail This Article
നേമം ∙ നേമം സർവീസ് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതിയിലെ 13 അംഗങ്ങളിൽ 11 പേരെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു. 2 പേരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കി. മുൻ സെക്രട്ടറിമാരും ഭരണസമിതി അംഗങ്ങളുമായ എ.ആർ.രാജേന്ദ്രൻ, എസ്.ബാലകൃഷ്ണൻ നായർ എന്നിവരെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇന്നലെ ചേർന്ന സിപിഎം നേമം ഏരിയ കമ്മിറ്റിയോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം നടപ്പാക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ യോഗത്തിൽ പങ്കെടുത്തു. സിപിഎം നേമം ഏരിയ കമ്മിറ്റി അംഗം ആർ.പ്രദീപ് കുമാർ ഉൾപ്പെടെയുള്ള ഭരണ സമിതി അംഗങ്ങളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
അഴിമതി സംബന്ധിച്ച് സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം തീരുന്നതുവരെയാണ് സസ്പെൻഷൻ. റിപ്പോർട്ട് വന്ന ശേഷം കുറ്റക്കാർക്കെതിരെ തുടർനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അതിനിടെ, ബാങ്കിൽ പൊലീസിന്റെ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചു. തട്ടിപ്പ് സംബന്ധിച്ച് നേമം പൊലീസിന് ഇതുവരെ 280 പരാതികൾ ലഭിച്ചു. 90 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മന്ത്രിക്ക് നിവേദനം നൽകി
മക്കളുടെ വിവാഹത്തിനും പഠനത്തിനും ചികിത്സയ്ക്കുമായി നേമം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ മന്ത്രി വി.എൻ.വാസവനെ സന്ദർശിച്ച് നിവേദനം നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി മറുപടി നൽകി . നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി എസ്.മുജീബ് റഹ്മാൻ, കൈമനം സുരേഷ് എന്നിവരാണ് മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്. സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർക്കും നിവേദനം നൽകി.
വിശ്വാസ വഞ്ചന, പ്രലോഭിപ്പിച്ച് ചതിയിൽപ്പെടുത്തുക, സംഘംചേർന്ന് കുറ്റകൃത്യം നടത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യണമെന്ന് സാധു സംരക്ഷണ സമിതി ചെയർമാൻ ശാന്തിവിള സുബൈർ ആവശ്യപ്പെട്ടു.
നേമത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻസ് തങ്ങളുടെയും അംഗ സംഘടനകളുടെയും നിക്ഷേപം തിരികെ നൽകാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പുമന്ത്രി, മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർക്ക് നിവേദനം നൽകി.