സ്മാർട്ട് സിറ്റി പദ്ധതി അറ്റകുറ്റപ്പണി; തിരുവനന്തപുരം നഗരത്തിൽ 2 ദിവസം ജലവിതരണം മുടങ്ങും
Mail This Article
തിരുവനന്തപുരം ∙ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിൽ ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ജലവിതരണം തടസ്സപ്പെടും. ജല അതോറിറ്റി ബ്രാഞ്ച് ലൈനുകൾ ആൽത്തറ വഴുതക്കാട് റോഡിൽ പുതുതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പണിയാണ് നടത്തുന്നത്. നാളെ രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ 8 വരെയാണ് ജലവിതരണം തടസ്സപ്പെടുന്നത്. 30 പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.
പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്ററിന് സമീപത്തെ പ്രദേശങ്ങൾ, പിഎംജി, ലോ കോളജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡിപിഐ ജംക്‌ഷൻ പ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല ഭാഗങ്ങളിൽ ജല വിതരണം പൂർണമായും തടസ്സപ്പെടും. ജനറൽ ആശുപത്രി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, കുമാരപുരം, അണമുഖം, കണ്ണമൂല എന്നിവിടങ്ങളിൽ രണ്ടു ദിവസം ഭാഗികമായും ജല വിതരണത്തിൽ തടസ്സം നേരിടും. മുൻപ് പുതിയ ലൈൻ ചാർജ് ചെയ്യുന്ന പണി ദിവസങ്ങളോളം നീണ്ടത് തലസ്ഥാനവാസികളെ വലച്ചിരുന്നു. ഇത് ആവർത്തിക്കാതെയിരിക്കാൻ മുൻകരുതലോടെയാണ് ജലഅതോറിറ്റി അറ്റകുറ്റപ്പണി നടത്തുന്നത്. കൃത്യ സമയത്ത് പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയായാലും ജലവിതരണം പൂർണ തോതിലാക്കാൻ പിന്നെയും കാലതാമസം നേരിടും.