മെഷീനുകൾ ഇല്ല: വിഴിഞ്ഞത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി നീളുന്നു
Mail This Article
വിഴിഞ്ഞം∙ തീരദേശത്ത് ആരംഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതിയോടനുബന്ധിച്ച(എംആർഎഫ്) മന്ദിരം സജ്ജമായെങ്കിലും മെഷീനുകൾ എത്താത്തതിനാൽ പ്രവർത്തനാരംഭം വൈകുന്നു. അദാനി തുറമുഖ കമ്പനിയുടെ സിഎസ്ആർ ഫണ്ട്,വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ),നഗരസഭ എന്നിവ ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ യന്ത്രങ്ങൾ വാങ്ങി നൽകേണ്ടത് ക്ലീൻ കേരള മിഷൻ ആണ്. പണം ലഭ്യമാകാത്തതിനാൽ യന്ത്രസന്നാഹങ്ങൾ വാങ്ങാനാകുന്നില്ലെന്നു ക്ലീൻ കേരള മിഷൻ അധികൃതർ പറയുന്നു. അതേസമയം ഒരു കോടി 10 ലക്ഷത്തോളം വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ ഏകദേശം പണവും നൽകി കഴിഞ്ഞതായി ബന്ധപ്പെട്ടവർ പറഞ്ഞു.
കോർപറേഷൻ, വിസിൽ അധികൃതർക്ക് ഇതു സംബന്ധിച്ചു കത്തു നൽകി കാത്തിരിക്കെയാണെന്നു ക്ലീൻ കേരള മിഷൻ അധികൃതർ വിശദീകരിച്ചു. നടത്തിപ്പ് ക്ലീൻ കേരള മിഷനും പരിപാലനം നഗരസഭയ്ക്കുമാണ്. വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷൻ റോഡിനു വശത്താണ് പദ്ധതി വരുന്നത്. നഗരസഭ വിഴിഞ്ഞം മേഖലയിലെ 5 വാർഡുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ച് പുനരുപയോഗിക്കുന്നതാണ് പദ്ധതി. കട്ടകളായി മാറ്റുന്ന പ്ലാസ്റ്റിക് റോഡ് ടാറിങ്ങിനും തരികളുടെ രൂപത്തിലുള്ളവ മറ്റ് ഉൽപന്നങ്ങളാക്കി മാറ്റുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെന്റർ (എംആർഎഫ്) എന്ന പേരിലാണ് പദ്ധതി. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം ഹാർബർ എൻജിനീയറിങ് വകുപ്പ് നഗരസഭയ്ക്ക് ലഭ്യമാക്കിയ 15 സെന്റ് സ്ഥലത്താണ് പദ്ധതി. പ്രതിദിനം ഒരു ടൺ പ്ലാസ്റ്റിക് പൊടിയാക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. പ്രദേശവാസികളായ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം നഗരസഭയ്ക് വരുമാനവും ലഭിക്കുമെന്നതാണ് നേട്ടമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിനും ശാശ്വത പരിഹാരമാകുമെന്നതു മറ്റൊരു നേട്ടം.