വിഴിഞ്ഞം തുറമുഖം: ചരക്കുനീക്കത്തിന് കണ്ടെയ്നർ റെയിൽ ടെർമിനൽ സംവിധാനം
Mail This Article
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തേക്കുള്ള റെയിൽ കണക്ടിവിറ്റി യാഥാർഥ്യമാകും വരെ ബദൽ മാർഗമായി കണ്ടെയ്നർ റെയിൽ ടെർമിനൽ(സിആർടി) സംവിധാനം ഏർപ്പെടുത്താൻ നീക്കം. നിലവിൽ തുറമുഖ നിർമാണം പൂർത്തിയാകുന്ന 2028ൽ മാത്രമേ തുറമുഖത്തേക്കു നേരിട്ടുള്ള റെയിൽ കണക്ടിവിറ്റി സാധ്യമാകൂ. അതുവരെയുള്ള ചരക്കു നീക്കം വേഗത്തിലാക്കാനാണ് സിആർടി സംവിധാനമെന്ന് അധികൃതർ അറിയിച്ചു. ഗുഡ്സ് ട്രെയിനിൽനിന്നു ഇറക്കുന്ന കണ്ടെയ്നറുകളെ ട്രെയിലറുകളിൽ തുറമുഖത്തേയ്ക്ക് എത്തിക്കുന്നതാണ് ബദൽ പദ്ധതി.
ഒരു ഗുഡ്സിൽ ശരാശരി 70 മുതൽ 80 വരെ കണ്ടെയ്നറുകൾ എത്തിക്കാനാകുമെന്നും ഇത്തരത്തിൽ രണ്ടോ മൂന്നോ ഗുഡ്സ് ഒരേ സമയം എത്താനാകുമെന്നും അധികൃതർ കണക്കു കൂട്ടുന്നു. തുറമുഖത്തുനിന്നു ഇത്തരത്തിൽ കണ്ടെയ്നറുകളെ തിരിച്ചു ഗുഡ്സിലേയ്ക്കും കൊണ്ടുവരാനാകും. കണ്ടെയ്നറുകൾ ഇറക്കി സൂക്ഷിക്കുന്നതിനും ഷണ്ടിങ് യഡുകൾക്കായും അധിക സ്ഥലം വേണം എന്നതാണ് പ്രധാനം. തിരുവനന്തപുരം സൗത്ത് ( നേമം), നെയ്യാറ്റിൻകര എന്നീ സ്റ്റേഷനുകളോട് അനുബന്ധിച്ചാണ് ഇതു സംബന്ധിച്ച പരിശോധനകൾ റെയിൽവേ അധികൃതർ തുടങ്ങിയിട്ടുള്ളത്.
തുറമുഖ പുലിമുട്ടിൽ ലിക്വിഡ് ബെർത്തും
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തെ പുലിമുട്ടിനോടനുബന്ധിച്ചു പണിയുന്ന വിവിധോദ്യേശ്യ ചെറു ബെർത്തുകളിൽ ലിക്വിഡ് കാർഗോ ബെർത്തും വരും. ഭക്ഷ്യ എണ്ണ, ഇന്ധനം തുടങ്ങിയവ കരയിലേക്ക് എളുപ്പത്തിൽ പമ്പു ചെയ്തു ടാങ്കുകളിൽ സംഭരിക്കുന്നതു ലക്ഷ്യമിട്ടുള്ളവതാണിത്.
എംഎസ്‌സി വിവിയാന ഇന്നെത്തും
വിഴിഞ്ഞം∙കേരളപ്പിറവി ദിനമായ ഇന്നു രാജ്യാന്തര തുറമുഖ ബെർത്തിലെത്താനുള്ള കണ്ടെയ്നർ ഭീമൻ എംഎസ്‌സി വിവിയാന എന്ന കപ്പൽ ഇന്നലെ പുറം കടലിൽ എത്തി.