പാറശാല താലൂക്ക് ആശുപത്രിക്ക് ബഹുനില മന്ദിരം ഉയരുന്നു
Mail This Article
പാറശാല∙ആതുര സേവനത്തിനു ആധുനിക സംവിധാനങ്ങളുമായി പാറശാല താലൂക്ക് ആശുപത്രി. 49 കോടി ചെലവിട്ട് നാലു നിലകളിലായി 85000 ചതുരശ്ര അടിയിൽ നിർമിക്കുന്ന പുതിയ മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം ജനുവരി 1ന് മുഖ്യമന്ത്രി നിർവഹിക്കും. ആയിരക്കണക്കിനു പേർ ചികിത്സ തേടി എത്തുന്ന സംസ്ഥാന അതിർത്തിയിലെ ഗവ ആശുപത്രി നേരിട്ടിരുന്ന പ്രധാന പ്രശ്നം സ്ഥല പരിമിതി ആയിരുന്നു. പുതിയ മന്ദിരം യാഥാർഥ്യമാകുന്നതോടെ കിടത്തി ചികിത്സാ വിഭാഗം ഒഴിച്ചുള്ളവ ഇവിടെ പ്രവർത്തിക്കും. താഴത്തെ നിലയിൽ വിശാലമായ ട്രോമാ കെയർ സംവിധാനത്തോടു കൂടിയ അത്യാഹിത വിഭാഗം, ഒന്നാം നിലയിൽ ഗൈനക്കോളജി, ഒപ്ത്താൽമോളജി ഇഎൻടി, ശിശുരോഗ വിഭാഗം, സർജറി, ഒാർത്തോ പല്ല്, നേത്ര വിഭാഗം ഒപികൾ പ്രവർത്തിക്കും.
രണ്ടാം നിലയിൽ വിപുലമായ ലബോറട്ടറി ചെറിയ തിയറ്ററും, നാലാം നിലയിൽ ആധുനിക സംവിധാനത്തോടു കൂടിയ മൂന്നു മോഡ‍്യുലാർ ഒാപ്പറേഷൻ തിയറ്ററും ഒരുക്കിയിട്ടുണ്ട്. നക്ഷത്ര റേറ്റിങ്ങുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രം പരിചിതമായ മൊഡ്യുലാർ വിഭാഗത്തിൽ പെട്ട ഒരു തിയറ്ററിന്റെ നിർമാണ ചെലവ് അരക്കോടി രൂപ ആണ്. ആധുനിക സംവിധാനങ്ങളോടെ ആണ് ലബോറട്ടറികളിലും സജ്ജമാക്കിയിരിക്കുന്നത്. പുതിയ മന്ദിരത്തിനൊപ്പം മൂന്നു കോടി രൂപ ചെലവിട്ട് ഒരുക്കിയ പുതിയ ഡയാലിസിസ് യൂണിറ്റിൽ പതിനാലു രോഗികൾക്ക് ഒരേ സമയം ചികിത്സ നടത്താൻ കഴിയും. നിലവിലുള്ള ആറെണ്ണം കൂടി ചേർക്കുമ്പോൾ ഇരുപത് പേർക്ക് വീതം രണ്ട് ഷിഫ്റ്റിലായി നാൽപതു പേർക്ക് ചികിത്സ ലഭിക്കും.
തമിഴ്നാട്ടിൽ നിന്ന് അടക്കം ചികിത്സ തേടി എത്തുന്ന പാറശാല ആശുപത്രി വികസനത്തിനു മൂന്നു ഘട്ടങ്ങളിലായി 153 കോടി രൂപയുടെ മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുണ്ടെന്ന് ആശുപത്രി നവീകരണത്തിന്റെ അമരക്കാരനായ സി.കെ ഹരീന്ദ്രൻ എംഎൽഎയുടെ വിശദീകരണം. രണ്ടാം ഘട്ടത്തിൽ കിടത്തി ചികിത്സാ വിഭാഗം നിർമാണത്തിനായി 55 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
പുതിയ മന്ദിരം പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് അപകടങ്ങളിൽ അടക്കം പരുക്കേൽക്കുന്നവർക്ക് അടിയന്തിര ചികിത്സ ഒരുക്കുന്ന ട്രോമാകെയർ സംവിധാനം ആരംഭിക്കും. പുതിയ മന്ദിര ഉദ്ഘാടത്തിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇന്നലെ ഉച്ചയ്ക്കു പാറശാലയിൽ സി.കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ തദ്ദേശ സ്ഥാപന ഭാരവാഹികൾ, ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.