കായൽപ്പുറം ജല പദ്ധതി പരിസരത്ത് ജലക്ഷാമം
Mail This Article
ഇലകമൺ∙ പഞ്ചായത്തിലെ ഏറ്റവും വലിയ പ്രാദേശിക ജലവിതരണ പദ്ധതി നിലകൊള്ളുന്ന കായൽപ്പുറം വാട്ടർ സപ്ലൈ സ്കീമിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മഴക്കാലത്തും ജലക്ഷാമമെന്നു പരാതി. ഉയർന്ന സ്ഥലങ്ങളിലെ വീട്ടുകാർക്കു വെള്ളത്തിനു വേണ്ടി അഞ്ചു ദിവസം വരെ കാത്തിരിക്കണമെന്ന സ്ഥിതിയാണ്. ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വർഷങ്ങൾക്കു മുൻപേ ആസൂത്രണം ചെയ്ത പദ്ധതി നവീകരണം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്കു പ്രധാന കാരണം.
പഞ്ചായത്തിലെ പകുതിയോളം വാർഡുകളിൽ ഈ സ്കീമിൽ നിന്നുള്ള ജലമാണ് എത്തുന്നത്. നീരുറവയെ ആധാരമാക്കിയുള്ള പദ്ധതിയിൽ ആവശ്യത്തിന് വെള്ളമുണ്ട്. ജലജീവൻ മിഷൻ പദ്ധതിയിൽ മേഖലയിൽ ഗാർഹിക കണക്‌ഷനുകൾ കൂടിയപ്പോൾ ആനുപാതികമായി സംഭരണവും പൈപ്പ് ലൈൻ വിതരണ ശേഷിയും ഉയർത്താനായില്ല. ഒരു ദശാബ്ദം മുൻപ് ആസൂത്രണം ചെയ്ത പദ്ധതികൾ ഇപ്പോഴും നടപ്പാക്കാനായിട്ടില്ലെന്നു ഇലകമൺ പഞ്ചായത്ത് കോൺഗ്രസ് പാർലിമെന്ററി നേതാവ് വിനോജ് വിശാൽ പറയുന്നത്.
അടുത്തകാലത്ത് ഉദ്ഘാടനം ചെയ്ത പഞ്ചായത്തിലെ പള്ളിത്തൊടി ജലവിതരണ പദ്ധതിയും പരാജയമാണെന്നാണ് സൂചന. പഞ്ചായത്തിലെ തോണിപ്പാറ, ഹരിഹരപുരം, കെടാകുളം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം കാണുന്നതിനു 2.90 കോടി രൂപ ചെലവിലാണിത് ആവിഷ്കരിച്ചത്