ADVERTISEMENT

തിരുവനന്തപുരം∙ ലക്ഷങ്ങളുടെ കള്ളനോട്ട് നിർമിച്ചു വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർ ചമഞ്ഞു വ്യാപക തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെ(47) ആണ് കന്യാകുമാരിയിലെ ഹോട്ടലിൽനിന്നു തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മോഷ്ടിച്ചെടുത്ത 4 മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തു.  തമ്പാനൂർ, കഴക്കൂട്ടം, തലശ്ശേരി, എറണാകുളം റെയിൽവേ സ്റ്റേഷൻ , ഗോവ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, കോടമ്പാക്കം തുടങ്ങി പതിനഞ്ചോളം പൊലീസ് സ്റ്റേഷനുകളിലെ കള്ളനോട്ട് കേസുകളിൽ പ്രതിയാണ്. ഒക്ടോബർ 1ന് തമ്പാനൂർ, മെഡിക്കൽകോളജ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ കള്ളനോട്ട് നൽകി തട്ടിപ്പു നടത്തുകയും 3 ടാക്സി ഡ്രൈവർമാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

തമ്പാനൂരിലെ ഹോട്ടലിലും കഴക്കൂട്ടത്തു ടാക്സി ഡ്രൈവർക്കും 500രൂപയുടെ 20 നോട്ടുകൾ വീതവും മെഡിക്കൽ കോളജിലെ ഹോട്ടലിൽ 500 രൂപയുടെ 5 കള്ളനോട്ടുകളും നൽകി തട്ടിപ്പ് നടത്തി. ഹോമിയോ ഡോക്ടർ  എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നോട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ ജീവനക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരുനെൽവേലിയിലെ വാടക വീട്ടിൽവച്ചാണ് പ്രതി കള്ളനോട്ടുകൾ പ്രിന്റ് ചെയ്തത്. 

യാത്ര പൊലീസിനെ വെട്ടിച്ച് 
1ന് തിരുനെൽവേലിയിൽനിന്ന് എത്തിയ സഞ്ജയ് വർമ, തമ്പാനൂരിലും മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിലും കള്ളനോട്ട് നൽകി തട്ടിപ്പു നടത്തിയതിയെന്ന പരാതി ലഭിച്ചതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.  ഒട്ടേറെ തട്ടിപ്പുകേസുകളിലെ പ്രതിയായ സഞ്ജയ് വർമയാണ് ഇതെന്നു കണ്ടെത്തി. 2ന് വൈകിട്ട് 3ന് ആണ് കഴക്കൂട്ടത്ത് ടാക്സിയിൽ ബാർ ഹോട്ടലിൽ എത്തി ഡ്രൈവർക്കു മദ്യം വാങ്ങി നൽകി.

ശേഷം 10,000 രൂപയുടെ കള്ളനോട്ടുകൾ നൽകി പകരം തുക അക്കൗണ്ടിലേക്ക് തിരികെ വാങ്ങി തട്ടിപ്പ് നടത്തി. പിന്നീട് കർണാടകയിലേക്കു കടന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ പ്രതി അവിടെയും കള്ളനോട്ടുകൾ കൈമാറി. തുടർന്ന് കന്യാകുമാരിയിലേക്ക് കടന്നു. മൊബൈൽ ഫോൺ ട്രാക്ക് ചെയ്തെത്തിയ തമ്പാനൂർ എസ്എച്ച്ഒ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  ഇന്നലെ പുലർച്ചെ  പ്രതിയെ പിടികൂടുകയായിരുന്നു.

ചെലവഴിച്ചത് ചൂതാട്ട കേന്ദ്രങ്ങളിൽ 
ആഡംബര ജീവിതത്തിനായി സഞ്ജയ് വർമ നിർമിച്ച കള്ളനോട്ടിൽ അധികവും ചെലവഴിച്ചത് ചൂതാട്ട കേന്ദ്രങ്ങളിൽ. ഗോവയിലെ സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ചൂതാട്ടത്തിലെ പ്രധാന കണ്ണിയാണ് സഞ്ജയ് വർമയെന്നും തമ്പാനൂർ പൊലീസ് പറഞ്ഞു. സഞ്ജയ് സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ടാക്സി ഡ്രൈവർമാരിൽനിന്നു മോഷ്ടിച്ച ഫോണുകളും സിമ്മുകളും മാറി മാറി ഉപയോഗിക്കുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.

English Summary:

A man impersonating a doctor has been apprehended in Thiruvananthapuram for circulating counterfeit currency worth lakhs across multiple states. Sanjay Varma, the accused, targeted hotels and taxi drivers with fake Rs. 500 notes. Police investigations reveal his involvement in gambling and a history of similar fraudulent activities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com