മുതലപ്പൊഴി: ഇടിച്ചു കയറിയ ബാർജ് വീണ്ടും കുഴപ്പത്തിൽ; കെട്ടിവലിച്ചുകൊണ്ടു പോകുന്നതിനിടെ വടം പൊട്ടി, ബാർജ് മുങ്ങുന്നു
Mail This Article
കഴക്കൂട്ടം ∙ മുതലപ്പൊഴിയിൽ പുലിമുട്ടുകൾക്കിടയിലേക്ക് ഇടിച്ചു കയറിയ ബാർജ് വിഴിഞ്ഞത്തേക്ക് ഉരുക്കു വടം കെട്ടി വലിച്ചു കൊണ്ടു പോകുന്നതിനിടെ വടം പൊട്ടി തുമ്പ തീരക്കടലിൽ മുങ്ങിത്താഴുന്നു. മണൽത്തിട്ടയിൽ തട്ടിയതിനു ശേഷമാണ് ബാർജ് മുങ്ങിയത്. ബാർജ് വിലങ്ങനെ കിടക്കുന്നതിനാൽ മത്സ്യബന്ധനത്തിന് തടസ്സമാകുകയാണ്. ഇന്നലെ പുലർച്ചെ മുതൽ മുങ്ങിത്താഴാൻ തുടങ്ങിയ ബാർജിനെ ഇതു വരെ നീക്കം ചെയ്തിട്ടില്ല. ഇതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായി.
ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് തുമ്പ പള്ളിക്കു സമീപം തീരക്കടലിൽ ബാർജ് എത്തിയത്. രാവിലെ ബാർജിന്റെ 20% കടലിൽ മുങ്ങിയ നിലയിൽ ആയിരുന്നു. രാത്രി ആയപ്പോൾ ഏതാണ്ട് 80 ശതമാനവും കടലിൽ മുങ്ങിത്താണ നിലയിലാണ്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു വേണ്ട കല്ലുകൾ കയറ്റാനും പെരുമാതുറ അഴിമുഖത്തിന്റെ ആഴം കൂട്ടാനുമായിട്ടാണ് ബാർജിനെ മുതലപ്പൊഴിയിൽ എത്തിച്ചത്. എന്നാൽ ബാർജ് കേടായി ഏതാനും മാസങ്ങൾ മുതലപ്പൊഴിയിൽ കിടന്നു.
കഴിഞ്ഞ മാസം 12ന് മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ബാർജിനെ ഏറെ പണിപ്പെട്ടാണ് അവിടെ നിന്നു നീക്കിയത്. കഴിഞ്ഞ രാത്രി ഉരുക്കു വടം ഉപയോഗിച്ച് കെട്ടി വലിച്ച് വിഴിഞ്ഞത്തേക്കു കൊണ്ടു പോകവേയാണ് വടം പൊട്ടി തുമ്പ തീരത്തിനു സമീപം എത്തിയത്. അടിയന്തരമായി ബാർജിനെ ഇവിടെ നിന്നു മാറ്റാൻ നടപടി എടുക്കണം എന്ന് നാട്ടുകാർ വിഴിഞ്ഞം തുറമുഖ അധികൃതരോടും തീരദേശ സേനയോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
കമ്പ വലകൾ (കരമടി) ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്ന നാൽപതോളം പരമ്പരാഗത മത്സ്യ തൊഴിലാളികൾ തുമ്പ മേഖലയിലുണ്ട്. ബാർജ് തീരക്കടലിൽ താണാൽ തങ്ങളുടെ വള്ളത്തിനും വലയ്ക്കും കേടുപാടുകൾ പറ്റുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. രാത്രികാലങ്ങളിൽ വള്ളത്തിലും ബോട്ടിലും ഇതു വഴി കടന്നു പോകുന്നവർ ബാർജിൽ തട്ടി അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. എത്രയും വേഗം ബാർജിനെ കടലിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് അതിനാൽ ബാർജിനെ ഇവിടെ നിന്നു മാറ്റാനുള്ള നടപടികൾ ഉടൻ ഉണ്ടാകണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ബാർജ് അടിയന്തരമായി എടുത്തു മാറ്റണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് അനിൽ ആബേൽ എന്നിവർ ആവശ്യപ്പെട്ടു. മുംബെയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബാർജാണ് ഇതെന്നും എത്രയും വേഗം കടലിൽ നിന്നു നീക്കം ചെയ്യണമെന്നു കമ്പനിയോട് ആവശ്യപ്പെട്ടതായും അദാനി ഗ്രൂപ്പ് അറിയിച്ചു. കടലിലൂടെയും മറ്റും ചരക്കു (ഇപ്പോൾ ആൾക്കാരെയും) കൊണ്ടു പോകാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന നീളമുള്ള, പരന്ന അടിഭാഗമുള്ള കപ്പലാണ് ബാർജ്.