ADVERTISEMENT

പാലോട്∙വാമനപുരം നദിക്കു കുറുകെ ചെല്ലഞ്ചിപാലത്തെ ബന്ധിപ്പിച്ചു മുതുവിള നിന്നും നന്ദിയോട്ടേക്കുള്ള റോഡ് നവീകരണത്തിന് 56 കോടിയുടെ ഭരണാനുമതി മൂന്ന് വർഷങ്ങൾക്ക് മുൻപ് ലഭിച്ചെങ്കിലും പദ്ധതി നടക്കില്ലെന്ന് സൂചന. 10മീറ്റർ വീതിയിലുള്ള റോഡ് വികസനം നടക്കില്ലെന്നും പദ്ധതി ഉപേക്ഷിച്ചു എന്നുമാണ് അറിയുന്നത്. ഏറ്റെടുക്കുന്ന സ്വകാര്യ വസ്തുവിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് റോഡ് വികസനം നടക്കാതെ പോകുന്നത്. ഭരണാനുമതി ലഭിച്ചിട്ട് മൂന്ന് വർഷം തികഞ്ഞു. 2021 നവംബറിലാണ് ഭരണാനുമതി ലഭിച്ചത്.

അടിയന്തരമായി പണി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും പ്രഖ്യാപനം മാത്രമല്ലാതെ ഒരു എർത്ത് വർക്കും നാളിതുവരെ നടന്നിട്ടില്ല. 10മീറ്റർ വീതിയിലുള്ള റോഡിൽ ഏഴുമീറ്റർ ടാറിങും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും ട്രാഫിക് സിഗ്നലുകളും സുരക്ഷാ സംവിധാനങ്ങളും അടക്കമാണ് വിഭാവനം ചെയ്ത റോഡ് നവീകരണം. മുതുവിള നിന്ന് ആരംഭിച്ച് പരപ്പിൽ, ചെല്ല‍ഞ്ചി,ആർ.എസ്.പുരം, പേരയം, കുടവനാട്, ആനക്കുഴി, പാലുവള്ളി, കള്ളിപ്പാറ, നന്ദിയോട് വഴിയായിരുന്നു റോഡിന്റെ റൂട്ട് നിശ്ചയിച്ചത്.

∙സാധ്യതകൾ ഏറെ
അനന്ത സാധ്യതകളുണ്ടായിരുന്ന റോഡാണ് ഉപേക്ഷിക്കുന്നത്. പൊൻമുടിയെയും വർക്കല പാപനാശത്തെയും എളുപ്പത്തിൽ ബന്ധിപ്പിക്കാം. വെഞ്ഞാറമൂട്, പാലോട്, വിതുര, നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് വിവിധ പഞ്ചായത്തുകളിലെ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ഗതാഗത സർവീസുകൾ നടത്താൻ കഴിയും. പൊൻമുടി, മങ്കയം, കല്ലാർ, വർക്കല എന്നീ മേഖലകള ബന്ധിപ്പിച്ചു കണക്ടഡ് ടൂറിസവും ആരംഭിക്കാനും മനോഹാരിതയുടെ ചെല്ലഞ്ചിഗ്രാമം അതിന്റെ ഇടത്താവളവുമാക്കി മാറ്റാനും കഴിയും. കല്ലറ നന്ദിയോട് പഞ്ചായത്തുകളെ പ്രത്യക്ഷത്തിൽ ബന്ധിപ്പിക്കാനും പുല്ലമ്പാറ, മാണിക്കൽ, പാങ്ങോട്, നെല്ലനാട്, പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളെ പരോക്ഷമായി ബന്ധിപ്പിക്കാനും റോഡ് സഹായിക്കും. 

ഏറെ ഗതാഗത പ്രാധാന്യമുള്ളത് കൂടിയാണ് ഈ റോഡ്. നന്ദിയോട് പഞ്ചായത്തിലെ പ്രധാനപ്പെട്ടതും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും അടക്കം അനവധി സർവീസുകൾ നടത്തുന്ന സുപ്രധാന റൂട്ടാണ്. നന്ദിയോട് കടുവപ്പാറയിലെ  പാലം പൊളിഞ്ഞു കിടന്നപ്പോൾ നന്നാക്കാത്തിന് കാരണം പറഞ്ഞത് പ്രസ്തുത റോഡ് പണി ഉടൻ നടക്കും എന്ന നിലയിലായിരുന്നു. നിലവിൽ ഈ റോഡ് വലിയ ദുർഘടാവസ്ഥയിലാണ്.

English Summary:

Hopes for a crucial road connecting Muthuvila and Nandiyode in Palode have been dashed as a ₹56 crore renovation project has been effectively abandoned.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com