തലസ്ഥാനത്ത് ‘സൂര്യോ’ദയം; തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് നടൻ സൂര്യ, കാണാനെത്തിയത് നൂറു കണക്കിന് ആരാധകർ
Mail This Article
തിരുവനന്തപുരം∙ തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് നടൻ സൂര്യ. നിശാഗന്ധിയിൽ താരത്തെ കാണാനായി എത്തിയത് നൂറു കണക്കിന് ആരാധകർ. ആരാധകർ എന്നതിലുപരി തന്നെ കാണാനെത്തിയവരോട് രക്തബന്ധത്തെക്കാൾ വലിയ ബന്ധമെന്നു സൂര്യ പറഞ്ഞു. തന്റെ ആദ്യ സിനിമ ‘നേർക്ക് നേർ’ ഇവിടെ ഷൂട്ട് ചെയ്യുന്ന സമയത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ഇപ്പുറം തന്നെ കാണാനായി എത്തിയ വലിയ ജനക്കൂട്ടത്തെ ഈശ്വരന്റെ അനുഗ്രഹമായി കാണുന്നു. ദൈവമെന്നാൽ സ്നേഹമാണ്. ഇവരുടെ സ്നേഹത്തിന് മറ്റൊന്നും പകരമാകില്ല. നിങ്ങളാണ് സൂര്യയെ സൂര്യയാക്കി മാറ്റിയത്.
ഇരുചക്ര വാഹനങ്ങളിൽ എത്തിയവർ സുരക്ഷിതരായി മടങ്ങാൻ ശ്രദ്ധിക്കണമെന്നും പെൺകുട്ടികൾ സുരക്ഷിതരായി വീടുകളിൽ എത്തിയെന്ന് ഉറപ്പാക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. പുതിയ ചിത്രം ‘കങ്കുവ’യുടെ റീലീസിന്റെ ഭാഗമായാണ് സൂര്യ എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മറ്റ് അഭിനേതാക്കളും പങ്കെടുത്തു. ചടങ്ങിനിടെ രാജാജി നഗറിലെ യുവാക്കൾ സൂര്യയുടെ ‘അയൻ’ എന്ന ചിത്രത്തിലെ ഗാനരംഗം സൂര്യയ്ക്കു മുന്നിൽ അവതരിപ്പിച്ചു. 4 വർഷം മുൻപ് ഇവർ ഈ ഗാനം റിക്രിയേറ്റ് ചെയ്തിരുന്നു. അന്ന് അത് സൂര്യ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അന്നത്തെ ടീം വീണ്ടുമെത്തിയപ്പോൾ സൂര്യ ഓടിയെത്തി ടീം അംഗങ്ങളെ അഭിനന്ദിച്ചു.