കൈക്കൂലി വാങ്ങിയതടക്കം കേസുകൾ; പൂന്തുറ സ്റ്റേഷനിൽനിന്ന് തെറിച്ചത് 3 പൊലീസ് ഉദ്യോഗസ്ഥർ
Mail This Article
തിരുവനന്തപുരം∙ കൈക്കൂലിക്കേസിലടക്കം കുടുങ്ങി അഞ്ചു മാസത്തിനിടയിൽ പൂന്തുറ പൊലീസ് സ്റ്റേഷനിൽ നിന്ന് തെറിച്ചത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ. ക്രിമിനൽ കേസ് പ്രതിക്കു വേണ്ടി വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ചു പാസ്പോർട്ട് എടുത്തു നൽകിയ സംഘത്തിൽ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങി സിപിഒയും വിഗ്രഹമോഷണക്കേസിൽ പങ്കുണ്ടെന്നു സംശയിച്ച് മുൻ പൂജാരിയെ ക്ഷേത്രത്തിൽ കയറി പിടികൂടിയ സംഭവത്തിൽ എസ്എച്ച്ഒ, എസ്.ഐ എന്നിവരുമാണ് നടപടി നേരിട്ടത്. കൈക്കൂലി കേസിൽ സിപിഒക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ക്രിമിനൽ കേസുകളിൽ പ്രതിയായ സായൂജിന്റെ വെരിഫിക്കേഷൻ ക്ലിയർ ചെയ്യാൻ 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണു സിപിഒക്ക് എതിരായ കുറ്റം.
2023 ഡിസംബറിൽ ആയിരുന്നു സംഭവം. വിവിധ കേസുകളിൽ പ്രതിയായതിനാൽ വള്ളക്കടവിലെ വിലാസത്തിൽ ആധാർകാർഡ് നിർമിച്ചാണു സായൂജിന്റെ പേരിൽ പാസ്പോർട്ടിന് അപേക്ഷ നൽകിയത്. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ നിന്നു വെരിഫിക്കേഷനു വേണ്ടി പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. പാസ്പോർട്ട് വെരിഫിക്കേഷൻ ഓഫിസറായ സിപിഒ സ്ഥലത്തു പോയി അന്വേഷണം നടത്താതെ ഒന്നാം പ്രതി സുനിൽകുമാറിൽ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങി പാസ്പോർട്ട് വെരിഫിക്കേഷൻ ക്ലിയറൻസ് അയച്ചു നൽകുകയായിരുന്നു.
പൂന്തുറ ഉച്ചമാടൻ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ മോഷണക്കേസിൽ പങ്കുണ്ടെന്നു സംശയിച്ച് മുൻ പൂജാരി അരുണിനെ എഡിജിപി എം.ആർ. അജിത് കുമാർ ട്രസ്റ്റ് അംഗമായ മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ നിന്നു പിടികൂടി കൊണ്ടുപോയ സംഭവത്തിലാണ് മുൻ എസ്എച്ച്ഒ, എസ്ഐ എന്നിവരെ സ്ഥലംമാറ്റിയത്. മൂന്നു മാസം കഴിഞ്ഞപ്പോൾ പൂജാരി അരുൺ മണക്കാട് ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പിടിയിലായി. ഇതോടെ ഉദ്യോഗസ്ഥർക്ക് എതിരായ തുടർ നടപടികൾ മരവിപ്പിച്ചു.